Tuesday, 29 October 2013

പറന്നു തുടങ്ങുമ്പോള്‍

ഏകാന്തതതയുടെ
തടവറകളില്‍
വിശ്രമിച്ചൊടുങ്ങാത്ത നൊമ്പരങ്ങള്‍

ചിറകടിച്ചുയരുമ്പോള്‍
വര്‍ണ്ണചിറകുകളില്‍
അല്പായുസ്സിന്‍റെ വിധിരേഖകള്‍
കോറിവരച്ചിരിക്കുന്നു

ലഹരിമൂത്ത്
മധു നുകരുമ്പോള്‍
ഇരിക്കുന്നദളങ്ങള്‍ വാടിവീഴാന്‍
ഇനിയെത്ര സമയമെന്നൂഹിക്കുന്നില്ല

ഓരോ പൂവുകളും
അധികാരത്തിന്‍റെ
വര്‍ണ്ണസിംഹാസനങ്ങള്‍
സമ്മാനിക്കുമ്പോള്‍
അരികില്‍ പതിയിരിക്കുന്ന
നരകവാതിലുകള്‍
നിശബ്ദമായി മലര്‍ക്കെ
തുറന്നിരിക്കുന്നു

ഒന്നു നിവര്‍ന്നുപറക്കുമ്പോഴേക്കും
കണ്ണുകളില്‍ ഇരുട്ടുകയറി
ചിറകുകള്‍ തളര്‍ന്ന്
അവശനാകുന്നു

ഇനിയുള്ള സമയം
മധുനുകര്‍ന്ന് ലഹരിയില്‍
ദുരകൊണ്ട സമയത്തെയോര്‍ത്ത്
ഒന്നു പശ്ചാത്തപിക്കാം

ഇനി പുനര്‍ജനിക്കേണ്ടതില്ലല്ലോ?

Friday, 18 October 2013

ആല്‍മരം

ഒരു കവിതമെല്ലെ കുറിക്കട്ടെ ഞാനെന്‍റെ
മിഴികള്‍ കടംകൊണ്ട സ്വപ്നമായി
നാലമ്പലത്തിന്‍ വെളിയിലീ കാവലാള്‍
ജടതീര്‍ത്തു നോവു പകര്‍ന്നിടട്ടേ
ബോധിമരമെന്നുബുദ്ധന്‍പറഞ്ഞൊരാ
ആത്മവൃക്ഷത്തിന്‍റെ പന്തല്‍ തീര്‍ക്കാന്‍
ഇന്നെന്‍റെ കൈകള്‍ നിലത്തുപതിച്ചുഞാന്‍
കുമ്പിട്ടു കുമ്പിട്ടു നിന്നിടുന്നു
പണ്ടെന്‍റെ മടിയില്‍ തളര്‍ന്നുമയങ്ങിയ
പഥിതരെ ഞാനേറേ കണ്ടിരുന്നു
എന്നെകുറിച്ചേറെ മന്ത്രങ്ങള്‍ ചൊല്ലിയോര്‍
ഏറെ പ്രദക്ഷിണം വച്ചിടുന്നു
കുറ്റവും ശിഷയും തീര്‍പ്പുമായന്നേറെ
നാട്ടുപ്രമാണികള്‍ വന്നിരുന്നു
പെരുമ്പറതീര്‍ത്തൊരാ രാജവിളംബരം
പണ്ടേറെക്കണ്ടുഞാന്‍ എന്‍റെ മുന്നില്‍
കഴുമരമേറിയകന്നോരാ ചിന്തകള്‍
ബലിയിട്ടുവന്നൊരാ കാകനായി
വീണ്ടുമൊരു തണല്‍ക്കാത്തകന്ന ദിനത്തിനെ
മാറില്‍പുതയ്ക്കാനായ് കാറ്റുവന്നു
ചേക്കേറിയെന്നുടെ പീലി ഞരമ്പിലായ്
കളംകളം പാടി രസിച്ചിടുന്നു
വേനലടര്‍ത്തിയെടുത്തൊരാ ഇലകളില്‍
ചിതപോലെ അഗ്നി പടര്‍ന്നിടുന്നു
കാതില്‍കുരുങ്ങുമൊരു ഗ്രാമത്തിന്‍ചിന്തുകള്‍
കുളിരായ് മനസ്സില്‍ കരുതിടുന്നു
വടികുത്തിയിന്നെന്‍റെയരുകിലിരിക്കുന്ന
വൃദ്ധന്‍റെ ബാല്യമെന്‍ വിരലിലെത്തേ
കാലം പറത്തിയ അപ്പൂപ്പന്‍ താടിപോല്‍
ജന്മങ്ങള്‍ വന്നു മറഞ്ഞിടുന്നു
ഇനിയെത്രനാളീത്തണല്‍പിച്ച നല്കുവാന്‍
ആകാശകോട്ടകള്‍ കാവല്‍ നില്‍ക്കും
രാത്രിതന്‍ ഭീകരസ്വപ്നത്തിലെത്തെവേ
നിഴല്‍പോലുമെന്നെ പിരിഞ്ഞിടുന്നു
നീട്ടിവളര്‍ത്തിയ കാല്‍ നഖമൊന്നുമേ
വെള്ളതണുവൊട്ടു കണ്ടതില്ല
ഭൂമിയാം അമ്മയും കണ്ണുമിഴിക്കുന്നു
വേനല്‍തുടിപ്പിക്കും ദാഹത്താലേ
ഒരുവേളകൂടിഞാന്‍ മധുരം ചുരത്തട്ടേ
കാക്കേ നീ വായ്പുണ്ണ് മാറ്റിവയ്ക്കൂ
നാളെപ്രഭാതത്തില്‍ ബലിയിട്ടുനല്കുവാന്‍
എന്നുടെ മൂടു പറിച്ചുമാറ്റും
മുറിയറ്റ പിണ്ഡത്തിന്‍ മുകളിലായ്പാറിനീ
ചരിത്രം പറഞ്ഞു കരഞ്ഞിടുക

