Monday, 23 May 2016

അക്ഷരജാലം

മേലാകാശക്കീഴേ പുതിയൊരു
അക്ഷരജാലം തീര്‍ത്തീടാന്‍
സ്നേഹക്കൈവിരല്‍ കോര്‍ത്തുപിടിച്ചീ
അറിവിന്‍തണലില്‍ ചേക്കേറാം

കഥകള്‍പറഞ്ഞും കവിതരചിച്ചും
കോറിവരച്ചും ചൊല്ലുമ്പോള്‍
അക്ഷരമഗ്നിയതുള്ളില്‍ക്കയറി
അജ്ഞതനീക്കിയുറഞ്ഞീടും

തുള്ളിപ്പെരുമഴയെന്നകണക്കേ
കൊഞ്ചിപ്പാടിരസിക്കുമ്പോള്‍
അക്ഷരവഞ്ചിമെനഞ്ഞു നമുക്കൊരു
അജ്ഞാനത്തിന്‍ കരകേറാം

കണ്ടുമനസ്സിനുള്ളില്‍കൂട്ടിയ
കൗതുകമോരോന്നറിയുമ്പോള്‍
ചിന്തകള്‍കൊണ്ടൊരു പാഠംമെനയാം
ഉള്ളാലുള്ള വിശപ്പാലെ

പുഞ്ചിരിയാലൊരു താളംകൊട്ടി
അക്ഷരമുള്ളില്‍ നിറച്ചോളൂ
ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

കനല്‍

കനല്‍
----------------
കനലു പാകുമീ നോവുപാടങ്ങളില്‍
നദികള്‍ മൗനമായുള്‍വലിഞ്ഞീടവേ
കണ്ണുനീര്‍ത്തുള്ളി ചാലിച്ച മുഖവുമായ്
തുള്ളിതേടുവാന്‍ പോകും കുടങ്ങളില്‍
നെഞ്ചുടച്ചു കലക്കി പകര്‍ന്നിടും
അമ്മനോവിന്‍ നെഞ്ചകപ്പൂവുകള്‍
ഉണ്ണിതേങ്ങാതെ നെഞ്ചിലമര്‍ത്തിയാ
പാല്‍ചുണ്ടു നീട്ടിയീയമ്മ മരിക്കവേ
ഒന്നുകേഴാതെ ദൂരെയാ കാര്‍മുകില്‍
കണ്ണുപൊത്തി കറങ്ങുന്നു വാനിലായ്
കിണറുതാഴ്ത്തി തുടംവച്ചുകോരുവാന്‍
കരയില്‍ നൂറു കരങ്ങള്‍ചേര്‍ന്നീടവേ
കനല്‍പഴുപ്പിച്ച ദാഹക്കുടങ്ങളില്‍
കലിപടര്‍ന്നങ്ങു വാക്കേറ്റമേറുന്നു
തുള്ളി കോരാതെ സങ്കടച്ചോലകള്‍
വെട്ടിയാര്‍ക്കുന്ന കോമരക്കണ്ണുകള്‍
കണ്ണുകാണാത്ത തീമഴച്ചൂടിനാല്‍
വെന്തുതേങ്ങുന്ന പിഞ്ചിളംചുണ്ടിലെ
ദാഹമൊപ്പുവാനൊരുതുടം കോരുമോ
അമ്മകേഴുന്ന സങ്കടപ്പെരുമഴ
നെഞ്ചലിയാത്തൊരീരണഭൂമിയില്‍
തമ്മില്‍ക്കോര്‍ക്കുന്ന തിക്കിത്തിരക്കുകള്‍
തൊണ്ടവറ്റുന്ന കുഞ്ഞുപിടഞ്ഞുടന്‍
കൈതണ്ടുതെറ്റി പതിച്ചുകിണറ്റിലും
ചുണ്ടിണയൊപ്പി കുടിച്ചു ജലമതില്‍
കണ്‍മിഴിച്ചുമലര്‍ന്നുകിടപ്പവന്‍
നെഞ്ചുടച്ചു പകുത്ത ജലത്തിനെ
പങ്കുവയ്ക്കാന്‍ മടിയ്ക്കുന്നമക്കളേ
നിങ്ങള്‍തന്‍ സ്വാര്‍ത്ഥ ചിന്തയീ ഭൂമിതന്‍
ഹന്ത നാശം വരുത്തുന്നു നാള്‍ക്കുനാള്‍.

