Saturday 18 October 2014

യുഗം

നീയാണോ പിണമേയാ 
മലമേലെ പാര്‍ത്തത്
മലമേലെ ദൈവത്താന്‍റെ 
തിരുരൂപം ചമച്ചത്
നാവുനീണ്ട ചുണ്ടുനീട്ടി
പയ്യാരം പറഞ്ഞത്
കൂമ്പാള കൈയ്യിലേന്തി
പൊങ്കാല കുളിച്ചത്
നീയല്ലേ പൊട്ടനായി
തീവട്ടം മറിഞ്ഞത്
പുഴവെള്ളം തടുത്തെന്‍റെ
പാടത്തു തേവ്യേത്
മഴവന്ന നേരത്തെന്‍
മടവെട്ടിത്തുറന്നത്
കുലര്‍ക്കറ്റ കൊയ്തങ്ങു
പടിമേലെ മെതിച്ചതു
പൊലിപാറ്റി പതിരെല്ലാം
പകുത്തങ്ങു കൊടുത്തത്
വഴിതെറ്റി നീയെന്തേ
പിണമായി കിടക്കുന്നു
വടക്കുന്നു വന്നകാറ്റ്
മെതിച്ചില്ലേ നിന്‍റെകൂര
കനത്തുള്ള മഴനിന്‍റെ
മലതന്നെ പിളര്‍ന്നില്ലേ
മദംപൊട്ടി മലവെള്ളം
ഒലിപ്പിച്ചു ദൈവത്താനെ
പകുത്തൊരു പകുതിയില്‍
ദേഹിയില്ല ദേഹമായി
തിരുമുടി മഴച്ചാറല്‍
പിണംതേടും തീക്കുണ്ഡം

No comments:

Post a Comment