കലി

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍

വിടര്‍ന്നാടട്ടെ തരുണികള്‍
വിഷധൂളികള്‍ ചുരത്തും ഫണങ്ങളില്‍

പകര്‍ന്നുറയട്ടെ രുധിരവും
രതിമറന്ന കാമവെറികളില്‍

പകലുറങ്ങട്ടെ ലഹരിതണുപ്പിച്ചൊരീ
നിഴലറിയാക്കയങ്ങളില്‍

പെയ്തുതോരട്ടെ കണ്ണീര്‍വറ്റിചുളിഞ്ഞ
കൃശഗാത്രരാം മേഘരൂപികള്‍

പടര്‍ന്നോഴുകട്ടെ മൗനം രക്തതളങ്ങളില്‍
ചലനമറ്റ കബന്ധങ്ങള്‍ പോലവേ

മനസ്സിന്‍ ദാനപാത്രങ്ങളില്‍ വിഷംചേര്‍ത്ത്
പകരട്ടെ മതഭ്രാന്തില്‍ പുതിയ ലായങ്ങളില്‍

മൂക്കളയൊലിപ്പിച്ചലയും തെരുവുകള്‍
പിച്ചതെണ്ടിക്കരയും ചെറുബാല്യങ്ങളാകട്ടെ

മുലചുരത്തട്ടെ അധികാരകോണുകള്‍
കലിചേര്‍ത്തുണര്‍ത്തുന്ന തെരുവുയുദ്ധങ്ങള്‍

മറക്കുക നാം നമ്മെത്തന്നെ, യുള്ളിലുറയും
നന്മയെ ബലിവച്ച്, കാക്കുക കലിമനസ്സിനെ

ഇതു കലികാലം, സ്നേഹവും പ്രണയവും
വഴിതെറ്റിയകലുന്ന ബലാല്കാരങ്ങള്‍

വേഴ്ചകള്‍ മനസ്സിന്‍കുടിലതന്ത്രങ്ങള്‍
കാഴ്ചദ്രവ്യങ്ങള്‍ മനസും പിതൃത്വവും

നാവുനീണ്ടലറുമാ കറുത്തകലിയെ
കാണുവാനാവില്ലെനിക്കിനിയശേഷവും

കണ്ണടയ്ക്കുന്നു, മറന്നുറങ്ങുന്നൂ ഞാനാ
മനുഷ്യത്വം പിച്ചിയെറിഞ്ഞകുഴിമാടങ്ങളില്‍

കെടുത്തൂ വിളക്കു നീ വേഗം
ഉള്ളില്‍നിറയ്ക്കട്ടെ ഞാനാ തമസ്സിന്‍റെരാഗം

കരിനിഴല്‍ പുതപ്പിച്ച നാഗം
ചുരുളട്ടെയെന്‍ കണ്ണിന്‍ ചുഴികളില്‍.