പൂമ്പുലരി

കണ്ണാടികടവുകടന്ന്
കിന്നാരം ചൊല്ലിവരുന്ന
പുന്നാരകാറ്റിന്‍ തോളില്‍
കളമിട്ടൊരു പൊന്‍പുലരി

തളിരോലക്കൂട്ടില്‍ നിന്നും
തൂമഞ്ഞിന്‍ കുളിരുംപേറി
വിടരുന്നൊരു മുല്ലപ്പൂവിന്‍
മധുവുണ്ടൂ പൂമ്പുലരി

ഞങ്ങള്‍ മരങ്ങള്‍

പൊക്കിള്‍കൊടിവിട്ടു നീകരഞ്ഞപ്പോള്‍
പേക്കോലമായി നീ കുഞ്ഞേ
ചുണ്ടില്‍കിനിയ്ക്കുന്ന പാല്‍മധുരമൊക്കെ
കതിരില്‍ വളംവച്ചപോലെ
അമ്മയെത്തന്നെ മറന്നുനീ ഭൂമിയില്‍
താണ്ഡവമാടുന്നു പിന്നെ
നീ നിന്‍റെ ജനിതകക്കൂട്ടില്‍ കിളിര്‍പ്പിച്ച
വിഷമാണു ഭൂമിക്കുഭാരം
ഇവിടെയാണീ ഞങ്ങള്‍ മരമെന്ന മക്കള്‍
തണലായി നില്‍ക്കുന്നതെന്നും
അമ്മയാം ഭൂമിതന്‍ ഗര്‍ഭപാത്രത്തിലെ
സിരകള്‍ മുറിയാത്തമക്കള്‍
ഓരോ വയസിലും സിരകള്‍പടര്‍ത്തിയാ
സ്നേഹം പകരുന്ന മക്കള്‍
പൂപ്പന്തല്‍പോലെ നാം ചില്ലവിരിച്ചെന്നും
കുളിരുവിരിക്കുന്നു ഭൂവില്‍
പാലമൃതൂട്ടുമാ ധരണിയും ഞങ്ങളില്‍
തളിര്‍കൊണ്ടു കുടചൂടി നില്‍പ്പൂ
അവിടെയും അദ്വൈതവേതാന്തമാകുന്ന
പ്രാണനും കാറ്റായ് ചലിപ്പൂ
ആത്മരോഷങ്ങളാല്‍ നീയെന്ന മര്‍ത്യന്‍
ആത്മാവുകാണാതലഞ്ഞു
തണലൊന്നുമറിയാതെ പൂമണംപേറാതെ
തരുവെട്ടി വേനല്‍ വിതച്ചു.

