Friday, 7 August 2015

മാഞ്ചോട്ടില്‍

തണലുള്ള മാഞ്ചോട്ടില്‍
പുരകെട്ടിക്കറിവച്ചി-
ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യം
ഉണ്ണാന്‍ വിളിക്കുന്നു ബാല്യം...

തളിര്‍വെറ്റക്കൊടിച്ചോട്ടില്‍
കളിവണ്ടി നിര്‍ത്തീട്ട്
ഉണ്ണാനിരിക്കുന്നു ബാല്യം
ഉണ്ണാനിരിക്കുന്നു ബാല്യം...

കുടമുല്ലപ്പൂകൊണ്ട് പച്ചടിയും
പൂഴിമണല്‍കൊണ്ട് പാച്ചോറും
പ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
ഹൃദയത്തിലേക്കൊരു പാട്ടുമൂളും

കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാം
ആലോലമൂഞ്ഞാലു കെട്ടിയാടാം
പൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെ
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം

ഞൊറിയിട്ട പാവാട കസവു തോല്‍ക്കും
നുണക്കുഴിക്കവിളിനാല്‍ നീ ചിരിക്കേ
പ്ലാവില മെടഞ്ഞൊരു തൊപ്പിയുമായ്
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം

Thursday, 6 August 2015

പോത്ത്

കട്ടഒടച്ചപാത്തി
ഉഴുകാതെപോണപോത്ത്
വരിനെല്ലുപാകീത് 
കടിക്കാതെ പോണ പോത്ത്
പഴത്തൊലിയിട്ടകാടി
കുടിക്കാതെ ചാഞ്ഞ പോത്ത്
വയ്ക്കോലില്‍ നോട്ടമിട്ട്
അയവെട്ടിനുരപരത്തി
ഇമവെട്ടാ നുണനുണഞ്ഞ്
കയറിട്ട മൂക്കുകൊണ്ട്
ഇടംകാല് ചൊറിഞ്ഞ പോത്ത്
കാലത്തെ പിടപിടച്ച്
അമറീട്ട് കണ്‍മിഴിച്ച്
പലകാല് പലയിടത്ത്
ഇടനെഞ്ച് മുടിയഴിച്ച്
ചുടുചോരവാര്‍ത്തുവച്ച്
കൊളുത്തിട്ടവള്ളിമേല്
പിടയ്ക്കാതെ തൂങ്ങി പോത്ത്.
മതിയുള്ള നാട്ടുകൂട്ടം
പതിരുകുത്തി ചോറൊരുക്കി
ഉഴുതുതന്ന ഉരുവിന്‍റെ
ഉടലുതിന്നു വെടിയടിച്ചു
സൊറപറഞ്ഞ നാട്ടുപോത്ത്.

ഒരു കര്‍ക്കിടകം കൂടി


പലനാളുമുമ്പൊരു
പുഴയുണ്ടെതിലൊരു
ബലിവറ്റുനല്‍കിയ കടവുണ്ട്
കടവിന്‍റെയോരത്തു
നെല്ലോല മേഞ്ഞൊരു
കുടിലുണ്ടതിലെന്‍റെയമ്മയുണ്ട്
അമ്മതന്‍ നെഞ്ചിലെ
തീക്കനല്‍കൂട്ടിയ
ചോറുണ്ട് ഞാനെന്ന ബാല്യമുണ്ട്
പുസ്തകത്താളിലെ
പെരുകാത്തപീലിപോല്‍
ഉള്ളിലെനിക്കെന്‍റെ സ്വപ്നമുണ്ട്
പാടമൊരുക്കും
വിതയ്ക്കുമായന്നമ്മ
ചേലില്‍ച്ചമയ്ക്കണ ഗാനമുണ്ട്
ആ നോവുക്കേട്ടിട്ടങ്ങാ-
കാശക്കോണിലെ
മഴയൊന്നുചാറിപ്പരക്കണുണ്ട്
മഴപോയനേരത്തു
നെറ്റിയില്‍ചുംബിച്ചെന്‍
അമ്മയും ദൂരെ മറയണുണ്ട്
കോളുണ്ട് കര്‍ക്കിടക
പെയ്ത്തുണ്ട് പിന്നെയും
വാവിനൊരു വറ്റുമായ് ഞാനുമുണ്ട്
കടവില്ല അമ്മതന്‍
നെഞ്ചിലൊരുപൂവിടാന്‍
തിരകള്‍ക്കുമേലെയെന്‍ പ്രാണനുണ്ട്
പെയ്യട്ടെ പൂമഴ
അമ്മതന്‍ ശീലുമായ്
ഞാനെന്ന സന്ധ്യയും ചോക്കണുണ്ട്.....
ഞാനെന്ന സന്ധ്യയും ചോക്കണുണ്ട്.....

