Thursday, 24 March 2016

പ്രവാസികള്‍ക്കായി ഒരു പ്രണയഗാനം

മധുരിക്കും കനിയൊന്നു തന്നിട്ടു നീയെന്‍റെ
കണ്ണില്‍ കുരുക്കും കുസൃതിയേറെ
ചിരികൊണ്ടുമായ്ച്ചിട്ടാ നുണക്കുഴികൊണ്ടെന്‍റെ
നെഞ്ചില്‍ കുരുക്കു നീയിട്ടുപോകും
കസവിട്ടുടുപ്പില്‍നിന്‍ തുടികൊള്ളും യൗവ്വനം
ഏറെക്കിതച്ചെന്നെപ്പാട്ടിലാക്കും
കടമിഴിക്കോണിന്‍റെ മധുശരം കൊണ്ടെന്നെ
പ്രണയത്തിന്‍പൂമൂടി കവര്‍ന്നെടുക്കും
ഞാന്‍ തന്ന ലിഖിതമാ നെഞ്ചോടുചേര്‍ത്തു നീ
പുതുമഴപോലെന്നില്‍ പെയ്തിറങ്ങും
കസവിട്ട ചിറകുമായി പൂത്തുമ്പി നീയെന്നില്‍
ഒരുവര്‍ണ്ണ രാഗമായ് പറന്നണയും
കുടമുല്ല പൂക്കും നിലാവില്‍ നിന്‍‍ പരിഭവം
കളയാനായ് ഒരുകാറ്റുായ് വന്നുമൂളും
അരികത്താ മധുരിക്കും പ്രിയമുള്ള വാക്കില്‍ ഞാന്‍
എല്ലാം മറന്നൊരു കനവുകാണും
മണല്‍ക്കാട്ടിനുള്ളിലെ കൊടുംവേനല്‍ താണ്ടിനിന്‍
അധരത്തിലൊരുമുത്തം തന്നുപോകും
ഇനിയെത്ര കാലമെന്‍ വിരഹത്തിന്‍ വേദന
കടലും കടന്നങ്ങു പെയ്തിറങ്ങും
മേഘമേ നീയാ പഴയൊരു ദൂതുമായ്
പ്രിയമുള്ള പെണ്ണിനെ കണ്ടുവന്നാല്‍
മയില്‍പ്പീലികൊണ്ടൊരു തലപ്പാവു തന്നിട്ടാ
കണ്ണനായ് വെണ്ണയുംനേദ്യമാക്കാം

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

നീ ഒരുമരം

വിതമാഞ്ഞ പാടത്തിന്നരുകിലായ് നീയൊരു
താപസനായിന്നു നില്ക്കേ
ഈ കൊടുംവേനല്‍ ദഹിപ്പിച്ച നദിയിലെന്‍
ദാഹം പിടയ്ക്കുന്ന പ്രാണന്‍
ഈസ്വരം താഴാതെ കുടനീട്ടി വീണ്ടുമൊരു
വേദം ചമയ്ക്കുന്നു നീയും
ഹരിതമായ് നീ ചേര്‍ത്തയുടയാട ചീന്തി ഞാന്‍
പലവട്ടമാര്‍ത്തു ചിരിയ്ക്കേ
ഒരുവേനല്‍ ദാഹമായെന്നെ തളയ്ക്കുവാന്‍
പടകൂട്ടി മഴയെത്തളച്ചു
കരിമേഘ മിഴിയുമായൊരുമഴ പോലുമെന്‍
ചുണ്ടില്‍ കിനിയാതെ നില്ക്കേ
മധുരമായ് നീയൊരു കനിതന്നു ജീവനില്‍
അമൃതുമായ് നില്‍ക്കുന്നു വീണ്ടും
തണല്‍ നീട്ടിയെന്നെ തളയ്ക്കും കരുത്തു നീ
തളരിട്ട ചില്ലയില്‍ കുളിരുന്ന കാറ്റു നീ
മധുവുള്ള പൂവു നീ, മധുരിക്കുമോര്‍മ്മ നീ
മഴകൊണ്ടു പിന്നെയും പെയ്തിറങ്ങുന്നു നീ
ചിറകറ്റ നദിയുടെ കരയിലൊരു തോഴനായ്
വേനല്‍ പകുത്തെടുക്കുമ്പോള്‍
മറുവേനലറിയാതെയൊരുമഴ തന്നു നീ
ദാഹം ശമിപ്പിക്കുമെന്നും
എന്‍റെ ദാഹം ശമിപ്പിക്കുമെന്നും.....

