Tuesday, 2 December 2014

ഭ്രാന്ത്

പ്രണയം
ഒടുവില്‍ സഖലിച്ചുപോകുന്ന
കാമബന്ധങ്ങളാകുന്നു,

ഉടലുടലുകള്‍ കീറി ഇഴയളന്ന്
ഹൃദയവാഹിനികള്‍ തുറന്ന്
മനസ്സിലേക്ക് ഊളിയിടുന്ന
പ്രണയം അകന്നുപോകുന്നു

പലപ്പോഴും ഉള്ളുരുക്കങ്ങളായി
പൊട്ടിയൊലിച്ച് ലാവപേലെ പടര്‍ന്ന്
ജീവരേണുക്കളെ കൊന്നെറിയുന്നു.

സദാചാരത്തിന്‍റെ കിളിവാതിലുകള്‍
തുറന്നുവയ്ക്കപ്പെടുന്ന നഗ്നതയുടെ
അശ്ലീല സൂക്തങ്ങളാകുന്നു.

ബോധിവൃക്ഷങ്ങള്‍ പലതും
പൂത്തും തളിര്‍ത്തും ജടപിടിച്ചും
ശിഖരങ്ങളൊടിഞ്ഞ് അഹിംസയുടെ
ഫലകം തകര്‍ത്ത് നിലംപതിക്കുന്നു

പ്രതിമകള്‍ ശിലകളിലും, ലോഹത്തിലും
ശബ്ദമടഞ്ഞ് കൈകാലുകള്‍ സ്തംഭിച്ച്
ജയിലറകളില്‍ ഒളിച്ചിരിക്കുന്നു

എപ്പോഴെങ്കിലും മനുഷ്യനാല്‍
തുറക്കപ്പെടുമ്പോള്‍ മാത്രം
കണ്ണുതുറക്കാനവകാശമുള്ള
ദൈവം വീട്ടുതടങ്കലില്‍
നിദ്രകൊള്ളുന്നു

ഞാനും നീയും ഭണ്ഡാരങ്ങളില്‍
കോപ്പുകൂട്ടി അടിയാളരായി
അര്‍ദ്ധനഗ്നരാകുന്നു

പ്രണയം പ്രപഞ്ചമാണന്നറിയാത്ത
ഉന്മാദത്തിന്‍റെ ഒറ്റപ്പെടലുകള്‍.

കലികാലത്തിലെ രക്തസാക്ഷികള്‍

രണ്ടു രക്തനിറങ്ങള്‍ക്കിടയിലൊരു പകല്‍
വെളിച്ചത്തിനു മുന്നും പിന്നും
രക്തസാക്ഷികളായി കടല്‍.

ശവഘോഷയാത്രകള്‍ പെരുകുന്ന
ഇടനാഴിയിലെവിടെയോ
ദൈവദൂതരുടെ നിര.

സംഘങ്ങള്‍ ശംഖുവിളിച്ചും
പെരുമ്പറകൊട്ടിയും
രാത്രിയില്‍ കതിനപൊട്ടിച്ചും
പടയൊരുക്കുന്നു.

ചേരികളും വനങ്ങളും
മൂകമായ പട്ടിണി മരണങ്ങളുമായ്
ചെറു കൂനകള്‍ക്കുള്ളില്‍
വാത്മീകങ്ങളാകുന്നു.

ഇടയന്മാര്‍ മൂന്നുപേരും
ചിരിക്കുകയാണ്,
പശുവിന്‍റേയും ആടിന്‍റേയും
പിന്നാലെ അലഞ്ഞു മടുത്തിട്ടുണ്ടാവും.

കളഭവും പീലിയും കുരിശും
മിനാരങ്ങളും പിറതേടി
നക്ഷത്രങ്ങളാകുന്നു.

രാശികള്‍ കളംവരയ്ക്കുമ്പോള്‍
ഉപഗ്രഹങ്ങളുടെ നീണ്ട നിരകള്‍
രാശ്യാധിപന്മാരെ വലംവച്ചിറങ്ങുന്നു.

ഇത് കലികാലം വാഴ്ത്തുന്നവനും
വാഴ്ത്തപ്പെട്ടവനും
രക്തസാക്ഷികള്‍തന്നെ.

എന്‍റെ കുമ്പിള്‍ ഒരിറ്റു വസ്ത്രമില്ലാതെ
ജലമില്ലാതെ വരണ്ടുപോകുന്നു.

കുത്തിയൊലിച്ചൊരു ജലപ്രവാഹം
അത് പ്രളയമാണ്.

തലയോട്ടികള്‍ താരങ്ങളെ നോക്കി
കൊഞ്ഞനം കുത്തുന്നു.

മാനം ന്ഷടപ്പെട്ട് അമ്മ
അസ്ഥിപഞ്ചരങ്ങള്‍ക്ക് കാവലിരിക്കുന്നു..

പ്രളയം... പ്രണയമായി....
ബലാല്‍ക്കാരമായി അവശേഷിക്കുന്നു.

