Saturday, 18 October 2014

കൂടുമാറ്റം


എന്തിനാണെന്നെ നീ
അടിവയര്‍ത്താങ്ങിലായ്
ചുമ്മാചുമന്നതന്നെന്‍റെയമ്മേ
എന്തിനാണന്നുനീ തീയുള്ളവേദന
തിന്നുതിന്നെന്നെ പെറ്റതമ്മേ
എന്തിനാണന്നനിക്കമൃതമാം മുലകളെ
ചപ്പിക്കുടിക്കുവാന്‍ തന്നതമ്മേ
ചങ്കിന്നുയിരായുണര്‍ത്തുന്ന പാട്ടുകള്‍
എന്തിനായെന്നിലുറക്കിയമ്മേ
എരിവുകൂടാതങ്ങെണ്ണയില്‍ചാലിച്ച
ഉരുളകള്‍ നീയെനിക്കേകിയമ്മേ
പിച്ചനടക്കുമ്പോള്‍ കാലടിനോവുമ്പോള്‍
എന്തുനിന്‍ നെഞ്ചകംനൊന്തതമ്മേ
എന്നുടെ ചുണ്ടിലെ പുഞ്ചിരികൊണ്ടുനീ
നെഞ്ചത്തില്‍ സ്വപ്നങ്ങള്‍ ചേര്‍ത്തതമ്മേ
അന്നു നീ താങ്ങിയ ഗര്‍ഭത്തിന്‍ നോവുകള്‍
ഇന്നിന്‍റെ വാര്‍ദ്ധക്യം കണ്ടെടുക്കേ
നിന്നിലലിയുവാന്‍ വെമ്പും ചിറകുകള്‍
പണ്ടേ കരിച്ചുഞാനെന്തിനമ്മേ
പാഴ്മുളപൊട്ടി വിരിഞ്ഞൊരു പൂവുഞാന്‍
ആഴമറിയാത്ത നോവിന്‍റെ കൂരിരുള്‍
ഞാനുമറിയുന്നു നിന്നിലെ വേദന
അമ്മയായിന്നു പുനര്‍ജനിക്കേ
നീപേറി പെററുവളര്‍ത്തിയ നോവുകള്‍
ഭാണ്ഡത്തിലായിങ്ങു തന്നേച്ചു പോകുക.

No comments:

Post a Comment