Saturday, 1 April 2017

നോവ്

ദുഃഖമില്ലാത്തൊരു വരിയെഴുതാനായ്
കടംചൊല്ലി ഞാനീ കടലിനോട്
തിരകള്‍നിന്‍ ചിരിയെന്ന് വെറുതെ നിനച്ചുഞാന്‍
ഒരുവരി വീണ്ടും കുറിച്ചിടുമ്പോള്‍
തലതല്ലി സങ്കടം മുഴുമിക്കാനാകാതെ
കരയുന്നു വീണ്ടും കടങ്കഥയാല്‍
മുത്തുകളല്ല ചിതറുവതീത്തിര
കണ്ണുനീര്‍ത്തുള്ളിയാം സങ്കടങ്ങള്‍
കാര്‍മുകില്‍ നീയെന്‍റെ മനസ്സിലായ് പെയ്യുമോ
ഒരു തുള്ളിമോഹത്തിന്‍ തേന്‍കുടങ്ങള്‍
ഉപ്പല്ല കണ്ണുനീര്‍ കടംകൊണ്ടതാണിവള്‍
ഉള്‍ച്ചുഴിച്ചുറ്റിലെ നോവകറ്റാന്‍
ചുട്ടുപഴുത്തൊരാ മുഖവുമായ് മാരനും
സന്ധ്യക്കുചുംബിച്ചുപോയിടുമ്പോള്‍
ചുറ്റുമിരുളുമായ് സങ്കടക്കാര്‍മുകില്‍
കട്ടെടുക്കുന്നുനിന്‍ കവിളഴകും

1 comment:

  1. വളരെ നന്നായിരിക്കുന്നു, വരികളിലെ ഗ്രാമ്യമായ ഭാവനകളും പ്രയോഗങ്ങളും.
    അനുമോദനങ്ങൾ

    ReplyDelete