Friday, 11 October 2013

അനാഥത്വം

ഞാന്‍ നിന്‍റെവഴികളില്‍
പഥികനായ്നില്‍ക്കാം
നീ നിന്‍റെഭാണ്ഡ-‌
മെടുത്തുകൊള്‍ക

ഉണരുമുഷസിന്‍റെ
നിഴലായ് നടക്കാം
പ്രാരാബ്ദദുഃഖങ്ങള്‍
കൂട്ടിവയ്ക്കാതെ

അന്നുനീ കണ്ട
കിനാക്കളായ് മാറാന്‍
കൈകോര്‍ത്തുമെല്ലെയീ
നെഞ്ചിലായ്ചായൂ

വൃദ്ധരാം നമ്മളീ
തെരുവിലല്ലാതെ
തീര്‍ത്ഥാടനത്തിന്‍റെ
നാള്‍വഴിപൂകാം

നമ്മള്‍ പടഞ്ഞിട്ട
ജീവിതപാത
നല്കുക നീ നിന്‍റെ
കുഞ്ഞിനായ്തന്നെ

നാളെ പുലര്‍കാലെ-
യാകുന്നവേള
അവനുടെ മാര്‍ഗ്ഗവും
ഇതുതന്നെയോര്‍ക്കൂ

പിച്ചവയ്ക്കുന്നോരു
കുഞ്ഞിന്‍റെ സ്നേഹം
മായില്ലൊരിക്കലും
ഉള്ളിന്‍റെയുള്ളില്‍

കൈയ്യിലണക്കുന്ന
കൈക്കുഞ്ഞുതന്നെ
ഇന്നുമവനെന്‍റെ
നെഞ്ചകം തന്നില്‍

നീവരിക പെണ്ണെയെന്‍
ഒപ്പത്തിനൊപ്പം
കാഴ്ചകള്‍ പലതിനി
കാണുവാനായി

അമ്പലമുറ്റത്തെ
ആല്‍ത്തറക്കോണില്‍
കഥകള്‍പറഞ്ഞങ്ങു-
ണര്‍ന്നുചിരിക്കാം

സഞ്ചിയില്‍കൊള്ളുമീ
ജീവിതവേഷം
തോളിലായ്തൂക്കി
നടന്നുരസിക്കാം

ഉണ്ണിയാംകൃഷ്ണനെ
കണ്ടുരസിക്കാം
നമ്മുടെയുണ്ണിയെ
കണ്ടങ്ങുറങ്ങാം

ഒരു നേരമന്നത്തെ
കണ്ടുഭുജിക്കാം
നന്മനിറഞ്ഞൊരാ
ദൈവത്തെപൂകാം

നാഥനവന്‍തന്നെ
എന്നുമീഭൂവില്‍
ഓര്‍ക്കുകനമ്മളില്‍
പ്രാണനായ്തന്നെ

Thursday, 10 October 2013

സ്ത്രീ

സ്ത്രീ
നീണ്ട ഇകാരംചേര്‍ന്ന
കൂട്ടക്ഷരത്തിന്‍റെ
അര്‍ത്ഥവ്യാപ്തി

സ്വാതന്ത്ര്യത്തിന്‍റെ
പകുതിയക്ഷരങ്ങളും
കാര്‍ന്നുതിന്നുമ്പോഴും
വിലപിച്ചുകൊണ്ട്

ചുടലഭംസ്മംപൂശി
മൃഗത്തോലുടുത്ത്
നാഗാഭരണംചാര്‍ത്തി
ഭയമറ്റ ശിവനാമത്തിന്‍റെ
ഇകാരമായവള്‍
ഇവിടെ ശക്തിയാര്‍ക്ക്

കണ്ണീര്‍തുള്ളികളില്‍
അലിയിച്ചെടുത്ത
കവിഭാവനകള്‍
സ്ത്രീയുടേതാകുമ്പോള്‍
അവളബലയാകുന്നോ?