തണല്‍ മരങ്ങള്‍

കനലുരുക്കി കനലുരുക്കി ജ്വലിച്ചിടുന്ന വേനലില്‍
നാവറുത്ത് നേദ്യമാക്കി നീ പടച്ച പാട്ടുകള്‍
പാടിടുന്നു കുടലുവറ്റി എല്ലെഴുന്ന ദേഹികള്‍
ചീറ്റിടുന്നു കാളിയന്‍ ഫണമെടുത്തു ചുറ്റിലും

ഞാനുടച്ച മലകളെന്‍റെ കനവുടച്ചു മായുകില്‍
ഞാന്‍ വിയര്‍ത്ത പാടമെന്‍റെ ചിതയെരിഞ്ഞ നോവുകള്‍
കുളിരുതന്ന നദികളിന്നു വെയില്‍വിരിച്ച മണലുകള്‍
കൈതപൂത്ത ഗ്രാമഭംഗി ചിതലെടുത്ത ഏടുകള്‍

നല്ലനാളെ പങ്കിടുന്ന ഭൂമിപെറ്റപൂക്കളില്‍
മഞ്ഞുതുള്ളി കോര്‍ത്തുവച്ചു സൂര്യബിംബ ജ്വാലകള്‍
ഭൂമിപെറ്റ മക്കളാം മനുഷ്യരിന്നു പാരിലും
ചിറകടര്‍ന്നു കൂട്ടിനുള്ളില്‍ ചിറകടിച്ചുകേഴുവോര്‍

കൂരിരുള്‍കയത്തിനുള്ളില്‍ കൂട്ടരെ വധിപ്പവര്‍
കാരിരുമ്പുകോട്ടകെട്ടി തിന്മയെവളര്‍ത്തുവോര്‍
അമ്മയെന്ന മാധുര്യം മറന്നിടുന്ന കൂട്ടരും
കാമമെന്ന കണ്ണുകൊണ്ടു പെണ്ണിനെ രുചിപ്പവര്‍

എന്‍റെ രാജ്യമെന്തുചന്തമെന്നതേറ്റുപാടുവാന്‍
തേനുറഞ്ഞ ഹൃദയമൊന്നു വേറെ നമ്മള്‍ കരുതണം
നീയെടുത്ത വാളിനാല്‍ മുറിച്ചെടുക്ക തിന്മകള്‍
സ്നേഹമെന്ന കൊടിയെടുത്തു കോര്‍ത്തെടുക്ക നന്മകള്‍

ഹൃദയമെന്ന തന്ത്രിമീട്ടി മതിമറന്നു പാടുവാന്‍
കാടൊരുക്കി കനവൊരുക്കി മഴയെ നമ്മള്‍ കാക്കണം
പുതിയ ചാലുകീറിവന്നു മഴനമുക്കു നല്‍കിടും
മണ്‍മറഞ്ഞ പാടവും മധുനിറഞ്ഞ പൂക്കളും

നെല്‍വിളഞ്ഞ പാടമൊന്നു കണ്‍കുളിര്‍ക്കെ കാണുവാന്‍
നെഞ്ചിലുള്ള പാല്‍പകുത്ത് തലമുറയ്ക്കു നല്‍കണം
നന്മയെന്ന വിത്തു ചേറി മക്കളെ വളര്‍ത്തുകില്‍
തളിര്‍മരങ്ങള്‍ പൂത്തുനല്ല തണലിടങ്ങളായിടും

