Friday 25 July 2014

പാല്‍ ഞരമ്പിലേക്ക്

കൊള്ളിവച്ചു ഞാന്‍ സ്നേഹ ഞരമ്പിലായ്
എന്‍റമ്മ വേവുന്നു ചിതയ്ക്കുള്ളിലെ നാളമായ്
പാല്‍ഞരമ്പിന്‍ കനംതൂങ്ങുമാ ഓര്‍മ്മകള്‍
ഹൃദയത്തിലേക്കൊരു ബാല്യം ചുരത്തുന്നു

നെഞ്ചകച്ചോട്ടിലെ കുഞ്ഞിളം കൂട്ടിലായ്
കണ്ടെടുക്കുന്നിതാ അമ്മതന്‍ പൂമണം
ഉള്ളിലൊളിപ്പിച്ച നൊമ്പര തന്ത്രികള്‍
മീട്ടുന്നു സ്നേഹത്തിന്‍ വെണ്ണിലാപ്പൂമഴ

പിച്ചവച്ചീടുമെന്‍ കാല്‍ത്തളക്കാല്‍കളില്‍
നോവുന്നൊരമ്മതന്‍ നെഞ്ചകം കണ്ടുഞാന്‍
അമ്മയന്നന്നുഞാന്‍ മുഴുമിച്ച മാത്രയില്‍
ചെഞ്ചിളംചുണ്ടിലായ് മുത്തം പകര്‍ന്നവള്‍

അരമണിക്കിങ്ങിണിത്താങ്ങിലായ് ചേര്‍ത്തവള്‍
കൊഞ്ചിച്ചു പാല്‍ക്കഞ്ഞി ചെമ്മെ പകര്‍ന്നിതാ
ഉള്ളില്‍ നെരിപ്പോട് കത്തിച്ച മാതിരി
കത്തിക്കയറുന്നു അമ്മതന്‍ പാല്‍മണം

കാല്‍വഴുതിവീഴാ മനസ്സിനെകോര്‍ക്കുന്ന
സ്നേഹക്കുടുക്കങ്ങു നാളമായ്ത്തീരവേ
ചാണകവറളികള്‍ തീര്‍ക്കുമാ ജ്വാലകള്‍
പൂക്കള്‍ പൊഴിക്കുന്നു ആകാശക്കോണിലായ്

ദൂരയാ മാനത്തു മിന്നുന്ന പൂവുകള്‍
അമ്മതന്‍ താരാട്ടിന്‍ ചുംബനപ്പൂവുകള്‍
മണ്ണിലെച്ചാരമെന്‍ നെഞ്ചിലെപൂക്കളായ്
ഗംഗയ്ക്കു നല്കി ഞാന്‍ ഒന്നു നിവരട്ടെ

അമ്മയറിയുമോ എന്നിലെ കണ്ണുനീര്‍
എള്ളിലായ് ചാലിച്ച വറ്റിലെത്തുള്ളികള്‍
ഒന്നുപുണരട്ടെ എന്‍റമ്മയാം ഗംഗയെ
നോവുകള്‍ തീര്‍ത്ഥമായ് നേദിക്കുമമ്മയെ

No comments:

Post a Comment