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

വേനല്‍

വെയിലേറ്റുപൊള്ളുന്നുണ്ടെന്‍റെ 
കുടിലും വയറും

മഴനനഞ്ഞു ഞാനും

ചെറുകിളികള്‍ കളമൊഴികള്‍
കലപിലയതുകൂട്ടും
ചെറുവഴികള്‍ സിരകളായി-
യൊഴുകിയെത്തും ഗ്രാമം
ചെറുതുടലിവേലിപോലെ
പടരുമെന്‍റെ വഴിയില്‍
ചെറുചിരിയാലോടിയെത്തും
വഴിമറന്ന ബാല്യം
പിഞ്ചുപോയ നിക്കറൊന്നില്‍
കൈപിടിച്ചു ഞാനും
പഴയപൈത വെറുതെയൊ-
ന്നുരുട്ടിനോക്കി വേഗം
പുഴയരുകില്‍ പൂത്തകൈത-
പ്പൂമണമെന്‍ ചാരെ
പുഞ്ചിരിച്ചു കണ്ണിണയാല്‍
മുത്തമിട്ടു നിന്നു
ചുവന്നതെറ്റി പൂമ്പഴത്താല്‍
സ്നേഹമിറ്റി ഞാനും
ചുവന്നചുണ്ടിന്‍ പുഞ്ചിരിയാല്‍
കവിളണയില്‍ നാണം
ചുവടുവച്ചു പാറിവരും
തുമ്പിയെന്നപോലെ
ചുവടളന്നു പുഴയരുകി-
ലവളുമെന്‍റെയൊപ്പം
നറുവെയിലിന്‍ പുളകമായി
ഒഴുകിയെത്തും പുഴയില്‍
നിറഞ്ഞുനീന്തും പരലുകോരി
ആര്‍ത്തുപാടും ഞങ്ങള്‍
നിറങ്ങളേഴുചാര്‍ത്തി ദൂരെ
കുടനിവര്‍ത്തും വില്ലിന്‍
നിറമടര്‍ന്നു പെയ്തുതോര്‍ന്ന
മഴനനഞ്ഞു ഞാനും
കരിമടന്തയിലയടര്‍ത്തി
പുഴയൊഴുക്കിനൊപ്പം
കരകള്‍താണ്ടി കഥപറഞ്ഞു
കനവുകണ്ടു ഞാനും
കറുകറുത്ത മാനമെന്‍റെ
നിഴലടര്‍ത്തി മായേ
കനവടര്‍ന്നു കടലുനോക്കി
തിരകളെണ്ണി ഞാനും

ഞാനും നീയും കനവും വെറുതെ

ഞാനും നീയും കനവും വെറുതെ
കടലും കരയും മലയും വെറുതേ
ഉരുകും തീയും വെയിലും വെറുതെ
ചിരിയും മഴയും കുളിരും വെറുതെ
അലകടലൊഴുകാതിരകളിലഭയം
അതിരുകളില്ലാമനമതിനുള്ളില്‍
ഒരുസുഖമുണ്ടാ കാറ്റിനുമിവിടെ
പ്രാണന്‍കൊണ്ടുകറങ്ങുന്നവനൊരു
ദേഹംവേണ്ടാദേഹികണക്കങ്ങോടിമറഞ്ഞ-
ങ്ങുഴറിനടപ്പൂ.. നീയോ ഞാനോ
പ്രളയക്കൊടുമുടിതാണ്ടി വീണ്ടും
വന്നുജനിപ്പൂ പാപംകൊള്ളാന്‍.

വെള്ളരിക്കാ പഴുക്കട്ടെ

കൂത്താടിപ്പെണ്ണുപെറ്റ
കൂത്തിച്ചി മക്കളല്ല
വെയിലുതിന്നും വിശപ്പിന്‍റെ
നീരിറങ്ങാ കാഴ്ച ഞങ്ങള്‍
കുടൊരുക്കി കുരവയിട്ടു
തീറെഴുതും കാഴ്ചവെട്ട
തെരുവെന്ന സാഗരത്തില്‍
പിച്ചതെണ്ടും അടിയാളര്‍
പിടിക്കാശു വാരിയിട്ടാ
ഭണ്ഡാരച്ചിമിഴുനോക്കി
നീവിളിച്ചു ചൊല്ലിടുന്നു
മോക്ഷമെന്തന്നറിയാതെ
എട്ടുകാശു നല്കിടാത്ത
മര്‍ത്യരല്ലേ നിങ്ങളെന്നും
അന്നദാന മഹിമചൊല്ലി
തേവര്‍ക്കു നേദ്യമൂട്ടും
പൊന്നുകൊണ്ടു താലിനല്‍കും
തുലാഭാര നേര്‍ച്ചകെട്ടും
ചില്ലുകാശുനല്കിടില്ല
കുഞ്ഞുകൈകള്‍ നീട്ടിയാലും
ഭരണചക്രമുരുണ്ടിട്ടീ
പാതവക്കങ്ങടര്‍ന്നിട്ടും
കുഞ്ഞുപൂവിന്‍ ദൈന്യമൊന്നും
കണ്ടതില്ല ഭരണക്കാര്‍
മേടവിഷു പിറന്നിട്ടും
കൊന്നയെല്ലാം കൊഴിഞ്ഞിട്ടും
കിട്ടിയില്ലാ ചില്ലിയൊന്നും
വിശപ്പറ്റ കൈനീട്ടം
വെള്ളരിപ്പൂ വാടിടുന്നു
കണിവയ്ക്കാന്‍ പൊന്നുതായോ
പായ് വിരിച്ചു നീ കിടന്നോ
വെള്ളരിക്കാ പഴുക്കട്ടെ.