Friday, 11 March 2016

ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍

ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
കൈവിരല്‍ നീട്ടാതെ, തൊട്ടുരുമ്മാതെന്‍റെ
ഉന്മാദമേനിയില്‍ ശീല്‍ക്കാരമാകാതെ
ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
പാഴ്കനികള്‍ ചുംബിച്ചു, ചുംബിച്ചു-
യെന്‍ ചങ്ങാതിയാകാതെ മുമ്പേ മറഞ്ഞുവോ?
പ്രാണനുരുവിട്ട മന്ത്രമായ്, ദുര്‍ഗന്ധവാഹിയായ്
പൊന്നിളംമൊട്ടിന്‍റെ ചങ്ങാതിയായ്
പീലിമീട്ടും തെങ്ങോലത്തുമ്പിലൊരു പുന്നാരമായ്
നാവുനീട്ടും കലിയായ്, കാര്‍മേഘമായ്
വന്നുപോകുന്നോ പിന്നെയും എന്‍റെ ചങ്ങാതി നീ.
മഴത്തുള്ളിപേറും കുളിരായ്,
കണ്ണുനീറ്റും എരിവായ്,
പീലിതോല്‍ക്കും തനുവായ്
എന്നിലലിഞ്ഞമൃതായ് വന്നുപോകുന്നോ നീ..
കാല്‍ച്ചിലമ്പല എന്നിലെത്തിച്ചു നീ
കാരിരുള്‍ച്ചുഴി എണ്ണതേപ്പിച്ചു നീ
കാല്‍വളത്തള കിലുങ്ങാതെ ചേര്‍ത്തണച്ചെന്‍റെ
സ്വരജതി കൊണ്ടുപൊയ്ക്കൊള്‍ക നീ..
മേഘമാപിനികള്‍ അളന്നൊരു മഴയെന്‍റെ
ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍
വന്നുപോകനീ ദൂരെയാല്‍മരക്കൊമ്പിലെ
കുഞ്ഞുതാളമായൊന്നു താരാട്ടുമൂളുവാന്‍

മറന്നതാണെന്‍ വഴിമിഴിപമ്പരം

മറന്നതാണെന്‍ വഴിമിഴിപമ്പരം
ഒരു വേനല്‍ കാക്കുമീ നിഴലിന്‍റെ നൊമ്പരം
വരില്ലിനി വേനലധികമെന്‍ മേനിയില്‍
കനലിനാലൊരുവേലി തീര്‍ത്തുഞാനിന്നലെ
മഴമൂളിവീണ്ടുമെന്‍ ശിരോലിഖിതങ്ങളില്‍
തണുവറ്റ് തണുവറ്റ് ദേഹം വിറയ്ക്കുമോ?
ചില്ലുമാത്രം പൊടിയാത്ത കണ്ണട
വിരല്‍കൊണ്ടു നെറ്റിയിലമര്‍ത്തിപ്പിടിച്ചു ഞാന്‍
നരചേര്‍ത്ത പുരികത്തിനിടയിലൊരു ചുഴിയുമായ്
ഓര്‍മ്മയൊരു വിടവിലൂടകലേയ്ക്കുനോക്കവേ
നിലതെറ്റി പടവിലൊന്നലറാതെ കുഴയുന്ന
കാല്പാദമെന്‍റേതുമാത്രം
ആ കാല്പാദമെന്‍റേതുമാത്രം
നിഴലുണ്ടു കോമരപടവാളുമായെന്‍റെ
ഉടലിന്‍റെ നെടുവീര്‍പ്പു കാക്കാന്‍
എഴുതുന്നയക്ഷരവടിവിലെന്‍ ഹൃദയത്തിന്‍
ചുടുരക്തമൊഴുകുന്ന നേരം
പടുപാട്ടുമായൊരു മഴയെത്തിവീണ്ടുമെന്‍
താളം പിഴപ്പിച്ചുപോകാന്‍
ഇടിമിന്നല്‍കൊണ്ടെന്നെ ചുട്ടെരിച്ചീടു നീ
പടവെട്ടിയിനിയൊട്ടുതോല്‍ക്കാതിരിക്കട്ടെ ഞാനും.
കുടല്‍മാലകൊണ്ടൊരു ജടതീര്‍ത്തു ഭൂമിയില്‍
കലിയൊന്നടങ്ങട്ടെ വീണ്ടും
പണിയാളര്‍ പട്ടിണിച്ചിതകൂട്ടി
വെന്തതില്‍ പഴമ്പാട്ടു പാടട്ടെ വീണ്ടും
ഇനിയെന്‍റെ തലമുറ കാണാത്ത പാടവും
പുഴയും കടന്നൊന്നു പാടാന്‍
ഈവേനല്‍കഴിയുമ്പോള്‍ ഞാനുമൊരു തെയ്യമായ്
പൂമെതിച്ചവിടേയ്ക്കുപോകും...
പൂമെതിച്ചവിടേയ്ക്കുപോകും.

