Thursday, 24 March 2016

തണല്‍ മരങ്ങള്‍

കനലുരുക്കി കനലുരുക്കി ജ്വലിച്ചിടുന്ന വേനലില്‍
നാവറുത്ത് നേദ്യമാക്കി നീ പടച്ച പാട്ടുകള്‍
പാടിടുന്നു കുടലുവറ്റി എല്ലെഴുന്ന ദേഹികള്‍
ചീറ്റിടുന്നു കാളിയന്‍ ഫണമെടുത്തു ചുറ്റിലും

ഞാനുടച്ച മലകളെന്‍റെ കനവുടച്ചു മായുകില്‍
ഞാന്‍ വിയര്‍ത്ത പാടമെന്‍റെ ചിതയെരിഞ്ഞ നോവുകള്‍
കുളിരുതന്ന നദികളിന്നു വെയില്‍വിരിച്ച മണലുകള്‍
കൈതപൂത്ത ഗ്രാമഭംഗി ചിതലെടുത്ത ഏടുകള്‍

നല്ലനാളെ പങ്കിടുന്ന ഭൂമിപെറ്റപൂക്കളില്‍
മഞ്ഞുതുള്ളി കോര്‍ത്തുവച്ചു സൂര്യബിംബ ജ്വാലകള്‍
ഭൂമിപെറ്റ മക്കളാം മനുഷ്യരിന്നു പാരിലും
ചിറകടര്‍ന്നു കൂട്ടിനുള്ളില്‍ ചിറകടിച്ചുകേഴുവോര്‍

കൂരിരുള്‍കയത്തിനുള്ളില്‍ കൂട്ടരെ വധിപ്പവര്‍
കാരിരുമ്പുകോട്ടകെട്ടി തിന്മയെവളര്‍ത്തുവോര്‍
അമ്മയെന്ന മാധുര്യം മറന്നിടുന്ന കൂട്ടരും
കാമമെന്ന കണ്ണുകൊണ്ടു പെണ്ണിനെ രുചിപ്പവര്‍

എന്‍റെ രാജ്യമെന്തുചന്തമെന്നതേറ്റുപാടുവാന്‍
തേനുറഞ്ഞ ഹൃദയമൊന്നു വേറെ നമ്മള്‍ കരുതണം
നീയെടുത്ത വാളിനാല്‍ മുറിച്ചെടുക്ക തിന്മകള്‍
സ്നേഹമെന്ന കൊടിയെടുത്തു കോര്‍ത്തെടുക്ക നന്മകള്‍

ഹൃദയമെന്ന തന്ത്രിമീട്ടി മതിമറന്നു പാടുവാന്‍
കാടൊരുക്കി കനവൊരുക്കി മഴയെ നമ്മള്‍ കാക്കണം
പുതിയ ചാലുകീറിവന്നു മഴനമുക്കു നല്‍കിടും
മണ്‍മറഞ്ഞ പാടവും മധുനിറഞ്ഞ പൂക്കളും

നെല്‍വിളഞ്ഞ പാടമൊന്നു കണ്‍കുളിര്‍ക്കെ കാണുവാന്‍
നെഞ്ചിലുള്ള പാല്‍പകുത്ത് തലമുറയ്ക്കു നല്‍കണം
നന്മയെന്ന വിത്തു ചേറി മക്കളെ വളര്‍ത്തുകില്‍
തളിര്‍മരങ്ങള്‍ പൂത്തുനല്ല തണലിടങ്ങളായിടും

No comments:

Post a Comment