കാഴ്ച


വിരലടയാളങ്ങളില്ലാതെ
ചില വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന
ഇരുളിനെ മനുഷ്യൻ സ്വന്തമാക്കുന്നു
ഹൃദയത്തിൽ ഒളിച്ചു വച്ച്
രാത്രിയെന്ന കരിങ്കുഴലിയായി മാറോട് ചേർക്കുന്നു

സമരം

പെണ്ണുടല്‍ക്കാമ്പിനെ നോവിച്ച ഭ്രാന്തനെ
വില്ലില്‍ക്കൊരുത്തങ്ങു കാവടിയാടണം
വിരലുകള്‍ ഛേദിച്ചു തീപടര്‍ത്തീടണം
കഴുവേറ്റുംമുന്നവന്‍ ലിംഗങ്ങള്‍ വെട്ടണം
കണ്ണുകള്‍ചൂഴണം, ആണിതറയ്ക്കണം
മുള്‍വേലിമേലെ കിടത്തിയുരുട്ടണം
ഒത്താശപാടുന്ന കഴുവേറിമക്കടെ
കരണത്തടിച്ചിട്ടു നാടുകടത്തണം
ഇന്നെന്‍റെ മുറ്റത്തു കണ്ടോരു തിന്മ
ഉള്ളില്‍ക്കടന്നങ്ങുകൊയ്യാതിരിക്കാന്‍
പടരുന്ന ഇരുളിലൊരു ഇടിമിന്നല്‍പോലെ
നിയമങ്ങളുണരണം, കനലായിമാറണം
നാട്ടുകൂട്ടങ്ങളായ് നാട്ടുകാര്‍ചേരണം
പെണ്ണിന്‍റെ മാനമതു ചങ്കിലായ്ചേര്‍ക്കണം

ഒറ്റവരി

ഓരോ മനസ്സിലേയും വേനലാണ്, 
ഭൂമിയാകെ പടര്‍ന്നുപന്തലിച്ചത്

൧൨൩

പിന്‍തുടരാത്തനിഴലുകളുടെ
സമാധിയറിയിച്ച ഒരുയാത്ര, 
മരണം

എന്‍റെ എഴുത്തുകളാണെന്‍റെ ശരി


ഒരു മഴ അതെന്നെ തണുപ്പിക്കാന്‍
എപ്പോഴെങ്കിലും പെയ്തിറങ്ങും..
എന്‍റെ സിരകള്‍ തുടിപ്പവസാനിപ്പിച്ച്
കശേരുക്കളെ ബന്ധിക്കും.
കണ്ണുകള്‍ നക്ഷത്രങ്ങളായി
ചലനമറ്റ് ഉറുമ്പരിക്കും.
പേടിതോന്നിക്കുന്ന
എല്ലിന്‍ ബന്ധങ്ങളായി
പല്ലുകള്‍ മോണകാട്ടി ചിരിക്കും.
എന്‍റെ എഴുത്തുകളാണെന്‍റെ ശരി..
എന്‍റെ പ്രണയിനിയും
എന്‍റെ ശത്രുവും
എന്‍റെ വാക്കുകളാകുന്നു.
ഇനി എന്നാണ്
ഒന്നു മൗനമാകാനാകുക.