ചിതലുറുമ്പ്

കണ്ണുനീരുവീണമണ്ണില്‍ കൂടൊരുക്കും ചിതലുറുമ്പിന്‍
സങ്കടങ്ങള്‍ കേള്‍ക്കുവാനായ് പൂമഴചാറി
കണ്ണുനീരിന്‍ തുള്ളിയാലേ പൂമഴ തേങ്ങി
സങ്കടച്ചാലൊഴുകിനീണ്ടു പൂമരച്ചോട്ടില്‍
കുളിരുതീര്‍ത്തൊരു നനവിലുടയും മണ്‍മറയ്ക്കുള്ളില്‍
ചിറകുവന്ന ചിതലുറമ്പൊന്നുടലുകുടയുന്നു
മഴയകന്ന നിമിഷമൊന്നില്‍ പറന്നുപൊന്തുമ്പോള്‍
വാനൊളിയില്‍ കുഞ്ഞുതാരം മിന്നിമായുന്നു
മായതീര്‍ക്കും വാനവില്ലിന്‍ അതിരുകാണാതെ
ചിറകുടഞ്ഞു പിടഞ്ഞുവീഴും ചിതലുറുമ്പെന്നും
ഈ ചിതലുറുമ്പെന്നും.. ഈ ചിതലുറുമ്പെന്നും...

കടലുമലകള്‍ കടവുകള്‍

നിറങ്ങള്‍ ചാലിക്കുമുയിരുപോലൊരു
മധുര മാണിക്ക കനവിലായ്
ശ്രുതികള്‍ ചേര്‍ത്തൊരു കുയിലുപാടുന്നു
മഴമറന്നൊരീ രാവിലും
അകലെ നാളുകള്‍ കരുതിവച്ചൊരു
മിഴികള്‍ ദൂരെയീ ചിമിഴിലും
അലസചാരുത സ്പര്‍ശമായൊരു
അനിലകുസുമ പരിമളം
വഴിമറന്നൊരു വിജനമൗനവും
മനസ്സുപേറിയൊന്നുറയവേ
മിഴികള്‍പൂട്ടിഞാന്‍ കടലുപൂകുന്നു
തിരകള്‍പൂക്കുന്ന വഴികളില്‍
ജതികളെഴുതും തിരകളെന്നുമെന്‍
ഹൃദയതാളലയങ്ങളായ്
ഒഴുകുമാകാശ വീഥിയാണതില്‍
ഒഴുകി നീന്തട്ടെ മൗനവും
പരവതാനികള്‍ മാഞ്ഞുപോകട്ടെ
കണ്ണുകാക്കുന്ന കാഴ്ചയില്‍
ത്വരിത ചലനമനസ്സുപാടങ്ങള്‍
കനവുണങ്ങി വരളവേ
വിണ്ടുകീറാതെന്‍റെകാവുകള്‍
ഉറവചേര്‍ത്ത സിരകളില്‍
തെളിനീരുറഞ്ഞ മൗനനോവുകള്‍
നിഴലുചേര്‍ത്തുവരയ്ക്കവേ
കനകധൂളികള്‍ചേര്‍ത്തയര്‍ക്കനും
പുഴകള്‍ നീന്തി മറഞ്ഞിടും
ഇനിയുമെന്‍റെ നിഴലുമായ്ക്കും
അഴലുചേര്‍ത്തൊരു കരിമുകില്‍
പെയ്തുതീര്‍ക്കും ദൂരെ നോവുകള്‍
കടലുമലകള്‍ കടവുകള്‍
എന്‍റെ മൗനദേഹ,മൊഴുകിനീന്തും
പട്ടൊഴുക്കും കടവുകള്‍
പട്ടൊഴുക്കും കടവുകള്‍...

