Tuesday 15 July 2014

കരിമുകിലഴകി

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ

മലയാള മണ്ണിലെ മാസപ്പിറവിയില്‍
ഇന്നുനിന്‍ പേരെന്തു കുഞ്ഞുപെണ്ണേ
കര്‍ക്കിടക രാവിലീ പേമാരിയായി നീ
പഞ്ഞം ചുരത്തുന്നതെന്തുപെണ്ണേ

പാഴോല മാടത്തില്‍ കൂനിയിരിക്കുന്ന
ദുരിതമായ് നീയിന്നു പെയ്തുവീഴേ
ഉള്ളില്‍ നെരിപ്പോടില്‍ വെന്തുകഴിക്കുവാന്‍
ഇല്ലിനി വറ്റൊന്നും എന്‍റെ കൈയ്യില്‍

പ്രാണന്‍ കരുങ്ങുമാ കാലപാശത്തിന്‍റെ
അഗ്രം വലിച്ചു നീ പെയ്തിടാതെ
നാഴിച്ചെറുപയര്‍ ചേര്‍ത്തോരു കഞ്ഞിയില്‍
കപ്പ വിളമ്പിയാല്‍ ഓണമായി

ചിങ്ങപ്പുലരിയില്‍ കുഞ്ഞൊരു പെയ്ത്തില്‍ നീ
അത്തം തികയ്ക്കുന്ന പൊന്മഴയായ്
ഓണക്കളികളില്‍ പുണ്യാഹം പോലെ നീ
തുമ്പ വിതയ്ക്കുന്ന തേനരുവി

കന്നിമാസത്തിലെ നായ്ക്കുലമൊന്നിനെ
ചുമ്മാ നനയ്ക്കുവാനൊന്നുചാറി
നാണം തുടിക്കും സിരകള്‍ക്കുമേലെ നീ
ചാറിപ്പരന്നങ്ങു പാഞ്ഞുപോയി

മിന്നുന്ന വാള്‍ത്തല ഹുങ്കാരമോടെ നീ
പിന്നെത്തിരിച്ചിങ്ങു വന്നിടുമ്പോള്‍
അമ്മ മടിയിലെ ഭണ്ഡാരപാത്രങ്ങള്‍
എല്ലാം നിറയ്ക്കുമാ ത്ലാമഴയില്‍

വൃശ്ചികക്കാറ്റിലായ് ചെറുമഴ തൂകി നീ
കുന്നിറങ്ങുന്നൊരീ താഴ്വരയില്‍
ധനുമാസക്കുളിരിന്‍റെ കമ്പിളിചെപ്പില്‍ നീ
പ്രണയത്തിന്‍ മധുരമായ്‍ ചാറിനില്‍ക്കും

മകരത്തില്‍ പെയ്യുമാ മഞ്ഞല ചിന്തില്‍ നീ
മിഴിപൊത്തിയെങ്ങോ മറഞ്ഞു നില്‍ക്കും
കുംഭത്തിലെങ്ങാനും ഓടിവന്നെത്തുകില്‍
ഉള്ളിലായ് ഉഷ്ണത്തിന്‍ ജ്വാലകൂട്ടും

മീനത്തിലാപെയ്ത്തില്‍ ചന്തം തികയുന്ന
വേനല്‍ മഴയെന്‍റെ കുഞ്ഞുപെണ്ണേ
ആമോദമോടെനിന്‍ പ്രണയക്കുളിരിനെ
ചൂടുമീ മണ്ണിന്‍ പരിഭവങ്ങള്‍

മഞ്ഞണി ചുംബന പീതാംബരങ്ങളാല്‍
കൊന്നകള്‍പൂക്കും വിഷുക്കണിയില്‍
പാടത്തെചേറ്റിലായ് പെയ്തിറങ്ങുന്നു നീ
മേടപ്പുലരിതന്‍ സ്നേഹവായ്പായ്

ഇവടത്തിലേക്കിനി പെയ്തു വീഴ്ത്തിക്കോളു
തോരാത്ത സ്നേഹപ്പെരുമഴകള്‍
മിഥുനമാണിനിയെന്‍റെ മനസ്സിന്‍ തടങ്ങളില്‍
കിനിയു നീ രതിയുടെ മൂര്‍ത്തഭാവം

കരിമുകില്‍ മാനത്തു ചന്തത്തിലേറുന്നു
കരിങ്കുഴലി നീയൊന്നു പാടിവായോ
കൂവളമിഴികൊണ്ടു നെഞ്ചം തകര്‍ക്കാതെ
കരിവള കിലുക്കി നീ പെയ്തുവായോ

No comments:

Post a Comment