Tuesday, 4 August 2015

പ്രണയമേ


--------------------------
ഹൃദയം തുറന്നിട്ട ജാലകവാതിലില്‍
ഒന്നെത്തിനോക്കാതൊളിക്കുന്ന പെണ്ണേ
നിന്നെ പ്രണയിച്ചിടുന്നുഞാനെന്നും
കണ്ണറിയാത്തൊരു സ്വപ്നമായിന്നും
ഇന്നെന്‍റെ നാഡികള്‍ തീര്‍ക്കുന്ന നോവില്‍
കണ്ണടച്ചുണ്മയെ തേടുന്നമോഹം
നിന്നില്‍ മുഖംപൂഴ്ത്തിയെങ്ങോയൊളിപ്പാന്‍
വന്നണഞ്ഞീടുക പ്രേമമായെന്നില്‍
വിരല്‍ത്തുമ്പു നീട്ടിനീ എന്നെപ്പുണര്‍ന്നാല്‍
തണുവുള്ള ദേഹമായ് ഞാനടര്‍ന്നീടാം
ചുരുളുള്ള ഇരുളഴിക്കൂട്ടില്‍നിന്നെന്നെ
ഇടറാത്ത സന്ധ്യയായ് ചേര്‍ത്തുവച്ചീടൂ
ബന്ധംകുരുക്കുന്നെ,ന്നുടലിന്‍റെ ഭാരം
തള്ളിക്കളഞ്ഞുഞാന്‍ പിന്നാലെകൂടാം
എന്നെത്തഴഞ്ഞു മടങ്ങാതെ പെണ്ണേ
നിഴലുകള്‍കാണാതൊളിക്കുന്ന കണ്ണേ
കത്തിച്ചെറിയട്ടെ ഞാനെന്‍റെ ദേഹം
നിന്നില്‍ രമിക്കുവാന്‍ ഇന്നെന്‍റെ ദാഹം
മിഥ്യയെക്കാട്ടിച്ചതിക്കാതെയെന്നെ
ചുംബിച്ചുണര്‍ത്തുനീയുണ്മക്കതിരേ
ചെമ്പകച്ചോട്ടിലെ കുഞ്ഞുമാടത്തില്‍
കത്തിച്ചകൈത്തിരി നാളമായ് മാറാന്‍
എന്നിലെ ദേഹിയെ ചേര്‍ത്തണച്ചീടൂ
പ്രണയമാം മരണമേയരികില്‍ നില്‍ക്കാതെ

