Monday 10 February 2014

വരികനീ

തുള്ളിമുറിഞ്ഞുതുടങ്ങും ഇറമ്പിലി
കിങ്ങിണികെട്ടിയ കുഞ്ഞുപെണ്ണെ
നിന്നുടെചിന്തുകള്‍ ചില്ലമേലിറ്റിച്ച്
ചുമ്മാകിണുങ്ങുന്നതെന്തിനാണോ

ചില്ലകുലുക്കിയാകുഞ്ഞുമലര്‍മഴ
എന്നിലേക്കിറ്റിക്കാന്‍ മോഹമായി
മുറ്റത്തെ പിച്ചകമൊട്ടിലായ് നീവച്ച
ചുംബനമുത്തിനെ ഞാനെടുക്കും

പ്രേമംചുരത്തും കുളിര്‍ശരമൊന്നിനെ
ഹൃദയത്തിലേക്കുഞാന്‍ ചേര്‍ത്തുവയ്ക്കും
നിന്നിലെശീല്‍ക്കാരമെന്നിലണിയിക്കും
കുളിരുമായോര്‍മ്മതന്‍ ബാല്യകാലം

പളുങ്കുമണികള്‍ ചിതറിയചേമ്പില
തുമ്പില്‍ നനഞ്ഞൊരാബാല്യകാലം
ആലിപ്പഴംമ്പോലെ ചിന്നിചിതറുമെന്‍
അമ്മമനസ്സിലെ നല്ലകാലം

എന്‍റെ മനസ്സിലെ കുഞ്ഞിളംവഞ്ചികള്‍
ചുമ്മാനനയിച്ച കുഞ്ഞുപെണ്ണേ
നിന്റെ പ്രണയത്തിന്‍ നോവുകള്‍ പേറുവാന്‍
എന്നിലേക്കിറ്റിക്കൂ പ്രേമതീര്‍ത്ഥം

പരിഭവക്കൂട്ടുകള്‍ ചാലിച്ചെടുത്തുനീ
അകാശമേടയില്‍ സഞ്ചരിക്കേ
ജന്നല്‍പ്പടിയിലെ കുഞ്ഞുവിതാനങ്ങള്‍
നിന്നെയന്നുള്ളിലായ് ചേര്‍ത്തുവയ്ക്കും

വരികനീ പ്രേമസുരഭിലയായെന്റെ
മാറിലുറങ്ങുവാനൊന്നുവേഗം
നീറുംകിടക്കവിരികള്‍ ചുവപ്പിച്ച
ചിതയിലേക്കിത്തിരിയമൃതുതൂകാന്‍.

No comments:

Post a Comment