വലിച്ചഴിക്കപ്പെട്ട
സാരിതുമ്പിലേക്കു
വിശുദ്ധിയുടെപുടവകള്‍
ഇഴചേരുമ്പോള്‍
തളര്‍ന്നത് സ്ത്രീയോ
പുരുഷനോ

വിശുദ്ധിയുടെ
നിഴല്‍ചിത്രങ്ങള്‍ക്കുമീതെ
മുഴുമിച്ചെടുത്ത കഥകളില്‍
കവി പുരുഷനാകുമ്പോള്‍
സ്ത്രീ വിതുമ്പുകയാണോ?

നിവര്‍ന്ന നട്ടെല്ലുകളില്‍
ബീജവാഹിനിയായി
മാതൃവാത്സല്യം
ചുരത്തുമ്പോള്‍
അവള്‍ പൂജ്യയാകുന്നില്ലേ

തലകുനിക്കപ്പെടുന്ന
കാമപൂരിതങ്ങളായ
ആഭരണചാര്‍ത്തിനിപ്പുറം
ഉറഞ്ഞാടുന്ന ദേവീയെ
കുമ്പിടുന്നതു നീയറിയുന്നില്ലേ

നിന്‍റെ വിലാപങ്ങള്‍
രോദനങ്ങളല്ല
പുതിയലോകത്തിന്‍റെ
ശംഖ്വലികളാണ്

പെണ്ണെഴുത്തില്‍
പുരുഷനുനേരേ
വലിച്ചെറിയുന്നവാഗ്ശരങ്ങള്‍
നിന്‍റെയുയര്‍ച്ചയാക്കായ്
നീ തൊടുത്തുവിടുക

നിന്‍റെയിണയുടെ താഴ്ചയിലല്ല
നിന്‍റെ വളര്‍ച്ചയിലാണ്
നിന്‍റെയുയര്‍ച്ച

നിനക്കുമുകളില്‍
മതവും സമൂഹവും
വളര്‍ത്തി വീശിയ
ശിഖരം നീ വെട്ടിമാറ്റൂ

നീയും പുരുഷനും
കാലത്തിന്‍റെ കണക്കുതാളില്‍
വലിച്ചറിയപ്പെട്ട മാംസഗോപുരങ്ങള്‍

അവശേഷിക്കുന്നതപ്പോഴും
ഉരുകിയുറഞ്ഞ
ആത്മാവിന്‍റെ നന്മമാത്രം

ഒരുബലിതര്‍പ്പണം

കൈക്കുടന്നയില്‍ ചേര്‍ത്തൊരു നൊമ്പരം
നെഞ്ചിലെ നാളമായ് ബലിയിട്ടു നല്കവേ
ചുണ്ടുകള്‍വിങ്ങിയ വാക്കുകള്‍കേട്ടെന്റെ
നെഞ്ചകംതന്നെ തകര്‍ന്നങ്ങലിഞ്ഞുപോയ്

തേടുമോ നീയെന്റെയമ്മയെ യാത്രയില്‍
നല്കുമോ നീയവള്‍ക്കീച്ചെറുവറ്റുകള്‍
കണ്ണിലുരുണ്ടൊരാ നീര്‍മണിത്തുള്ളിയെ
ഞാനാം പുഴയങ്ങുചേര്‍ത്തുവച്ചീടവേ

മുങ്ങിക്കുളിച്ചവന്‍ എന്മടിത്തട്ടിലായ്
കൈകൂപ്പിയമ്മയെ തെല്ലുസ്മരിച്ചുടന്‍
അമ്മയെ വാഴ്ത്തുമാ പിഞ്ചിളംകുഞ്ഞിന്റെ
നോവുകള്‍ ചേര്‍ത്തുഞാനെന്റെയാത്മാവിലും

ദര്‍ഭയണിഞ്ഞൊരാ കുഞ്ഞുവിരലുകള്‍
അമ്മയ്ക്കുനല്കിയ പുത്തരിവറ്റുകള്‍
നെഞ്ചില്‍ത്തുടിക്കും പെരുമ്പറയോടെഞാന്‍
നെഞ്ചകം തന്നിലായ് ചേര്‍ത്തുവച്ചെപ്പൊഴേ

കാണാത്തൊരമ്മതന്‍ പൈതലുനല്കിയ
സ്മൃതിയുടെ നൊമ്പരം നെഞ്ചില്‍ നിറച്ചുഞാന്‍
കളങ്കംനിറയാത്ത കണ്‍മണികുഞ്ഞിനായ്
അമ്മിഞ്ഞപോലെ ചുരന്നങ്ങൊഴുകിഞാന്‍

എവിടെത്തിരയേണ്ടു അമ്മയെ ഞാനിനി
കുഞ്ഞുണ്ണിക്കുട്ടന്റെ നൊമ്പരം മായ്ക്കുവാന്‍.