വിപ്ലവം

കുറേയേറെ വിപ്ലവകാരികളുണ്ടായിരുന്നു
സമരമുഖത്ത്
ആകാശത്തിലേക്ക് മുഷ്ടിചുരുട്ടിയ
സമരകാഹളങ്ങളില്‍ മഴപെയ്തില്ല

മേഘം അടര്‍ന്നുവീണവസാനിച്ച
ഇരുമ്പഴികള്‍ക്കുള്ളില്‍
തൂലികനഷ്ടപ്പെട്ട എഴുത്തുകാരായി അവര്‍

ചൂണ്ടുവിരല്‍നീട്ടി ഇരുട്ടിലേക്ക്
ഒന്നാമന്‍ കുറിച്ചു
വെള്ളക്കടലാസ്സിലെ കറുത്തകുരുക്കുകള്‍
ജപ്തിലിപികളായി വീട്ടുമുറ്റത്ത്

രണ്ടാമന്‍ ചിരിച്ച്
നഷ്ടപ്രണയത്തിന്‍റെ വിരല്‍മുറിച്ചു

മൂന്നാമന്‍
നിലത്ത് മൂന്നുവിരല്‍കുത്തിയെഴുന്നേറ്റ്
കണ്‍തുടച്ച് നഷ്ടപ്പെട്ട പിതൃക്കളെത്തേടി

പലവട്ടം കുറിച്ചും വെട്ടിയും
പിച്ചിയെറിയപ്പെട്ട മകളുടെ പേര്
ആവര്‍ത്തിച്ചെഴുതി  നാലാമന്‍

അഞ്ചുവിരലുകള്‍ നെഞ്ചിലമര്‍ത്തി
പ്രളയം കടമെടുത്ത
കൃഷിയിടങ്ങളിലേക്കൂളിയിട്ടയഞ്ചാമന്‍

വിശപ്പിന്‍റെ തീനാളങ്ങള്‍ ഭക്ഷിച്ച്
ചേരികളുടെ കണക്കെഴുതിയ ആറാമന്‍

പിറന്നിടത്തുനിന്നും കുടിയിറക്കപ്പെട്ട
കാല്‍പാദങ്ങളുടെ മുദ്രയുമായി
കാടറിയുന്ന ഏഴാമന്‍

അനാഥാലയത്തിന്‍റെ പടിക്കെട്ടുകളില്‍
ഒറ്റപ്പെട്ടുപോയ ജീവിതസമര ഭടന്‍,
ജരാനരകളുമായി ഞെട്ടറ്റ എട്ടാമനായി

മുഖം നഷ്ടപ്പെട്ടുപോയ
സമൂഹമനസാക്ഷിയില്‍
നിരപരാധിയില്‍ നിന്നപരാധിയാക്കപ്പെട്ട
ഒമ്പതിന്‍റെ കരുത്ത്

മൂര്‍ച്ചകൂടിയ ആയുധങ്ങളാല്‍
ഉള്ളിലെ നോവ് വലിച്ചറുത്ത്
കലയെ ഉപാസിച്ച പത്തെന്ന
ഒന്നുമല്ലാത്ത ശൂന്യന്‍

ഇനിയും അനേകര്‍
ഇരുമ്പിനാല്‍ ഭോഗിക്കപ്പെട്ട്
വാര്‍ത്തകളില്‍ വ്യഭിചരിക്കപ്പെട്ട മുഖങ്ങള്‍

ഗര്‍ഭപാത്രത്തില്‍ പിതാവിനേയും
മകനേയും ചുമേക്കേണ്ടിവന്ന ഇരുട്ടുപോലെ
ധാരാളം പേര്‍

മുഷ്ടികള്‍ അന്ധകാരത്തിലാണ്
ചുവന്നയക്ഷരങ്ങള്‍ പലതവണ
ഒലിച്ചിറങ്ങിയ ചുവരുകളും
നിശബ്ദമാണ്.

ആത്മവിപഞ്ചിക

അകലത്തിലായൊരു ചെറുപൂവുപോലെ
എങ്ങോ മറയുന്ന പെണ്ണിതളേ
മധുരമാമൊരുനൂറു നോവുകള്‍ തന്നെന്‍റെ
ഹൃദയവുംപേറി നീ പോകയാണോ
ഒരുവാക്കുമറിയാതെ കണ്ണിണതൂകിനിന്‍
മിഴിയിതള്‍ പൊയ്കയില്‍ കവിതചൊല്ലേ
അറിയുന്നു സഖിനിന്‍റെ ആത്മവിപഞ്ചിക
മീട്ടും പ്രണയമെന്‍ മൊഴികളായി

വിശപ്പ്

വിശക്കുന്നുണ്ടെനിക്കേറെ
പകര്‍ന്നുവയ്ക്കട്ടെയീ
പെരുത്ത വിശപ്പിന്‍ തീക്കട്ടകള്‍
എരിയുന്നുണ്ടൊരുഭൂമിയീ
വിടര്‍ന്നയാകശത്തിന്‍കീഴെ
വയറൊഴിഞ്ഞു പോകുന്നില്ലീ
കുനുത്ത തീക്കട്ടകള്‍
മുനിഞ്ഞു തുടങ്ങുന്നുണ്ടൊരു കരിക്കട്ട
ജ്വലിക്കാന്‍ തക്കംപൂണ്ടീയരയിലൊരു
മാംസ ദാഹമായ് കനലെടുക്കുന്നു
ഹൃദയമൊരു പകയായ്
ചേരിതീര്‍ത്തീട്ടീ നിധിതേടി
ചുമ്മായലഞ്ഞൊടുങ്ങുന്നു