Sunday, 27 April 2014

നീ വരുമോ?

കുന്നിമണികളേ അപ്പൂപ്പന്‍താടിയെ
കണ്ടുവോ നിങ്ങളെന്‍ ബാല്യത്തെ
പാടവരമ്പിലെ ചാണകചന്തമേ
കണ്ടുവോ നീയെന്‍റെ പാദത്തെ

ചുണ്ടിലെരിയുടെ കുങ്കുമംചേര്‍ക്കുന്ന
ഉപ്പിന്‍മുളകിലാ മാങ്ങാത്തുണ്ടില്‍
ഒന്നുകടിച്ചുനീ ചുമ്മാ കരയല്ലേ
ബാല്യമേ നീയെന്‍റെ പിന്നിലായി

താഴെത്തൊടിയിലെ ഞൊടിഞൊട്ടപ്പൂവിനാല്‍
നെറ്റിയില്‍ വെടിവച്ച കുഞ്ഞുപെണ്ണേ
കണ്ണന്‍ചിരട്ടയില്‍ കണ്ണാരംപൊത്തുമ്പോള്‍
മണ്ണപ്പം ചുട്ടത് തട്ടീടല്ലേ

ഞണ്ടിന്‍കുഴിയിലാ പുല്ലിന്‍‍കുരുത്തോല
ചുമ്മാകറക്കുന്ന ചങ്ങാതിയെ
പിന്നിലായ് ചെന്നൊരു നുള്ളുകൊടുത്തിട്ട്
തല്ലുപിടിക്കുന്ന ബാല്യമേ നീ

മുക്കുടഞ്ഞുള്ളോരാ സ്ലേറ്റിന്റെ വക്കിലായ്
കൊഞ്ഞണം കുത്താതെ കൂടെവായോ
ചെമ്പകപ്പൂവിന്‍റെ നറുമണം പേറുന്ന
കുഞ്ഞൊരു തോഴിയായ് കൂടെവായോ

ചീനിയിലയിലെ തണ്ടിലൊരുമാല
കോര്‍ത്തെന്‍റെ പിന്നിലായ് നീ നടന്നാല്‍
ജീവിതസന്ധ്യതന്‍ കനലുപഴുപ്പിച്ച
ചിതയിലെനിക്കൊരു തോഴിയാകും.

നെല്ലി

ഒരു കയ്പ്പു കൂട്ടിന്‍റെയുള്ളിലൊന്നായി
ചേര്‍ത്തമധുരങ്ങളെത്രയെന്നോ
ചോലകള്‍തീര്‍ത്തൊരാ ശാഖിയൊന്നില്‍
ചേലേറുമാപക്ഷി പാടിനില്‍ക്കേ

മരണം വിതുമ്പി കരഞ്ഞതാവാം
ചെറു ചില്ലകള്‍തൂകിയ കുഞ്ഞിലകള്‍
ഞാനുമാ തേങ്ങലിങ്ങേറ്റുവാങ്ങേ
നോവുന്നു ഹൃദയമാ പെരുമഴയില്‍

കോലായിലെച്ചെറു തിണ്ണയൊന്നില്‍
ചാരിയിരുന്നോരാ സ്നേഹബിന്ദു
ചൊല്ലുന്ന മന്ത്രങ്ങളൊക്കെയിപ്പോള്‍
കയ്പ്പാം മധുരത്തിന്‍ കീര്‍ത്തനങ്ങള്‍

അനുഭവമെന്നൊരാ പുഞ്ചിരികള്‍
വെറ്റക്കറചേര്‍ന്നു പാടിടുമ്പോള്‍
മുന്നിലിരുന്നാ കഥ നുണയാന്‍
ഇന്നുമെന്‍ ബാല്യം ഞാന്‍ ചേര്‍ത്തുവയ്പൂ.

മേഘമേ...

നേര്‍ത്ത മുരള്‍ച്ചയുരുള്‍പൊട്ടി
തിമിര്‍ത്തലച്ചുതിര്‍ന്ന മേഘമേ
പ്രണയം നിറച്ചൊരമൃത കുംഭമായ്
ചുരത്തുനീ സ്നേഹനാളമീ ഭൂമിയില്‍

കടുത്ത വേനല്‍ച്ചിരുള്‍മുടി നനച്ചുനീ
പെയ്തുവീഴുക ജനിമുരടിച്ച വിത്തിലായ്
നിവരട്ടെ ഹരിതനാവുകളീയൂഴിയില്‍
കൈകാല്‍ മുരടിച്ചമര്‍ന്നുറങ്ങാതെ

‌യൗവ്വനം തുടുംക്കും സിരകളായ് വീണ്ടും
നിവര്‍ന്നൊഴുകട്ടെ മുത്തശ്ശിപ്പുഴകളും
ഭൂമി പൂക്കട്ടേ വീണ്ടുമൊരു വസന്തമായ്
പറന്നുയരട്ടേ ശലഭവും വാനിലുന്മാദമായ്.

