Tuesday, 29 July 2014

അലകള്‍

കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ

കടവിലൊരുചെറുവള്ളം തുഴയുന്നു ഞാനും
തുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍
മഴയിതെഴുതുമിയഴകിന്‍റെ ചാലില്‍
ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെ

ചെറുതല്ലയെന്‍ബാല്യമലകടല്‍പോലെ
പലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നു
ചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്ക്കേ
മറിയുന്നുമനമതില്‍ പുളകങ്ങളായി

ഞാന്‍‍തൊട്ട കളിവില്ലിന്‍ കളകളനാദം
ചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളി
മനമിതളുകവരുന്ന ചെറുമന്ദഹാസം
ചെംനിറംപൂണ്ടൊരു വനമുല്ലയായി

ഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞു
മറുമഴചൊരിഞ്ഞങ്ങു പേമാരിയായി
ഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെ
കാലമെന്‍കൈയ്യിലായൊരുരുള തന്നു

ഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ് വച്ചു
അലകളുരുവിട്ടങ്ങലയാഴി ചേര്‍ന്നു
നെഞ്ചകത്തമ്മയെന്‍ കടലായുറഞ്ഞു
അലകളൊരുമൊഴിയെന്നില്‍ കാറ്റായ് പതിഞ്ഞു

കടലലകളുടലിലൊരു തിരയലകളാകെ
കനലലകളൊഴിയുന്നു തിരമറന്നെങ്ങോ
കനവിലലയാഴിയില്‍ തിരയുന്ന മോഹം
കടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെ

Friday, 25 July 2014

പാല്‍ ഞരമ്പിലേക്ക്

കൊള്ളിവച്ചു ഞാന്‍ സ്നേഹ ഞരമ്പിലായ്
എന്‍റമ്മ വേവുന്നു ചിതയ്ക്കുള്ളിലെ നാളമായ്
പാല്‍ഞരമ്പിന്‍ കനംതൂങ്ങുമാ ഓര്‍മ്മകള്‍
ഹൃദയത്തിലേക്കൊരു ബാല്യം ചുരത്തുന്നു

നെഞ്ചകച്ചോട്ടിലെ കുഞ്ഞിളം കൂട്ടിലായ്
കണ്ടെടുക്കുന്നിതാ അമ്മതന്‍ പൂമണം
ഉള്ളിലൊളിപ്പിച്ച നൊമ്പര തന്ത്രികള്‍
മീട്ടുന്നു സ്നേഹത്തിന്‍ വെണ്ണിലാപ്പൂമഴ

പിച്ചവച്ചീടുമെന്‍ കാല്‍ത്തളക്കാല്‍കളില്‍
നോവുന്നൊരമ്മതന്‍ നെഞ്ചകം കണ്ടുഞാന്‍
അമ്മയന്നന്നുഞാന്‍ മുഴുമിച്ച മാത്രയില്‍
ചെഞ്ചിളംചുണ്ടിലായ് മുത്തം പകര്‍ന്നവള്‍

അരമണിക്കിങ്ങിണിത്താങ്ങിലായ് ചേര്‍ത്തവള്‍
കൊഞ്ചിച്ചു പാല്‍ക്കഞ്ഞി ചെമ്മെ പകര്‍ന്നിതാ
ഉള്ളില്‍ നെരിപ്പോട് കത്തിച്ച മാതിരി
കത്തിക്കയറുന്നു അമ്മതന്‍ പാല്‍മണം

കാല്‍വഴുതിവീഴാ മനസ്സിനെകോര്‍ക്കുന്ന
സ്നേഹക്കുടുക്കങ്ങു നാളമായ്ത്തീരവേ
ചാണകവറളികള്‍ തീര്‍ക്കുമാ ജ്വാലകള്‍
പൂക്കള്‍ പൊഴിക്കുന്നു ആകാശക്കോണിലായ്

ദൂരയാ മാനത്തു മിന്നുന്ന പൂവുകള്‍
അമ്മതന്‍ താരാട്ടിന്‍ ചുംബനപ്പൂവുകള്‍
മണ്ണിലെച്ചാരമെന്‍ നെഞ്ചിലെപൂക്കളായ്
ഗംഗയ്ക്കു നല്കി ഞാന്‍ ഒന്നു നിവരട്ടെ

അമ്മയറിയുമോ എന്നിലെ കണ്ണുനീര്‍
എള്ളിലായ് ചാലിച്ച വറ്റിലെത്തുള്ളികള്‍
ഒന്നുപുണരട്ടെ എന്‍റമ്മയാം ഗംഗയെ
നോവുകള്‍ തീര്‍ത്ഥമായ് നേദിക്കുമമ്മയെ

