Tuesday, 18 February 2014

വരില്ലയെങ്കിലും

മകനേ വരില്ലനീയെങ്കിലെന്നാലുമീ
കരിപൂണ്ടയക്കംഞാന്‍ കൂട്ടിവയ്ക്കാം
വിറയ്ക്കുംകരങ്ങളാല്‍ ചേര്‍ത്തുവച്ചീടുമീ
അക്ഷരനോവിന്റെ ഗദ്ഗദങ്ങള്‍

മുറ്റത്തെമുല്ലയും വെന്തുനൊന്തീടുന്നു
അമ്മതന്‍കണ്ണുനീര്‍ ചൂടിനാലേ
സ്വപ്നച്ചിറകുകള്‍ വീശിപ്പറന്നൊരാ
ശലഭവും ദൂരയായ് മാഞ്ഞിടുന്നു

കോട്ടിയപാളയില്‍ ഏറ്റിവലിച്ചോരാ
തണ്ണീര്‍മഴനിന്നില്‍ പെയ്തിറക്കാന്‍
ഇല്ലില്ലകൈവളചന്തത്തില്‍ചേര്‍ക്കുമാ
കിണറിന്റെയാഴത്തില്‍ തുള്ളിവെള്ളം

നെല്ലിപ്പലക ശിരോലിഖിതങ്ങളായ്
താഴെമരുപ്പച്ച തേടിടുമ്പോള്‍
തൊണ്ടവരണ്ടുകരഞ്ഞുമയങ്ങുന്നു
തൊട്ടിയും കയറിന്‍ മടിക്കുരുക്കില്‍

നീവരുംനേരമെന്‍ മഞ്ചത്തിന്‍ചുറ്റിലും
പട്ടുടുത്തല്പമീ തണ്ണീര്‍തൂവാന്‍
താഴെത്തൊടിയിലെ മണ്‍കുടമൊന്നിലായ്
ഇറ്റിക്കൂ നീനിന്റെ സ്നേഹബാഷ്പം.

No comments:

Post a Comment