Wednesday 2 December 2015

മായാത്ത ചിത്രങ്ങള്‍


നീ നിന്‍റെ വിരല്‍കൊണ്ടു
മായാത്ത ചിത്രങ്ങള്‍
ഏറെ വരയ്ക്കുന്നുണ്ടീയുലകില്‍
എന്തിനുവേണ്ടിയീ ജന്മങ്ങള്‍ നല്‍കുന്നു
തീവ്രമാം ബോധത്തിനുറവയാകാന്‍.
കട്ടികടുംവേനല്‍ ശിഖരത്തിലിന്നൊരു
കുട്ടി നിലവിളിച്ചോടിടുമ്പോള്‍
പൊട്ടുംവിശപ്പിന്‍റെ തീച്ചൂളകൊണ്ടിതാ
ഭൂമിയും വരളുന്നു വിണ്ടുകീറി.
കരളുള്ള കായ്കളില്‍
തേയ്ക്കും വിഷത്തിന്‍റെ
ഫണമുള്ള ചില്ലയില്‍ കൂടൊരുക്കി
പണംകൊണ്ടു നീതിതന്‍
കണ്ണുകള്‍ ബന്ധിച്ചെന്‍
അഴലുകള്‍ കൂട്ടുന്ന സത്വമാകാന്‍
നീ വരച്ചീടുന്ന ചിത്രങ്ങളെന്നുമീ
ഉലകീലീ കൊടികള്‍ വരച്ചുകുത്തും.
നിറമുള്ള പീലികള്‍ തുന്നിയ തൊപ്പികള്‍
തുടരുന്ന ഭരണത്തിനീര്‍ച്ചവാളില്‍
പിടയുന്ന ദേഹങ്ങള്‍ പട്ടിണിക്കാലുമായ്
ഇഴയുന്നു വീണ്ടുമാ കള്ളികുത്താന്‍.
പുഴകള്‍ വരച്ചിട്ട യൗവ്വനത്തുടികളില്‍
ഉടല്‍കൊണ്ട സംസ്കാര നഗരചിത്രം
മതമായി പിന്നെയെന്നുടലില്‍ സ്ഖലിക്കുന്ന
വ്രണമായി ഗന്ധം ചുരത്തി നില്‍ക്കേ
കടലുകള്‍ വേതാളച്ചുഴികളില്‍ വീണ്ടുമൊരു
ഖഡ്ഗം ചമയ്ക്കുന്നു തിരകളാലെ.
നിശകളില്‍ വേരറ്റ സ്നേഹത്തുരുത്തുകള്‍
കാമംകൊളുത്തും മനസ്സുമായി
പുടവകള്‍ ഛേദിച്ച വാളുമായവനിയില്‍
തേരോട്ടമോടിച്ചിരിച്ചിടുമ്പോള്‍
പരിചകള്‍ പെണ്ണുടല്‍ മാത്രമായിരവിന്‍റെ
കോണില്‍ കടംകൊണ്ടു തൂങ്ങിനില്‍ക്കും.
കരിപിടിച്ചിവിടെയെന്നുലകിലെപാത്രങ്ങള്‍
വരളുന്നു കനലിനി നീ വരയ്ക്കൂ
ജ്വലിക്കട്ടെ ഭൂമിയൊരു കനല്‍ക്കുന്നുപോലിനി
മായട്ടെ മലിനങ്ങള്‍ ശുദ്ധിതേടി
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും

No comments:

Post a Comment