മഴവരുന്നു


നീ കണ്ടോ തുമ്പിപ്പെണ്ണേ
അകലത്തൊരു കാര്‍മേഘം
കടലോളം മഴയും പേറി
കുടിലിന്മേല്‍ നിക്കണകണ്ടാ..
ഇടികൊട്ടിപെയ്യണപെയ്ത്തില്‍
ഇടനെഞ്ചുകലങ്ങണുപെണ്ണേ
കടമൊട്ടു തീര്‍ന്നതുമില്ലാ...
പുരകെട്ടി മേഞ്ഞതുമില്ലാ...
കാവിലെ തേവരുപാട്ടില്‍
മഴപെയ്യാന്‍ മന്ത്രംചൊല്ലേ
കൈകൂപ്പി ഏനുംപാടി
മഴയേവാ.. ഭൂമിതണുക്കാന്‍
ആകാശത്തമ്പിളിമാമന്‍
ചെറുതാകും ദിനവുംനോക്കി
അരികത്തായ് കുഞ്ഞിക്കണ്ണന്‍
ചിരിതൂകും കിലുക്കാംപെട്ടി
രാവേറെ ചെല്ലുന്നേരം
മാനത്തെപൂക്കാവടികള്‍
മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേ
നിഴലിന്‍റെ സദ്യവിളമ്പും
മഴയില്ല മാനം നീളെ
കനലിന്‍റെ തീപ്പൊരി വെട്ടം
കരിയുന്നു കുടിലും വയറും
കരവിട്ടാ പുഴയുംവറ്റി
ജലമില്ലാ വലയും നാട്ടില്‍
അമ്മയ്ക്കൊരു ഗുരുസി നടത്തി
മനമുരുകി ഏനും പാടി
മഴയേ വാ ഭൂമി തണുക്കാന്‍
ഇലയില്ലാ ചില്ലക്കൂട്ടില്‍
തണലില്ലാതുണരും നമ്മള്‍
കനിയുള്ള സ്വപ്നംകാണാന്‍
മഴയേവാ ചില്ലകള്‍തോറും
ദൈവത്താന്‍ കനിവിന്‍മേലോ
മാളോരുടെ കണ്ണീരാലോ
മേഘങ്ങള്‍ ചിറകുവിടര്‍ത്തി
ആകാശപ്പെരുമഴയായി
കുടിലെല്ലാം ചോര്‍ന്നുനിറഞ്ഞു
കലമൊക്കെ നിറഞ്ഞുതുളുമ്പി
ഉടുമുണ്ടാല്‍ തലയുംതോര്‍ത്തി
മഴയങ്ങു തോര്‍ന്നുവെളുത്തു.

ഏതു നായ്ക്കും ഒരു കാലംവരും

കണ്ടം തുണ്ടം വെട്ടിമുറിച്ചൊരു
സംസ്ഥാനത്തിന്‍ വോട്ടുമറിക്കാന്‍
കണ്ടംവച്ചൊരു കോട്ടുമെടുത്തിട്ട-
വനവനീവഴിയോടിനടന്നതുകണ്ടു-
മടുത്തിട്ടൊരുചെറുനായ നിന്നുപെടു-
ത്തൊരുകൊരയാലവനൊടു
ഒന്നുചൊടിച്ചിട്ടിങ്ങനെ ചൊല്ലി...
ഏതു നായ്ക്കും ഒരു കാലംവരും