നിറമില്ലാത്തൊരു കൊടി

നിറമില്ലാത്തൊരു കൊടിയുടെ പിറകേ
യടിവച്ചടിവച്ചൊന്നു നടക്കാന്‍
നിറമില്ലാത്തൊരു സ്നേഹംകൂട്ടി
നാവുപട്ചചൊരു കവിതചമയ്ക്കാന്‍
കാലമിതായി കൈകോര്‍ക്കുക നാം
നെഞ്ചില്‍ ചേര്‍ത്തൊരു തേനറയാലേ
സ്നേഹപ്പെരുമഴ നനയൂ വേഗം
സര്‍വ്വമതങ്ങളുമെന്തിനുവേണ്ടി
സ്നേഹക്കൂടു ചമച്ചില്ലെങ്കില്‍
മതമിതുവേണ്ടെന്നൊട്ടുനിനച്ചാല്‍
അതുമൊരുകൊടിയായ് വന്നു പറക്കും
എന്‍റേതെന്നും നിന്‍റേതെന്നും
ചൊല്ലി പലവിധ യാത്ര ഗമിക്കേ
അടിയാളര്‍ ഞാന്‍ പിണയാളര്‍ ഞാന്‍
തോരണ സദ്യകള്‍ നിന്നു വിളമ്പും
കാലം മായ്ച കണക്കുപറഞ്ഞും
കാതം പലവഴി പായുന്നേരം
ഭണ്ഡാരത്തില്‍ ചില്ലറയിട്ടീ
തടസ്സംമാറാന്‍ തേങ്ങയുടയ്ക്കും
മുട്ടകളെത്ര വിരിഞ്ഞെന്നാലും
കോഴിക്കുഞ്ഞു പറക്കുന്നില്ല
തോടുപൊളിച്ചു പുറത്തുവരുന്നവന്‍
കീയോ, കീയോ തന്നെ വിളിയ്ക്കും
ഉള്ളില്‍പൂക്കും പനനീര്‍പ്പൂവില്‍
മുള്ളുകളനവധിയുണ്ടന്നാകില്‍
കള്ളസൗരഭമെന്തിനൊഴുക്കി
പ്രണയത്തേനറ ഞാന്‍ നീട്ടുന്നു
അവനവനുള്ളില്‍ തോന്നാതിനിയും
എന്തിനു വേലകള്‍ ചെയ്തീടുന്നു
വേനല്‍പറിയ്ക്കും ദാഹജലത്തെ
കൂട്ടിയൊരുക്കാന്‍ നോക്കുംപോലെ

പാട്ട്

ഉടുവസ്ത്രമണിയാതെ
ഇരുളിന്‍റെ ചുരുളില്‍നിന്‍
ഇടനെഞ്ചിലമരുന്നനേരം
നനവുള്ള ചുണ്ടിനാലിമതൊട്ടു
നീയെന്‍റെ പ്രാണനില്‍
വിരല്‍കൊണ്ടുമീട്ടും
തുടിയൊച്ച കേള്‍ക്കുന്ന
ഹൃദയത്തിലുന്മാദ
ലഹരിയായ് ഞാനേറ്റുപാടും
തണുവുള്ള മഞ്ഞണി
മേലാപ്പുമായെന്‍റെ
യുടലില്‍ നീ കരിനാഗമാകും
ഇടനെഞ്ചിലുടയുന്ന താമര
ചുണ്ടിലെന്‍ വിരല്‍ഞൊട്ടി
മധുബാണമെയ്യും
ഉടല്‍പൂത്തു നീയും
മദനന്‍റെ ശയ്യയില്‍
വിടരുന്ന തരുശാഖിയാകും
ഇണചേര്‍ന്നു നമ്മളീയിരുളിന്‍റെ
മിഴിപൊത്തിയുടലെന്ന
ബോധം മറക്കും
ഇമവെട്ടിയടയുന്ന നേരത്തിലണയുന്ന
അതുതന്നെ എന്‍റെയീ പ്രാണന്‍

കാറ്റുപറഞ്ഞുപോകുന്ന ചിലവരികളുണ്ട്

കാറ്റുപറഞ്ഞുപോകുന്ന
ചിലവരികളുണ്ട്
മുഴുമിക്കാതെ, അലസമായി
എന്‍റെ ശിരോലിഖിതങ്ങളില്‍ തഴുകി
പരിഹസിച്ച് പറന്നുപോകുമ്പോള്‍..
കറുത്തപുതപ്പില്‍ ഒളിച്ചിരിക്കുന്ന ഭൂമിയെ
ഒരു ചെറുപ്രകാശംകൊണ്ട് മിന്നാമിന്നി
ചിരിപ്പിക്കുന്നതുപോലെ,
നനുത്തവിരല്‍കൊണ്ട് അവളെന്‍റെ
മനസ്സിനെ തൊട്ടുതലോടാറുണ്ട്.
അപ്പോഴായിരിക്കും
അവള്‍ പറഞ്ഞുപോകുന്ന
വരികള്‍ക്കുപിറകേ ഞാന്‍ പായുന്നത്.
മഴവരുന്നതിനു മുന്‍പിന്‍പുകള്‍
തിരിച്ചറിഞ്ഞ് വിത്തിറക്കിയും
കൊയ്തും പഞ്ഞത്തിനു കാവലിരുന്ന്
എന്‍റെ പൂര്‍വ്വികരിലൊരാള്‍
പാടിയിരുന്നുപോലും.
വെളുത്ത പുതപ്പിനുള്ളില്‍
പട്ടിണിയുടെ എല്ലിച്ചകോലമായി
പട്ടിണിമരണത്തിന്‍റെ
പോസ്റ്റുമോര്‍ട്ടത്തിനായി
കാത്തുകിടന്ന എന്‍റെ ചെവിയില്‍
ഒരു വയല്‍പാട്ടുപോലെ
അവള്‍ പറഞ്ഞതോര്‍ക്കുമ്പോള്‍
കതിരുചായ്ഞ്ഞ പാടത്തിനെ
വിരല്‍കൊണ്ട്കോരി
ഒരു ശീല്‍ക്കാരമാകാന്‍ അവളും
കൊതിക്കുന്നുണ്ടെന്ന് കാറ്റ് പലപ്രാവശ്യം
പറ‍ഞ്ഞകന്നുപോകുന്നു.

