Saturday 18 October 2014

നാട്ടുമുല്ലകള്‍ പൂക്കില്ല

കൊലുസിട്ട മരത്തിന്‍റെ
ഇലത്തുമ്പില്‍ ഞാത്തുകെട്ടും
മണിത്തുള്ളി മഴപ്പൊന്നേ
പറഞ്ഞുതായോ
മരച്ചിരി നിലച്ചുവോ
മധുഗന്ധം മറഞ്ഞുവോ?
പറകൊട്ടും കാട്ടുപാത
നിലവിളിച്ചുറങ്ങിയോ?
തുടികൊട്ടിയൊരുമന്ത്രം
മൂപ്പനന്നു ജപിച്ചപ്പോള്‍
മലമേലെ ഒരുമേഘം
വഴുതിവീണോ
കാടുതന്ന പൂക്കള്‍തന്നെ
മലദൈവത്താനു നല്കി
കാട്ടുചോല തേനരുവി
പതഞ്ഞു പാടി
കാടിനുണ്മ കോര്‍ത്തനന്മ
കാട്ടുമക്കള്‍ ചേര്‍ത്തുവച്ച്
പാട്ടൊരുക്കി ഗോത്രമായി
കഴിഞ്ഞ കാലം
കാവുപൂത്തു കനവുപൂത്തു
കാട്ടിന്മക്കള്‍ ചേര്‍ന്നുപാടി
കാടുനല്കും ഉറവകൊണ്ടു
നിറഞ്ഞ കാലം
വന്നു ദേശക്കെട്ടുചുറ്റും
കാടുകാക്കും ഭരണതന്ത്രം
നാടരെന്ന വന്യജീവി
സന്നിവേശങ്ങള്‍
കാടളന്നു കല്ലുമിട്ടു
വേലികെട്ടി വരികുഴിച്ചു
നല്ലചോല കാടുവെട്ടി
മരവും നട്ടു
മാന്‍മറഞ്ഞു കിളിപറന്നു
നല്ലചോല കാടുവെന്തു
കാട്ടുജീവി അസ്ഥിയായി
കൂടുമാറുന്നു
പാടിനിന്ന കാട്ടുപെണ്ണ്
നെഞ്ചുനൊന്താ കൂട്ടിനിള്ളില്‍
പിടപിടച്ചൊരു മുട്ടയിട്ട്
അമ്മയാകുന്നു
വഴിമറന്ന കാട്ടുപാത
വഴുവഴുത്ത പുതപ്പിനുള്ളില്‍
കാട്ടദൈവപുരക്കൂട്ടിന്‍
വാതില്‍ ചാരുന്നു
കാടുമില്ല തേവരില്ലാ
കാട്ടുമക്കള്‍ കരയുമ്പോള്‍
ധാന്യമൊന്നു വിതറിയിന്നീ
നാട്ടുമക്കള്‍ ചിരിക്കുന്നു
പ്രാണനുള്ള കാടിനുള്ളില്‍
പ്രാണനില്ലാ മക്കളായി
ഗോത്രമെന്ന സംസ്കാരം
വെന്തു നീറുന്നു.
ഇന്നു നമ്മള്‍ മറക്കുന്ന
കാട്ടുചോല പൂങ്കുളിരില്‍
നാട്ടുമുല്ല പൂക്കില്ല
ഓര്‍ത്തുവച്ചോളൂ

No comments:

Post a Comment