ഉപ്പു മഴ


പാഴോല കൊണ്ടു മറവച്ച കുടിലിലെൻ
ഓർമ്മപ്പതുങ്ങിപ്പതുങ്ങിക്കടക്കവേ
പിന്നിയ പായ വിരിച്ചതിൽ കുഞ്ഞിളം
ചുണ്ടിനാൻ കൊഞ്ചുന്ന ബാല്യമാകുന്നു ഞാൻ
ഉരലിൽ കുഴിത്താഴെ പതിരുകുത്തുന്നൊരാ-
യമ്മതൻ സങ്കടത്താരാട്ടു കേട്ടു ഞാൻ
ഒരു തുടം കണ്ണീരു കനലായടർത്തിയെ-
ന്നമ്മ വിളമ്പിയകഞ്ഞിയോർക്കുന്നു ഞാൻ
പൂള്ളിക്കിടാത്തിയെ നക്കിത്തുടയ്ക്കുമാ
പൂവാലിപ്പയ്യ് ചുരത്തിയ പാലിനാൻ
കൊള്ളപ്പലിശതൻ തീക്കടം തീർക്കുവാൻ
മുണ്ടു മുറുക്കന്നയച്ഛനെയോർത്തു ഞാൻ
കാന്താരിഞെക്കിഞവിടിപ്പഴഞ്ചോറ്
തൈരു ചേർത്തമ്മ വിളമ്പിയ നാളുകൾ
നാവിൽ രുചി ചേർത്തു സ്നേഹപ്പെരുമ്പറ-
മേളപ്പദംചേർത്തു നെഞ്ചിലമർത്തി ഞാൻ
കത്തിച്ച മണ്ണെണ്ണച്ചില്ലുവിളക്കെന്റെ
കരിനിഴൽച്ചിത്രം വരച്ചുരസിക്കവേ
കൂരിരുൾക്കൂടു മുറിക്കുംപ്രകാശമായ്
തുള്ളി വിതറിയാപ്പേമാരിയോർത്തു ഞാൻ
തുള്ളിക്കൊരു കുടം പെയ്തൊരാക്കാർമുകിൽ
നെഞ്ചിൻതറക്കൂടു പൊള്ളിച്ചിളക്കവേ
കിട്ടിയ പാത്രം നിരത്തിയാ തുള്ളിയിൽ
നോവിന്റെ താളം മെനഞ്ഞതോർക്കുന്നു ഞാൻ
ചോരുന്ന മേൽക്കൂരത്താഴെ വിടർത്തിയ
കാലൻകുടയ്ക്കുള്ളിൽ കൂനിയിരിക്കവേ
തുള്ളി വീഴാതെന്നെ നെഞ്ചിലമർത്തിയ
ചൂടിൽ മുഖംപൂഴ്ത്തി താളംപിടിച്ചു ഞാൻ
ബീഡിമണമുള്ള അച്ഛന്റെ കൈവിരൽ
തുമ്പുപിടിച്ചു ഞാൻ പിച്ച നടക്കവേ
കണ്ണു നിറച്ചെന്റെയമ്മ പെയ്യിക്കുമാ
തേന്മഴപ്പെയ്ത്തിൽഞാനൊന്നു ചായട്ടെയോ
നോവൂകലർന്ന കടലാസുവഞ്ചിയിൽ
മാഞ്ഞുമറഞ്ഞതാണെൻബാല്യമത്രയും
ഓർത്തെടുത്തീടട്ടെ ഞാനെൻറെയമ്മയെ
കാലം കെടുത്തിയ മൺചെരാതൊന്നിനെ

കവിത-എ

ഒരു ശംഖുപോലെനിന്‍ മൗനവും തേങ്ങിയെന്‍
വിരല്‍വിട്ടു ദൂരേയ്ക്കുപോയിടുമ്പോള്‍
കാഴ്ചകള്‍ പലതുണ്ട് കനവിലെന്നും
നിന്‍റെ ചിരിപോലെ മായാത്ത കുസൃതിയുണ്ട്.
എന്‍നെഞ്ചിലുണ്മയാം പ്രണയമുണ്ട്
നിന്‍റെ കണ്ണാഴമറിയുന്ന മൗനമുണ്ട്.

അറിയാതെ വന്നെത്തും പെരുമഴക്കാലമായ്
ഒരുവേള വന്നു നീ ചാറിയെന്നാല്‍
നനയുമാ പെരുമഴ കുളിരോടെയുള്ളില്‍ ഞാന്‍
മധുചേര്‍ന്ന മധുരമായെന്നുമെന്നും