എന്തെഴുതാന്‍

ചുംബനമഴിഞ്ഞൊരാ പ്രണയപുഷ്പങ്ങളില്‍
സ്പന്ദനം തുടിക്കും രതിയൊന്നുമുറുകവേ
സുഷുപ്തിതന്‍ സ്നേഹനഖക്ഷതങ്ങളായ്
നാളിയില്‍ രേതസ്സുറഞ്ഞുതുടിക്കവേ
ആലസ്യം നാണംവിട്ടൊരു ചുംബനപ്പൂകൂടി
നല്കിമയങ്ങുന്നു യൗവ്വനം ഗര്‍ഭപാത്രങ്ങളില്‍
നാഭിച്ചരടു ബന്ധിച്ചുറക്കുമാ ഭ്രൂണമുകുളങ്ങളെ
സ്നേഹിച്ചു രക്തധമനികള്‍ താരാട്ടുമൂളവേ
നെഞ്ചില്‍ കനംവയ്ക്കും പാല്‍ക്കനവുകള്‍
വാല്‍സല്യ ചിത്രം കോറിവരയ്ക്കവേ
അമ്മയല്ലാതൊരുമനം ഭ്രാന്തമായെത്തി
കണ്ണുനീര്‍മാറ്റി ചിരിച്ചങ്ങട്ടഹസിച്ചീടുന്നു.
കൊന്നുതോറ്റണം ഭ്രൂണ‍ഞരമ്പിനെ
നാളയുഷസിന്‍ പനനീര്‍ക്കുരുന്നിനെ
പിച്ചിയെറിയണം കുഞ്ഞുചിന്തുകള്‍
മനസ്സില്‍ തളംകെട്ടും അമ്മമോഹത്തിനെ

ഒരുമാത്രയറിയുന്നു ഞാനും

താരാട്ടുപാടിയുറക്കാം 
തുമ്പീ തേനുണ്ട് ചാരെ മയങ്ങ്
പൂവിതള്‍തുമ്പിലെന്‍ മൗനം
സ്നേഹ കാറ്റിന്നലകളായി ചേര്‍ക്കാം
പച്ചിലചാര്‍ത്തിലെ മുത്തായ്
കിങ്ങിണിതൂങ്ങുമാ മഞ്ഞില്‍
കൈവിരല്‍ നീട്ടുന്നു സൂര്യന്‍
സ്ഫടികക്കുടങ്ങളായ് മിന്നാന്‍
സ്നേഹം സ്ഫുരിക്കും മഴയില്‍
വില്ലുകുലയ്ക്കുമീ വാനം
ഏഴുവര്‍ണ്ണങ്ങളാ ചാര്‍ത്തില്‍
സ്നേഹ ബന്ധനം തീര്‍ക്കുന്നു പാരില്‍
വല്ലികള്‍ ബന്ധിച്ച കൈകള്‍
വാനില്‍ കൈകൂപ്പി മൗനം മറക്കേ
സ്നേഹത്താല്‍ വന്നൊരു പക്ഷി
പ്രേമക്കൂടൊന്നു കൂട്ടുന്നു ഹൃത്തില്‍
മൗനം മറന്നുഞാന്‍ പാടി
ഹൃദയരാഗം പകര്‍ന്നുഞാന്‍ കാറ്റില്‍
ശലഭങ്ങള്‍ പൂക്കുന്ന സ്വപ്നം
മഴക്കാറുമായി പിന്നാലെ വന്നു
തുള്ളികള്‍ കോര്‍ത്തൊരു മാല
ഉള്ളില്‍ കുളിരായി ചാര്‍ത്തുന്നു മെല്ലെ
കാലമീ പൂക്കള്‍ കൊഴിക്കേ
ജരപൂണ്ട നരനായി ഞാനും
അകലുന്നു തണലുകള്‍ ദൂരെ
മഴകൊണ്ടു കുളിരുന്നു വീണ്ടും
മനസ്സിതാ ചായുന്നു ചാരെ
പോയ പകലിന്‍റെയോരത്തു മെല്ലെ
ചിറകുവിടര്‍ത്തുന്നു പ്രണയം
മഴക്കൂണുകള്‍ ചാര്‍ത്തിയീ രാവില്‍
രതിനീണ്ട യാമത്തിനൊടുവില്‍
അറിയുന്നു ഞാനെന്‍റെ മരണം.