എതിര്‍പാട്ടുപാടാനായ്


---------------------------------------
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു
നുണക്കുഴിക്കവിളിലെ കുങ്കുമവര്‍ണ്ണമെന്‍
ഹൃദയത്തില്‍ മഴച്ചിന്തു ചേര്‍ത്തുവയ്ക്കും
നീ പകര്‍ന്നീടുന്ന മധുരമാം നോവെന്‍റെ
പുസ്തകക്കെട്ടിലൊളിച്ചുവയ്ക്കും
ആരാരും കാണാതെ ചോറ്റുപാത്രത്തിലെ
രുചിയുള്ള ചമ്മന്തി നീ തരുമ്പോള്‍
കണ്ണു നനയുന്ന സ്നേഹമായ് ഞാന്‍നിന്നെ
കണ്ണെടുക്കാതങ്ങു നോക്കിനില്‍ക്കും
ഇതളിട്ട വാകതന്‍ ചോട്ടിലാമഴയത്ത്
ഏകനായ് ഞാന്‍ നിന്നെ കാത്തിരിക്കേ
മഴതോര്‍ന്നു നില്‍ക്കുന്ന പകലിനെപ്പോലെ നീ
മധുരമായെന്നോട് ചേര്‍ന്നുനില്‍ക്കും
കാലപ്രവാഹങ്ങള്‍ മായ്ച്ചുവച്ചീടുന്ന
ഋതുക്കളില്‍ നീയെങ്ങു പോയൊളിച്ചു
പുസ്തകത്താളിലെ മയില്‍പ്പീലിത്തുണ്ടുമായ്
ഞാനെന്നുമീവഴി കാത്തുനില്‍ക്കും
വിടപറയാത്തൊരു കണ്ണുമായീവഴി
അണയുമോ നീയെന്‍റെ പ്രാണനായി
മറുവാക്കു ചൊല്ലാനോ എതിര്‍പാട്ടുപാടാനോ
നീമാത്രമാണെന്‍റെ പൂങ്കുയിലേ
കലപിലകൂട്ടി പറന്നുനടക്കണ
ബാല്യത്തിലേക്കൊന്നു പോയിടുമ്പോള്‍
ഇതളിട്ട മഷിപ്പച്ച മായ്ക്കാത്ത ചിന്തകള്‍
കതിരിട്ടു കതിരിട്ടു ചാഞ്ഞിടുന്നു

ഒണപ്പാട്ട്-൨

നെയ്‍വിളക്കിന്‍തിരി താനെതെളിച്ചൊരു
സന്ധ്യക്കുചോപ്പായി നീവരുമ്പോള്‍
ചിങ്ങനിലാവിന്‍റെ താഴ്വരപൂത്തൊരു
പൊന്നിന്‍കസവിട്ടോരോണമെത്തി
പെയ്തൊഴിയാത്തൊരു പൂമഴപിന്നെയും
എയ്തിറങ്ങുന്നെന്‍റെ പൂക്കളത്തില്‍
കോലംവരയ്ക്കുന്നുണ്ടാച്ചെറുതുള്ളികള്‍
സ്നേഹത്തിന്‍പൂക്കളത്താഴ്‍വരയില്‍
മുറ്റമൊരുങ്ങാതെ പൂത്തുമ്പിപാറാതെ
മുറ്റത്തൊരുഞ്ഞാലിന്‍ പാട്ടുപോലെ
നാഴിയുരിയരിച്ചോറുമായോണമെന്‍
നാക്കിലത്തുമ്പിനായ് കാത്തിരുന്നു
തുമ്പക്കുടങ്ങളെ തേടിയ ബാല്യമെന്‍
ചെന്തളിര്‍ പൂമാല കോര്‍ത്തുതന്നു
ഓര്‍മ്മകള്‍ നെയ്തൊരാ പൂക്കളചന്തമെന്‍
സ്നേഹത്തിന്‍ പൂവിളിപൂമരങ്ങള്‍

ഓണപ്പാട്ട്

ഇല്ലാമഴപെയ്യിച്ചൊരു
കള്ളക്കര്‍ക്കിടകം
തുമ്പപ്പൂ നുള്ളിമുറിക്കണ്
ചിങ്ങപൂംപുലരി
കണ്ണാരംപൊത്തിവരുന്നൊരു
പൊന്നിന്‍പൂങ്കാറ്റില്‍
എള്ളോളം തുള്ളിനടക്കണ്
ചിങ്ങപ്പൂത്തുമ്പീ
മുട്ടോളം പൊന്തിച്ചിട്ടീ
പാവാടത്തുമ്പില്‍
തെറ്റിപ്പൂ നുള്ളിയൊരുക്കണ്
മഞ്ചാടിപ്പെണ്ണ്
കണ്ണാലെ കവിത രചിച്ചൊരു
പ്രണയപൂങ്കുളിരിന്‍
പൊന്നോണ നിലാവുപരത്തി-
യമ്പിളിചായുന്നു.
കുന്നോളം നന്മനിറഞ്ഞൊരു
പൊന്നോണച്ചന്തം
നെഞ്ചോരം ചേര്‍ത്തുപിടിച്ചീ
കേരളമുണരുന്നു.