Tuesday, 8 October 2013

മായ

പൊട്ടിച്ചെറിഞ്ഞെന്‍റെ
പൊന്‍മണിവീണഞാന്‍
കാതിലെനിക്കിനി ഈണംവേണ്ട

കണ്ണിലിളകും
തിരകള്‍ക്ക്മുന്നിലീ
പ്രണയം തുടിക്കുന്നതാളംവേണ്ട

പാറിപറക്കും
മനസ്സിന്‍റെ താളമീ
കാറ്റില്‍ ലയിപ്പിക്കും വീണവേണ്ട

ഞരങ്ങും വിരലുകള്‍
ചേര്‍ത്തുവയ്ക്കുന്നൊരാ
ശ്രുതിചേര്‍ന്നമൗനമാണെന്‍റെ ഗാനം

പ്രണയത്തിന്‍ പൂവുകള്‍
ഉള്ളില്‍ ജനിപ്പിച്ച
മധുരമാം തന്ത്രികള്‍ എവിടെയാണോ?

ജീവിതനൗകതന്‍
ചോര്‍ച്ചയാം കണ്ണീരെന്‍
ഹൃദയത്തില്‍ തീര്‍ക്കും പെരുമഴയില്‍

കാലമൊരുക്കി
പടുത്തുവയ്ക്കുന്നൊരാ
അമൃതമാം കുംഭമൊന്നുള്ളില്‍ വയ്ക്കേ

തരുമോ വസന്തമേ
ഒരുതാലികൂടിനീ
കിരണങ്ങളേറും പ്രഭാതമായി

നീ തരും സ്നേഹമെന്‍
മൗനത്തിലര്‍ച്ചിച്ച
മധുരമാം സ്വപ്നമാണെന്‍റെ ജീവന്‍

മധുചേര്‍ന്ന പൂവിന്‍റെ
യുള്ളില്‍തുടിക്കുമീ
ബീജമായ് സ്വപ്നത്തെ മാറ്റിവയ്ക്കാന്‍

ഒരു രാവില്‍ നീയെന്നെ
ക്രീഡയില്‍ ബന്ധിക്കൂ
പുതിയയുഷസിനായ് പൂവുചൂടാന്‍

അലയുമീകാറ്റിന്‍റെ
താളത്തിനൊത്തൊരു
താരാട്ടുകൂടി പകുത്തുവയ്ക്കൂ

അലിയുന്നു ഞാനീ
പ്രപഞ്ചമായെന്നുമീ
ശൂന്യപൊരുളിന്‍റെ റാണിയായി

Monday, 7 October 2013

ഒളിച്ചോട്ടം

അവന്‍ മറന്നുവച്ച
ഞവരയില
ഒരുകുളിര് എന്‍റെ മാറിടത്തില്‍
പതിപ്പിച്ചപ്പോലെ

സ്ലേറ്റിലേക്ക് പകര്‍ന്ന
അക്ഷരക്കൂട്ടുകള്‍
മായ്ചെടുക്കാനാവണം
അവനത് കരുതിയത്

എഴുതിവച്ചത്
എന്‍റെ ഹൃദയത്തിലാണെന്ന്
അവന്‍ മറന്നുകാണും

നക്ഷത്രങ്ങള്‍ പെയ്തിറങ്ങിയ
ആ നിലാവില്‍
അവനോടൊട്ടിനില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചുരന്നത്
അഭയത്തിന്‍റെ അശ്രുകണങ്ങളായിരുന്നു

കൈയ്യത്തിതൊടാവുന്ന
അകലത്തില്‍ എന്നെ ഭ്രമിപ്പിച്ച്
ഹൃദയത്തിനെ പിളര്‍ക്കുമാറ്
വേദനതന്ന് നീയെന്തിനിങ്ങനെ

മുലയുട്ടിയോമനിച്ച
എന്‍റെ കിടാങ്ങള്‍
ഈറന്‍മിഴികള്‍ കാത്തുവച്ച്
നിന്നോടൊപ്പം യാത്രയയ്ക്കാന്‍
ഒരുങ്ങിയിരിക്കുന്നു