Tuesday, 15 July 2014

ഉള്ളിലേക്ക്

മുത്തുപതിപ്പിച്ച നീലക്കുടയ്ക്കുള്ളില്‍
അമ്പിളിമാമനെ നോക്കിനില്‍ക്കേ
ഉള്ളിലൊരായിരം താളങ്ങള്‍ ചേര്‍ത്തെന്‍റെ
അമ്മതന്‍ താരാട്ടു കേട്ടുഞാനും

ഇങ്കുചോദിച്ചപ്പോള്‍ നെഞ്ചോടമര്‍ത്തിയാ
പാല്‍ക്കുടം ചുണ്ടിലായ് ചേര്‍ത്തുവച്ചു
അമ്മ പകര്‍ന്നോരാ സ്നേഹത്തിന്‍ പാല്‍ക്കടല്‍
ഇന്നുമേ ചുണ്ടില്‍ കിനിഞ്ഞു നില്‍പ്പൂ

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ കുസൃതിയായ്
ബാല്യം നടന്നങ്ങു മാഞ്ഞുപോകെ
മറ്റൊന്നുമില്ലെന്‍റെ ചിന്തയില്‍ ചേര്‍ക്കുവാന്‍
ശ്രേഷ്ഠമാം തണലിനു പകരമായി

ആകാശക്കൂട്ടിലെ കുഞ്ഞുകൊട്ടാരത്തില്‍
അച്ഛന്‍റെ കൈപിടിച്ചമ്മ പോകെ
എള്ളിന്‍മണികളും കറുകയും കൊണ്ടുഞാന്‍
വെറുതേ മനസ്സില്‍ വിരുന്നുവച്ചു

എന്‍ നിഴല്‍ച്ചന്തത്തില്‍ ചുമ്മാഭ്രമിച്ചു ഞാന്‍
കാലമറിയാതെ പാഞ്ഞുപോകെ
ഇറ്റിറ്റുവീഴും വിയര്‍പ്പിന്‍ കണങ്ങളില്‍
ഞാനുമാ സത്യം തിരിച്ചറിഞ്ഞു

നാളെ പുലര്‍കാലെ പോകണം ഞാനുമാ
കൂട്ടിനകത്തൊരു പൈങ്കിളിയായ്
ഉള്ളില്‍ മറച്ചൊരാ കസ്തൂരി ഗന്ധത്തില്‍
ചേര്‍ന്നുലയിക്കുവാന്‍ പോകവേണം.

ആശ

മിഴിയഴകിലൊഴുകുമൊരു
മഴമുകില്‍ചന്തമേ
വഴിയരുകില്‍ നീയൊന്നു പെയ്തുവീഴാതെ...
കരിമണികള്‍ ചേര്‍ക്കുമൊരു
ജീവിതച്ചൂരിലീ
കരിമുകിലടര്‍ത്തി നീ പെയ്തുവീഴാതെ..
അരിമണികള്‍ കോര്‍ക്കുമൊരു
ചുണ്ടണിച്ചന്തമേ
പശിചേര്‍ത്തു നീയങ്ങടര്‍ന്നുപോകാതെ..
മിഴിയിണകള്‍ കോര്‍ക്കുമൊരു
പ്രണയത്തിലേക്കിനി
പരിഭവചിന്തു നീ നീട്ടിവയ്ക്കാതെ.....
കാലിണകള്‍ ചേര്‍ക്കുമൊരു
ബാല്യത്തിലേക്കിനി
പിച്ചവച്ചൊന്നു നീ വന്നുപോകാതെ..
കൈയിണകള്‍ തേടുമൊരു
താങ്ങിലേക്കായിനി
തരുലതകള്‍ പാകി നീ ചേര്‍ന്നുനില്‍ക്കാമോ?
പുലരൊളികളൊഴുകുമൊരു
ശുഭദിനചിന്തയില്‍
പുളകമായരുവികള്‍ ചേര്‍ത്തുവയ്ക്കാമോ?
ഇതളുകള്‍ ചേര്‍ക്കുമൊരു
പൂവിതള്‍ ചന്തമായ്
പ്രകൃതി നീ എന്നിലേക്കലിഞ്ഞുചേരാമോ?

കൊഞ്ചല്‍

പാഴ്മുളം തണ്ടിലായ് നീ ചേര്‍ത്തതെന്തെന്‍റെ
പ്രണയത്തുടിചേര്‍ത്ത നിസ്വനമോ?
കൂമ്പിയടയുന്ന കണ്ണിണചുണ്ടില്‍ നീ
ചേര്‍ത്ത മധുകണം പ്രേമമാണോ?
കാമശരം ചേര്‍ത്ത നെഞ്ചിന്‍ തുടിപ്പിലായ്
ചേര്‍ത്തൊരീ നാദം പ്രണയമാണോ?
പീലികള്‍കൊണ്ടെന്‍റെ നാഭിയുഴിയുമ്പോള്‍
നീപാടും രാഗത്തിനേതുതാളം
അരമണികിങ്ങിണി ചെമ്മേയഴിയുമ്പോള്‍
എന്നില്‍ത്തുടിക്കുന്നതേതുപ്രേമം
പല്ലവിപാടി നീ എന്നെ മയക്കുമ്പോള്‍
ചുണ്ടില്‍ കിനിയ്ക്കുന്നതേതു രാഗം
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ

