Monday, 10 February 2014

പെയ്യുക വര്‍ഷമേഘമേ നീ

പെയ്യുക പെയ്യുക വര്‍ഷമേഘമേ നീ നിന്റെ
ദ്രുതപദതാളലയനാട്യത്തിലീമനമൊന്നിലായ്
മീട്ടുക മീട്ടുക തന്ത്രികള്‍ ഹൃദയപുളകമായ്
ഒഴുകിവന്നീടുക മനസ്സിന്‍ മദനകാമങ്ങളില്‍

ചപലമോഹങ്ങളില്‍ പെയ്തൊഴിഞ്ഞീടുക
പ്രണയപരവശയായ്‍നീ പതഞ്ഞൊഴുകീടുക
പുളകതരംഗിണിയായൊഴുകിനീളുക നദികളേ
നീയീ പാപംകടംകൊണ്ട നോവുപാത്രങ്ങളില്‍

അമൃതൊഴുകും മുലപോല്‍  ചുരത്തിനീന്നീടുനീ
കുമ്പിളില്‍ ഞാനൊരു മൗനം പകര്‍ന്നുവച്ചീടവേ
ദര്‍ഭയവശേഷിപ്പിച്ച വറ്റുനീ പേറുകപിണ്ഡമായ്
ബലിയിട്ടുനല്‍കാമെള്ളു ഞാനീ ശവകുടീരങ്ങളില്‍

കിരണനോവിനാല്‍ തുടുത്ത സ്ഫടികമേനിയില്‍
വന്നുപേറുക നീയീ വെന്തുനീറിയ ഭസ്മച്ചിമിഴുകള്‍
വ്യഥമറന്ന നിത്യസ്‍മ‍ൃതിരൂപങ്ങളായ് തരുക്കള്‍
നീട്ടിവയ്ക്കട്ടെ നഖച്ചീറുകള്‍ നഖക്ഷതങ്ങളായ്

നോവില്‍ലയിപ്പിച്ചൊരാ തണല്‍മരപ്പാതകള്‍
അമ്മയാംപൂവിരിച്ചിട്ട തേങ്ങലിന്‍ചോലകള്‍
പട്ടിന്‍നനവൂറുമാ പ്രകൃതിതന്‍കുങ്കുമസന്ധ്യയില്‍
ബാല്യമെത്തീടുന്നുപിന്നെയും താരാട്ടുതൊട്ടിലായ്

പെയ്യുക പെയ്യുക വര്‍ഷമേഘമേ നീ നിന്റെ
ദ്രുതപദതാളലയനാട്യത്തിലീമനമൊന്നിലായ്
ചാറിയൊടുങ്ങുക കഴുകുകവ്യഥകളെന്‍ നദികളായ്
തലയടിച്ചുറയുക  ഇരുളിന്‍ ശിലാമേഘപാളിയില്‍

ഒടുങ്ങട്ടെ സ്വപ്നവും സുഷുപ്തിയും ചരങ്ങള്‍ തിരിയുമീ
സമയചക്ര മൃദുല സംസാരബന്ധനബന്ധങ്ങളും
തിരയടിക്കട്ടെ ആഴിതന്‍ പ്രണയച്ചുഴികളില്‍
ആഴ്‍ന്നുപോകട്ടെ മനസ്സിന്‍ വ്രണിതമോഹങ്ങളും.

No comments:

Post a Comment