സ്വരം

എപ്പോഴോ
അറിയാതെ എന്നെ ഇഷ്ടപ്പെട്ടതാകാം
ഒരു സ്‌നേഹിതനില്‍ തുടങ്ങി, 
ഒരു പകരക്കാരനായി അറിയാതെ...
ഒടുവില്‍ ഒരു താലിച്ചരടില്‍
എന്റെ ബന്ധുവായി, സ്‌നേഹമായി
എന്റെയുടലിലേയ്ക്ക് ചായുമ്പോള്‍
നഷ്ടങ്ങളുടെ കണക്കുകള്‍ ചേര്‍ത്തുവച്ച്
നീ കരയുന്നുണ്ടായിരുന്നു.
ആ കണക്ക്
ഇനിയും പറഞ്ഞവസാനിപ്പിക്കാന്‍
നിനക്കാവുന്നില്ല
പകരംവയ്ക്കാന്‍ എനിയ്ക്കും.
അതകൊണ്ടുതന്നെ ഞാനു നീയും
രണ്ടുധ്രവങ്ങളില്‍
പുരുഷനെന്നും
സ്ത്രീയൊന്നുമുള്ള പദങ്ങളായി
പോരടിച്ചുകൊണ്ടിരിക്കുന്നു.
നീ നിന്റെയുടലിനേയും
ഞാന്‍ എന്റെയുടലിനേയും
എന്നാണോ മറന്നുതുടങ്ങുന്നത്
അന്ന് നമ്മളില്‍
യഥാര്‍ത്ഥ പ്രണയം
നിലാവുപോലെ പരന്നിറങ്ങും
നമ്മള്‍ സൂര്യനായും
നമ്മുടെ പ്രണയം ചന്ദ്രനായും
എ്‌പ്പോഴും ഇരുള്‍ മറച്ചുകൊണ്ടേയിരിക്കും.

എന്നിലെ നീ

മധുരമെന്നനുരാഗം
വിരഹമകലുമനുരാഗം
വിതുമ്പും നീര്‍ച്ചിമിഴു നിന്‍മിഴികള്‍
പറയും പരിഭവം നിന്‍ചിരിയും
ഉടലുനൊന്തൊന്നുപുണരുമോ നിന്‍
ഹൃദയതാളമതിലലിയുവാന്‍
കടന്നുപോകുമീയുഷസിലെ
മൗനമേഘമായണയുവാന്‍
ഇനിവരില്ലയോ പ്രിയതമേ...
തണുവണിഞ്ഞൊരെന്‍ പ്രണയമേ...
കനവുപൂത്തകുടമുല്ലവല്ലിയില്‍
ശലഭമായൊന്നുപാറുവാന്‍
ഇതളുനീട്ടിയൊരു മഞ്ഞല
കാത്തുവയ്ക്കു നീ വിരഹമേ...
മന്ദമാരുത സ്നേഹസുരഭില
ഗന്ധമായൊന്നുമാറിയെ-
ന്നുടലുചേര്‍ന്നൊരു രതിയൊരുക്കി നീ
കനവൊരുക്കെന്‍റെ പ്രണയമേ..
ജലതരംഗ ധ്വനിപടര്‍ത്തിയെന്‍
സിരകള്‍ചേര്‍ക്കുമാകുളിരല
വിരലുതൊട്ടുനിന്‍ നെറുക ചൂടുമാ
തരളകുങ്കുമസന്ധ്യയില്‍
തരളചുംബന സ്നേഹസ്പര്‍ശമായി
ചേര്‍ത്തടയ്ക്കട്ടെ മിഴികളും.