അവരറിഞ്ഞുകാണണം
എന്‍റെ കാമുകനെ

അദ്യശ്യനായി എന്നെനീ
ചേര്‍ത്തെടുക്കുമ്പോള്‍
മുഖമാനെഞ്ചിലേക്ക്
ഞാനൊന്നമര്‍ത്തിവച്ചോട്ടെ

അവരുടെ വിതുമ്പല്‍
എന്നെ ചൂളിക്കാതിരിക്കട്ടെ

ഞാനെന്ന
സമസ്യക്കൊടുവിലൊരു
മാംസപിണ്ഡം
ഞാനയാള്‍ക്കും സമര്‍പ്പിക്കട്ടെ,
എന്‍റെ ഭര്‍ത്താവിന്

ചുടലയിലേക്കെത്തുമ്പോഴും
അയാള്‍‍കരുതട്ടെ
ഞാന്‍ പതിവ്രതയെന്ന്

നിന്നോടൊപ്പമുള്ള ഒളിച്ചോട്ടത്തിന്
ഒരു തിരുച്ചുവരവില്ലെന്ന
നിത്യബോധത്തോടെ.

മിണ്ടാനാകാതെ

എന്‍റെ ഗ്രാമം
തുടുത്ത കവിളിതളില്‍
പുതിയ ചായങ്ങള്‍ ചാലിച്ച്
കാമാതുരയായി
വിടര്‍ന്നുനില്‍ക്കുന്നു.

മുന്‍പെന്നോ
ഞാനവളുടെ ഹൃദയവും
തുടിപ്പുമായിരുന്നു

രണ്ട്ചെമ്മണ്‍പാതകള്‍ തീര്‍ത്ത
നാല്‍ക്കവലയില്‍
വിടര്‍ന്ന ആല്‍മരത്തിനുനുകീഴെ
അവളുടെ ഹൃദയമായി
ഞാന്‍ മൂളിക്കൊണ്ടിരുന്നു.

ഏറുമാടക്കടയിലെ രത്നാകരേട്ടന്‍
രാവിലെ എന്നെയുണര്‍ത്തും

പിന്നെ വായ്തോരാതെ
ആകാശവാണിയുടെ
ഒഴുകിയെത്തുന്ന തരംഗങ്ങളെ
ഗ്രാമത്തിന്‍റെ തുടിതാളമായി
പകര്‍ന്ന് ജോലിതുടങ്ങുകയായി.

കണാരേട്ടനും, മാധവന്‍ മാസ്റ്ററും
ചെത്തു വേലായുധനും
വാസുവേട്ടനും, നിരന്ന
ആല്‍ത്തറ, എന്‍റെ മൊഴികള്‍ക്ക്
പുതിയ അര്‍ത്ഥതലങ്ങള്‍തേടും

ഇതിനിടയിലെപ്പോഴോ
ചെമ്മണ്‍ പറത്തി പറന്നെത്തുന്ന
രാഗിണി ബസ്
യാത്രക്കാരോടൊപ്പം
ഒരു വര്‍ത്തമാനപത്രവും
അവര്‍ക്കായ് വച്ചുനീട്ടും

എനിക്കിനിയല്പം വിശ്രമമാണ്
ചര്‍ച്ചകള്‍ കറുത്തയക്ഷരങ്ങളിലൂടെ നീണ്ട്
പലവഴിക്കായി പിരിയും

രത്നാകരേട്ടന്‍
അമ്മിണിപശുവിനെ
പാടത്തേക്ക് കൊണ്ടുപോകുമ്പോള്‍
എന്‍റെ ശബ്ദത്തിനും പൂട്ടുവയക്കും

പിന്നെനിക്ക് കൂട്ടായി
മുത്തിയമ്മയും തത്തയും മാത്രം
വഴിയാത്രക്കാരെ പുലഭ്യം പറഞ്ഞും
നീട്ടിവിളിച്ചും
അവരവിടെക്കിടന്ന് മയങ്ങും

നേരം സന്ധ്യമയങ്ങുമ്പോള്‍
ഞാന്‍ വീണ്ടും പാടിയും കഥപറഞ്ഞും
കൃഷിപ്പാടം പറഞ്ഞും
ഉണരുകയായി

