Showing posts with label ഹൃദയത്തില്‍നിന്ന്. Show all posts
Showing posts with label ഹൃദയത്തില്‍നിന്ന്. Show all posts

Tuesday, 18 February 2014

ഹൃദയത്തില്‍നിന്ന്

മണിക്കഴുത്തുള്ളൊരു മണ്‍വിളക്കേ
പതറാതെ നാളംനീചേര്‍ത്തുവയ്ക്കൂ
എഴുതുവാനുണ്ടിനി പ്രണയിനിക്കായ്
ഹൃദയംതുറന്നൊരു കുഞ്ഞുകത്ത്

മഴവില്‍ക്കൊതുമ്പിലെന്‍ പ്രാണനേറ്റി
തുഴയുന്നുഞാനീമനസ്സിനുള്ളില്‍
ഒഴുകുകമുന്നിലെന്‍പ്രണയിനീ നീ
കളകളംപാടും പുടവചാര്‍ത്തി

നമ്മുടെ പ്രണയത്തില്‍ച്ചൂടിടാനായ്
എല്ലിച്ചകൊമ്പില്‍ ഞാന്‍ ചേര്‍ത്തുവച്ച
മഞ്ഞണിപ്പൂവുകള്‍ വാടിനില്‍പ്പൂ
എന്തേവരാത്തതെന്‍ പൊന്‍കുളിരേ

നോവുകള്‍ മുറ്റിയെന്‍ കാലടികള്
നിന്‍വഴിയോരത്തുചെന്നിരിപ്പൂ
വേനല്‍ പൊഴിച്ചൊരീ നഗ്നതയില്‍
ഹൃദയം തകര്‍ന്നുഞാന്‍ കാത്തിരിപ്പൂ

അകലെയാ മേഘത്തെ നോക്കിയെന്നും
കെഞ്ചുന്നു ഞാനീമനസ്സിനുള്ളില്‍
മിന്നലൊളിചേര്‍ന്ന നിന്റെമേനി
എന്നിലേക്കൊന്നങ്ങണച്ചുനല്കാന്‍

പാദസരത്തിന്റെ കൊഞ്ചലോടെ
എന്നിലലിഞ്ഞൊന്നു വന്നുചേരാന്‍
എന്തേമടിക്കുന്നു പെണ്‍മണിയേ
പൊന്നിന്‍കതിര്‍ ചൂടും പുഞ്ചിരിയേ

ഹൃദയം തുറന്നു ഞാനെഴുതിടുന്നൂ
പുഴയേ, പ്രണയിനീ എത്തിടുക
ഒഴുകിവന്നീടുക എന്റെമുന്നില്‍
പ്രണയത്തിന്‍ പൂഞ്ചോലയായിമാറാന്‍