Tuesday 2 December 2014

വിപ്ലവം

കുറേയേറെ വിപ്ലവകാരികളുണ്ടായിരുന്നു
സമരമുഖത്ത്
ആകാശത്തിലേക്ക് മുഷ്ടിചുരുട്ടിയ
സമരകാഹളങ്ങളില്‍ മഴപെയ്തില്ല

മേഘം അടര്‍ന്നുവീണവസാനിച്ച
ഇരുമ്പഴികള്‍ക്കുള്ളില്‍
തൂലികനഷ്ടപ്പെട്ട എഴുത്തുകാരായി അവര്‍

ചൂണ്ടുവിരല്‍നീട്ടി ഇരുട്ടിലേക്ക്
ഒന്നാമന്‍ കുറിച്ചു
വെള്ളക്കടലാസ്സിലെ കറുത്തകുരുക്കുകള്‍
ജപ്തിലിപികളായി വീട്ടുമുറ്റത്ത്

രണ്ടാമന്‍ ചിരിച്ച്
നഷ്ടപ്രണയത്തിന്‍റെ വിരല്‍മുറിച്ചു

മൂന്നാമന്‍
നിലത്ത് മൂന്നുവിരല്‍കുത്തിയെഴുന്നേറ്റ്
കണ്‍തുടച്ച് നഷ്ടപ്പെട്ട പിതൃക്കളെത്തേടി

പലവട്ടം കുറിച്ചും വെട്ടിയും
പിച്ചിയെറിയപ്പെട്ട മകളുടെ പേര്
ആവര്‍ത്തിച്ചെഴുതി  നാലാമന്‍

അഞ്ചുവിരലുകള്‍ നെഞ്ചിലമര്‍ത്തി
പ്രളയം കടമെടുത്ത
കൃഷിയിടങ്ങളിലേക്കൂളിയിട്ടയഞ്ചാമന്‍

വിശപ്പിന്‍റെ തീനാളങ്ങള്‍ ഭക്ഷിച്ച്
ചേരികളുടെ കണക്കെഴുതിയ ആറാമന്‍

പിറന്നിടത്തുനിന്നും കുടിയിറക്കപ്പെട്ട
കാല്‍പാദങ്ങളുടെ മുദ്രയുമായി
കാടറിയുന്ന ഏഴാമന്‍

അനാഥാലയത്തിന്‍റെ പടിക്കെട്ടുകളില്‍
ഒറ്റപ്പെട്ടുപോയ ജീവിതസമര ഭടന്‍,
ജരാനരകളുമായി ഞെട്ടറ്റ എട്ടാമനായി

മുഖം നഷ്ടപ്പെട്ടുപോയ
സമൂഹമനസാക്ഷിയില്‍
നിരപരാധിയില്‍ നിന്നപരാധിയാക്കപ്പെട്ട
ഒമ്പതിന്‍റെ കരുത്ത്

മൂര്‍ച്ചകൂടിയ ആയുധങ്ങളാല്‍
ഉള്ളിലെ നോവ് വലിച്ചറുത്ത്
കലയെ ഉപാസിച്ച പത്തെന്ന
ഒന്നുമല്ലാത്ത ശൂന്യന്‍

ഇനിയും അനേകര്‍
ഇരുമ്പിനാല്‍ ഭോഗിക്കപ്പെട്ട്
വാര്‍ത്തകളില്‍ വ്യഭിചരിക്കപ്പെട്ട മുഖങ്ങള്‍

ഗര്‍ഭപാത്രത്തില്‍ പിതാവിനേയും
മകനേയും ചുമേക്കേണ്ടിവന്ന ഇരുട്ടുപോലെ
ധാരാളം പേര്‍

മുഷ്ടികള്‍ അന്ധകാരത്തിലാണ്
ചുവന്നയക്ഷരങ്ങള്‍ പലതവണ
ഒലിച്ചിറങ്ങിയ ചുവരുകളും
നിശബ്ദമാണ്.

No comments:

Post a Comment