ഒപ്പമൊരു ചന്തയും
അവിടെ അരങ്ങൊരുങ്ങും
ഏകദേശം ഗ്രാമം മുഴുവന്‍
എന്‍റെചുറ്റും

രാവേറെക്കഴിയുമ്പോള്‍
രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചകളും
കലാസാഹിത്യ പ്രവര്‍ത്തനങ്ങളുമായി
എന്‍റെ പിന്നിലെ ഗ്രന്ഥശാലയില്‍ ഒരു കൂട്ടം

പിന്നെ നാടുറങ്ങുകയായി
ഒരു നിലാവെളിച്ചെത്തിലെന്നപോലെ

ഇന്നും ഈ ഗ്രാമത്തില്‍ ഞാനുണ്ട്
മറാലകള്‍ പൊതിഞ്ഞ്
കൊടിതോരണങ്ങള്‍ കൊണ്ട് മറഞ്ഞ്
മിണ്ടാനാകാതെ ഗ്രാമത്തിന്‍റെ
ചായക്കൂട്ടിനകത്ത്
ശ്വാസഗതിയകന്ന്
മഷിയെഴുതാതെ

Wednesday, 2 October 2013

ആത്മഗതം

പൊക്കിള്‍കൊടി
മുറിക്കുന്നതുകാത്തുനില്‍ക്കാതെ
ആ കുഞ്ഞുമൂക്കിലൂടെ
പാഞ്ഞുകയറി
പുറത്തിറങ്ങുമ്പോള്‍
എനിക്കൊരു
ചോരകുഞ്ഞിന്‍റെ മണം

ആശുപത്രിയുടെ
തുറന്ന ചില്ലുജാലകത്തിലൂടെ
മരണത്തിന്‍റെ പ്രാണനുകേഴുന്ന
മുത്തശ്ശന്‍റെ മൂക്കിലേക്ക്
വലിഞ്ഞിഴഞ്ഞു കയറിയപ്പോള്‍
വാര്‍ദ്ധക്യത്തിന്‍റെ
രോദനം എന്നിലേക്ക്
പടര്‍ന്നുകയറി

പടര്‍ന്ന ഇലപടര്‍പ്പിനടിയില്‍
കാമുകിക്കായ് തന്‍റെ
ചുണ്ടടുപ്പിക്കുമ്പോള്‍
പ്രണയത്തില്‍നിന്ന്
കാമത്തിലേക്കുള്ള
ഊടുവഴികള്‍ തിരഞ്ഞ
നിശ്വാസമായി ഞാനുണര്‍ന്നു

ഇനിയൊന്നു പറക്കാം
വൃ‍ഷത്തലപ്പുകളിലും
പുല്‍ക്കൊടികളിലും
ജീവജാലങ്ങളിലും
കയറിയിറങ്ങി
മനുഷ്യന്‍തന്നയീ
കറുത്തകുപ്പായവുംപേറി
പ്രാണനായി
ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്

ശ്വാസമടക്കി പ്രാണായാമം
ശീലിക്കുന്നതിനുമുമ്പ്
മനുഷ്യന്‍ എന്നെയൊന്ന്
മനസ്സിലറിഞ്ഞിരുന്നുവെങ്കില്‍

സുഖം

മൂന്നരമുഴം
നീളത്തിലുള്ള
ഒരുപിണം

ആജീര്‍ണ്ണവസ്തുവിനായി
ഒരുപേര്

നാണംകെട്ട
പ്രവൃത്തികള്‍
മറച്ചുവയ്ക്കാനായി
ഒരു വേഷം

വേഷമില്ലാത്ത
ജീവികള്‍
നിഷ്കളങ്കര്‍

മറവുചെയ്യാനുള്ള
ഇടത്തിനപ്പുറത്തേക്ക്
കൈനീട്ടി
ആയുധമെടുത്ത്
ആര്‍ത്തിപൂണ്ട്
മറുപിണത്തിലേക്ക്

ഒടുവില്‍
കാല്‍കുഴഞ്ഞ്
കണ്ണടഞ്ഞ്
പിണംപോലുമില്ലാതെ

പണമൊടുങ്ങി
ഫണമടങ്ങി
ഇന്ദ്രിയനാശത്തിലേക്ക്

സുഖം
പരമാനന്ദസുഖം