Thursday, 5 November 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം

ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍

പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ

കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം

കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും

അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.

രാവണയുമ്പോള്‍

കനല്‍ക്കാട്ടിലൂടൊരു
നിഴലോടി മറയുമ്പോള്‍
നിലാവിന്റെ മണിപ്പൂക്കള്‍ 
ചിതറി വീഴും
വിടരാനായ്ക്കൊതിപൂണ്ട
മലര്‍മൊട്ടിലൊരു കാറ്റ്
തഴുകിക്കൊണ്ടെവിടേക്കോ
പറന്നുപോകും
മിനുങ്ങുന്നയുടലുമാ-
യിരുട്ടിന്റെ പുതപ്പിങ്കല്‍
ചിലചിത്രം വരയ്ക്കുന്ന
മിനുമിനുങ്ങി
തണുവുള്ളയിലക്കൂട്ടി-
ലൊരുമതന്‍ കരുത്തോടെ
യൊരുമെയ്യാലുറങ്ങുന്ന
പുളിയുറുമ്പ്
ഇഴയുന്ന സമയത്തി-
ലൊരുവാക്കും പറയാത
യലയുന്ന മനസ്സിന്റെ
ചിറകിനുള്ളില്‍
ഒരു കൂടുകൂട്ടിയെന്‍
ഓര്‍മ്മതന്‍ മരുപ്പച്ച
ചൂടുന്നു കിനാവിന്റെ
ഇന്ദ്രജാലം

ചില കള്ളങ്ങള്‍

എന്നെ ചൂണ്ടി
നീയെന്നെന്നെ നീ വിളിക്കുമ്പോള്‍
നിന്നെ ചൂണ്ടി ഞാനും
നിന്നെ നീയെന്നു വിളിക്കുന്നു
രണ്ടു ശരീരങ്ങളുടെ
ഒരേ തലങ്ങള്‍
നീ ജനിച്ചതുകൊണ്ടാകണം
ഞാന്‍ നിന്നെ പ്രണയിച്ചത്
ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍
നിനക്കെന്നെയും പ്രണയിക്കാനാകുമായിരുന്നില്ല
അപ്പോള്‍ പിന്നെ
പ്രണയമെന്നത് നീയോ? ഞാനോ?
സ്ഥിര സംഭവ്യമായ
പ്രകൃതിയുടെ മായയില്‍
സ്വപ്നജാലം മാത്രമാണോ ഈ പ്രണയം.
അല്ലാതെ പിന്നെ,
നീയും ഞാനും എന്നത്
നിലനില്‍ക്കുന്നതേയില്ല.
പ്രണയം പലയാവര്‍ത്തി വന്നുപോകുന്നു.
ധ്യാനാവസ്ഥയിലും രമിച്ച്
സുഷുപ്തിതന്ന്
പ്രണയം പ്രപഞ്ചോത്പത്തിമുതല്‍
സ്ഥിരധാതുവായി
ഓരോ അണുക്കളിലും വ്യാപരിക്കുന്നു.
അപ്പോള്‍പിന്നെ
എനിക്കു നിന്നോട് തോന്നിയതോ
നിനക്ക് എന്നോട് തോന്നിയതോ
പ്രണയമല്ല..
നീയാണ് പ്രണയം...!
നീ പറയുമ്പോലെ ഞാനാണ് പ്രണയം!
നെഞ്ചില്‍ കൈചേര്‍ത്ത് കണ്ണടയ്ക്കുമ്പോള്‍
ഞാനും നീയും പച്ചകള്ളങ്ങളാകുന്നു.

മഞ്ഞണികള്‍

അകലേയ്ക്കു പോയയെന്‍ കുഞ്ഞുകാറ്റേ
നീ കണ്ടതൊക്കയും ചൊല്ലു കാറ്റേ
അമ്മയാകുന്നൊരാ പേറ്റിറമ്പില്‍
താരാട്ടു മൂളുവാനെത്തുകാറ്റേ
ഉണ്ണി വളരുന്നീ തൊട്ടില്‍മേലേ-
യാട്ടിയുറക്കുവാന്‍ വായോ കാറ്റേ
അച്ഛന്‍റെ കൈവിരല്‍ത്തുമ്പില്‍മേലേ
പിച്ച നടന്നു ഞാന്‍ കൊഞ്ചിടുമ്പോള്‍
പിന്നാലെവന്നെന്‍റെ നെറ്റിമേലേ
അളകം പകുത്തു നീ പോയിടാതെ
അമ്മതന്‍ പൊന്‍മണമെന്‍റെ ചാരെ
കാച്ചെണ്ണപോലെനീ കൊണ്ടുവായോ
സ്വപ്നം കറക്കുന്ന പമ്പരത്തില്‍
കണ്ണെടുക്കാതെ നീ ചുറ്റിടുമ്പോള്‍
ഒറ്റയ്ക്കെന്‍ ജീവിത പാതയിങ്കല്‍
ഓടിത്തളര്‍ന്നുഞാന്‍ വേച്ചു നില്‍ക്കേ
മൂച്ചുവലിയ്ക്കുവാന്‍ കൂടെവായോ
പ്രാണനായ് നീയെന്‍റെ ഹൃത്തടത്തില്‍
ചെമ്പകം പൂക്കുന്നുണ്ടാച്ചെരുവില്‍
ഗന്ധമായ് നീയെന്‍റെ കൂടെവായോ
ആല്‍ത്തറക്കോണിലെ മണ്‍ചെരാതില്‍
ദീപമായ് നീയെന്‍റെ കാവലാകൂ
കണ്‍മഷി ചോരുന്നുണ്ടീയിരുളില്‍
കണ്ണിണ ചോരുന്ന, മഞ്ഞണികള്‍