Showing posts with label സ്നേഹമഴ. Show all posts
Showing posts with label സ്നേഹമഴ. Show all posts

Monday, 11 August 2014

സ്നേഹമഴ

കൊത്തങ്കല്ലു കളിച്ചു ഞാനാ 
മുറ്റത്തേക്കു നടക്കുമ്പോള്‍
കള്ളിപ്പെണ്ണെ നീയെന്‍ചുണ്ടില്‍
മുത്തം കൊണ്ടു നിറയ്ക്കുന്നോ?

കണ്ണിന്‍പോള നനച്ചു ഞാനെന്‍
നോവിന്‍ മുത്തു മറയ്ക്കുമ്പോള്‍
ഈറന്‍ മാറില്‍ നീ ചേര്‍ത്തെന്നെ
പുല്‍കിപ്പുല്‍കിയുണര്‍ത്തുന്നോ?

സ്നേഹക്കൈവരി താണ്ടി ഞാനാ
പ്രണയത്തേനറ ചേരുമ്പോള്‍
വിരലിന്‍ത്തുള്ളികളാലൊരു ജാലം
എന്നുള്ളില്‍ ചേര്‍ത്തു രസിക്കുന്നോ?

കുഞ്ഞിക്കൈകളിലൂഞ്ഞാലിട്ടൊരു
റോസാപ്പൂവിലുറങ്ങുമ്പോള്‍
പവിഴംപോലെ നിന്നധരത്തില്‍
സൂര്യന്‍ നിന്നു തിളങ്ങുന്നോ?

ചാറിത്തീര്‍ന്നു മനസ്സില്‍ക്കേറി
എങ്ങോപ്പോയങ്ങൊളിക്കുമ്പോള്‍
നിന്നെത്തേടും എന്നെ കാണാന്‍
ചില്ലകള്‍തോറും പെയ്യുന്നോ?

കണ്ണില്‍ക്കാണും മേഘത്തേരില്‍
നീയുണ്ടെന്നതു ചൊല്ലുമ്പോള്‍
ഉള്ളില്‍ക്കാണും മഴവില്ലില്‍ നീ
സ്നേഹത്തൂമധു ചേര്‍ക്കുന്നോ?

പെണ്ണേ നീയെന്നുള്ളില്‍ക്കേറി
ചുമ്മാ ചാറിപ്പെയ്യുമ്പോള്‍
ഉള്ളില്‍ കനവില്‍ ഞാന്‍ കൂട്ടുന്നു
പൊന്മണി വിത്തിന്‍ പൂപ്പന്തല്‍

പാടമൊരുക്കും നേരത്തെന്‍റെ
ചാരേ നീയും ചാറുമ്പോള്‍
നാണംകൊണ്ടു മറിഞ്ഞാ ഞാറുകള്‍
സ്നേഹപ്പൂവുകള്‍ ചൂടുന്നു

പെണ്ണേ നീയെന്‍ ഖല്‍ബില്‍ വീണ്ടും
മുകിലായ് മഴയായ് പെയ്തോളു
കൊത്തങ്കല്ലു കളിച്ചു ഞാനാ
മുറ്റത്തേക്കു നടന്നോട്ടെ.