Saturday, 9 September 2017

മഹാബല

കാട്ടുകറുമ്പൻ, ചേറിൽപ്പണിയൻ
പൊന്നു പകർന്ന മനുഷ്യൻ നീ
എല്ലു ഞുറുങ്ങെ പണിയും നീയൊരു
മണ്ണിൽ വിളഞ്ഞ കരുത്തൻ നീ
ഭാരത മണ്ണിലുറഞ്ഞ വിയർപ്പിലുണർന്നു
കിളിർത്തൊരു വിത്തും നീ
മഹാബലിയെന്നതു പിന്നെ വരുത്തർ
കെട്ടി വരച്ച ചരിത്രം നീ
പാടമൊരുക്കാൻ കാളയ്ക്കൊപ്പം
ഉഴുതുമറിച്ച കറുമ്പൻ നീ
വിത്തിനകത്തെ നെല്ലും പതിരും
കൊയ്തു മെതിച്ച മനുഷ്യൻ നീ
വെയിലും മഴയും നിൻ ദൈവങ്ങൾ
പാടം എന്നത് പ്രാർത്ഥനയും
പുഴയും കാടും പണിയായുധവും
കൂട്ടായ് ചേർത്ത കുറുമ്പൻ നീ
കള്ളം ചെയ്തൊരു പണിയും ചെയ്യാൻ
അറിയാമക്കൾക്കധിപൻ നീ
ബലവാനെന്നതു ഗോത്രം തന്ന
വിളിപ്പേരിൽ നീ ബലി,യായി
ചേറു ചിരിക്കും പോലെ വിളവും
പൂത്തു വിരിഞ്ഞു കുലയ്ക്കുമ്പോൾ
നാട്ടു സമൃദ്ധിയിലൂഞ്ഞാലിട്ടവർ
ആർപ്പുവിളിച്ചു തിമിർക്കുന്നു.
പൂക്കൾ വിതച്ചു മെനഞ്ഞ കളങ്ങൾ
മൂപ്പനു വേണ്ടിയൊരുക്കുമ്പോൾ
വിളവിന്നുത്സവമാഘോഷിച്ചവർ
മണ്ണിൽ കവിത രചിക്കുന്നു.
ഉത്സവമേളപ്പെരുമഴയെങ്ങും
പെയ്തു കുളിർന്നു പരക്കുമ്പോൾ
പണിയാൻവയ്യാ പരദേശികളാ
ദേശം കണ്ടു ഭ്രമിക്കുന്നു
പൂജകൾ മന്ത്രച്ചരടും വിഗ്രഹ
ഗോഷ്ടികൾ കാട്ടി വിരുതന്മാർ
ദൈവം എന്നതു കല്ലുമിനുക്കിയ
രൂപമതെന്നൊരു കള്ളത്തെ
കൂട്ടിലടച്ചാ കിളിവാതിലുകൾ
പൂജയ്ക്കായി തുറക്കുന്നു.
കള്ളം എന്നതു അണുകിടപോലും
അറിയാതുള്ളൊരു ഗോത്രത്തെ
ചതിവിൻ പാടമൊരുക്കി മിനുക്കി
ദാനക്കൂട്ടിലൊളിപ്പിച്ചു
എതിരിൻ നാദമുയർത്തിയ നാവിൻ
തലയെച്ചേറിലൊളിപ്പിച്ചു
പുതിയൊരു ചരിതമെഴുതി മന്ത്ര
കുഴലുവിളിച്ചവർ പാടുന്നു
ദൈവം വന്നു താഴ്ത്തിയതാണീ
കാലത്തിന്റെ കണക്കൊക്കാൻ
മണ്ണിൻ ഹൃദയമൊരുക്കിയ മക്കൾ
ഇന്നും ചേറിലെണീക്കാതെ
മന്ത്രപ്പൂട്ടുകൾ കൊണ്ടു ചരിത്രം
താഴിട്ടിവിടെ സൂക്ഷിപ്പു.

No comments:

Post a Comment