കരിമുകിലഴകി

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ

മലയാള മണ്ണിലെ മാസപ്പിറവിയില്‍
ഇന്നുനിന്‍ പേരെന്തു കുഞ്ഞുപെണ്ണേ
കര്‍ക്കിടക രാവിലീ പേമാരിയായി നീ
പഞ്ഞം ചുരത്തുന്നതെന്തുപെണ്ണേ

പാഴോല മാടത്തില്‍ കൂനിയിരിക്കുന്ന
ദുരിതമായ് നീയിന്നു പെയ്തുവീഴേ
ഉള്ളില്‍ നെരിപ്പോടില്‍ വെന്തുകഴിക്കുവാന്‍
ഇല്ലിനി വറ്റൊന്നും എന്‍റെ കൈയ്യില്‍

പ്രാണന്‍ കരുങ്ങുമാ കാലപാശത്തിന്‍റെ
അഗ്രം വലിച്ചു നീ പെയ്തിടാതെ
നാഴിച്ചെറുപയര്‍ ചേര്‍ത്തോരു കഞ്ഞിയില്‍
കപ്പ വിളമ്പിയാല്‍ ഓണമായി

ചിങ്ങപ്പുലരിയില്‍ കുഞ്ഞൊരു പെയ്ത്തില്‍ നീ
അത്തം തികയ്ക്കുന്ന പൊന്മഴയായ്
ഓണക്കളികളില്‍ പുണ്യാഹം പോലെ നീ
തുമ്പ വിതയ്ക്കുന്ന തേനരുവി

കന്നിമാസത്തിലെ നായ്ക്കുലമൊന്നിനെ
ചുമ്മാ നനയ്ക്കുവാനൊന്നുചാറി
നാണം തുടിക്കും സിരകള്‍ക്കുമേലെ നീ
ചാറിപ്പരന്നങ്ങു പാഞ്ഞുപോയി

മിന്നുന്ന വാള്‍ത്തല ഹുങ്കാരമോടെ നീ
പിന്നെത്തിരിച്ചിങ്ങു വന്നിടുമ്പോള്‍
അമ്മ മടിയിലെ ഭണ്ഡാരപാത്രങ്ങള്‍
എല്ലാം നിറയ്ക്കുമാ ത്ലാമഴയില്‍

വൃശ്ചികക്കാറ്റിലായ് ചെറുമഴ തൂകി നീ
കുന്നിറങ്ങുന്നൊരീ താഴ്വരയില്‍
ധനുമാസക്കുളിരിന്‍റെ കമ്പിളിചെപ്പില്‍ നീ
പ്രണയത്തിന്‍ മധുരമായ്‍ ചാറിനില്‍ക്കും

മകരത്തില്‍ പെയ്യുമാ മഞ്ഞല ചിന്തില്‍ നീ
മിഴിപൊത്തിയെങ്ങോ മറഞ്ഞു നില്‍ക്കും
കുംഭത്തിലെങ്ങാനും ഓടിവന്നെത്തുകില്‍
ഉള്ളിലായ് ഉഷ്ണത്തിന്‍ ജ്വാലകൂട്ടും

മീനത്തിലാപെയ്ത്തില്‍ ചന്തം തികയുന്ന
വേനല്‍ മഴയെന്‍റെ കുഞ്ഞുപെണ്ണേ
ആമോദമോടെനിന്‍ പ്രണയക്കുളിരിനെ
ചൂടുമീ മണ്ണിന്‍ പരിഭവങ്ങള്‍

മഞ്ഞണി ചുംബന പീതാംബരങ്ങളാല്‍
കൊന്നകള്‍പൂക്കും വിഷുക്കണിയില്‍
പാടത്തെചേറ്റിലായ് പെയ്തിറങ്ങുന്നു നീ
മേടപ്പുലരിതന്‍ സ്നേഹവായ്പായ്

ഇവടത്തിലേക്കിനി പെയ്തു വീഴ്ത്തിക്കോളു
തോരാത്ത സ്നേഹപ്പെരുമഴകള്‍
മിഥുനമാണിനിയെന്‍റെ മനസ്സിന്‍ തടങ്ങളില്‍
കിനിയു നീ രതിയുടെ മൂര്‍ത്തഭാവം

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