ഓര്‍മയിലേക്കൊരു മഴ

മാനത്തു ഞാന്‍ കണ്ട മാരിവില്‍ പെണ്ണിതാ
മഴനൂലുകോര്‍ത്തിങ്ങിറങ്ങിവന്നു
തോളത്തു കുന്തിച്ചു കുന്തിച്ചു പെയ്തവള്‍
കാതിലൊരു കൊഞ്ചലായ് ചാറിനിന്നു

പ്രണയം തുടിക്കും കുളിര്‍ത്തെന്നലായവള്‍
നെഞ്ചിലായ് ചേര്‍ന്നങ്ങു ചാഞ്ഞുറങ്ങി
മുത്തുപതിപ്പിച്ച മുത്തങ്ങള്‍ കൊണ്ടവള്‍
ചുണ്ടില്‍ നനവാര്‍ന്ന സ്നേഹമായി

വിങ്ങും മനസ്സിലെ നോവുകൂടീട്ടൊരു
കണ്ണുനീര്‍ത്തുള്ളി ഞാന്‍ പെയ്തുവീഴ്ത്തേ
ചുംബനത്തുള്ളികള്‍ കൊണ്ടൊരു സാന്ത്വനം
തന്നവള്‍ സ്നേഹപ്പെരുമഴയാല്‍

നെറ്റിയില്‍ വീണൊരാ കുഞ്ഞു മഴത്തുള്ളി
കാലപ്പടികടന്നോടിച്ചെല്ലേ
ചെമ്പകത്തറയിലെ കളിവീടിനുള്ളിലെന്‍
ബാല്യമിരിക്കുന്നു കൊഞ്ചലോടെ

കുപ്പിവളത്തുണ്ടാല്‍ സ്നേഹം പകുക്കുന്ന
ചങ്ങാതിയുണ്ടെന്‍റെ കൂടെയന്നും
പ്ലാവിലത്തൊപ്പിയില്‍ രാജാവുഞാനതാ
മുട്ടിന്‍തൊലിപോയി തേങ്ങിടുന്നു

ചാറിയവളെന്‍റെ കുഞ്ഞൊരു മാടത്തില്‍
സ്നേഹവിരുന്നിനായ് വന്നപോലെ
കണ്ണീരു മാഞ്ഞുഞാന്‍ തുള്ളികളിച്ചെന്‍റെ
ചിന്തകള്‍ ചാറും വഴിയിറമ്പില്‍

ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു
ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു

Sunday, 20 April 2014

ഒരു കുമ്പസാരം

ദലമര്‍മ്മരങ്ങള്‍
മഴയകന്ന വിരഹത്തിന്‍റേതാവാം
ഇനിയെന്‍റെ നോവുകളിലെ മൗനം 
കൂടുകൂട്ടി അടവച്ചു വിരിയിക്കുന്നത്
സ്വപ്നമകന്ന മഴക്കാറുകളാകും

സന്ധ്യകള്‍ ചാലിച്ചെടുക്കുന്നത്
എന്‍റെ ഹൃദയരക്തമാവും
വിദൂരമല്ലാത്ത ഇരുട്ടിലേക്ക്
കണ്ണുകള്‍ അടഞ്ഞുപോകുന്നു

പ്രഭാതത്തിലേക്ക്
ഇനിയും കാതങ്ങള്‍ ബാക്കി
കണ്ടെത്താനാവാത്ത ജലകണങ്ങള്‍
എന്‍റെ വേരുകള്‍ ഉണക്കിക്കളയുന്നു

കൂണുറങ്ങാത്ത മഞ്ഞുവീഴ്ചകള്‍
എന്‍റെ ശിരോമുകളങ്ങളെ കാര്‍ന്നുതിന്നുന്നു
എന്‍റെ നാമം വാഴ്ത്തപ്പെടുന്നില്ല
എന്നോടൊപ്പം ജീവിച്ചവര്‍
എന്നെ മറന്നു തുടങ്ങിയിരിക്കുന്നു

അവര്‍പങ്കുവയ്ക്കുന്നത്
പാപം പകുത്ത അപ്പങ്ങളും

കുഞ്ഞനുജത്തി

പിച്ചവച്ചു കളിക്കുന്ന കുഞ്ഞനുജത്തീ 
തോളീലായി ഞാന്‍ തൂക്കും കുഞ്ഞനുജത്തീ
അമ്മ പോയ നേരമെന്‍റെയുണ്ണിയായെന്നോ
കാറ്റുപോലും തീണ്ടിടാതെ ചേര്‍ത്തുവച്ചൂ ഞാന്‍

പുസ്തകത്തിനുള്ളിലുള്ളോരക്ഷരത്തിലായ്
അമ്മയെന്ന കല്‍ക്കണ്ടത്തെ കണ്ടെടുത്തു ഞാന്‍
ചേര്‍ത്തുവച്ച പാല്‍മധുരം ചുണ്ടിലൂറുമ്പോള്‍
നെഞ്ചിലായെന്‍ കണ്മണിയെ ചേര്‍ത്തുവച്ചൂ ഞാന്‍

ഉത്തരത്തില്‍ കെട്ടിഞാത്തും തൊട്ടിലൊന്നെന്റെ
ഉള്ളിനുള്ളില്‍ കോര്‍ത്തെടുത്തെന്‍ കുഞ്ഞുതാരാട്ടായ്
പുഴയൊഴുക്കിന്‍ ഭംഗിയേറും എന്റെ ഗ്രാമത്തില്‍
വന്നു തെന്നല്‍ ചെറുസുഗന്ധം പേറി നാടാകെ

മാമ്പഴത്തിന്‍ തോട്ടമൊന്നെന്‍ നാട്ടില്‍വന്നപ്പോള്‍
വന്ന മഴകള്‍ ചുംബനത്തിന്‍ കുഞ്ഞുമൊട്ടായി
പുതിയ സ്വപ്നം പേറിയെത്തും ഗ്രാമമൊന്നായി
മാവുപൂക്കും നാളുകാത്ത് വേല കൊണ്ടാടി

കൈനിറയെ കാശുമായെന്‍ നാടുപൂത്തപ്പോള്‍
കണ്ണിമാങ്ങാ മാമ്പഴത്തിന്‍ കൂടു ചേക്കേറി
ഉത്സവങ്ങള്‍ പൊലിമയേറി കണ്ണുചിമ്മുമ്പോള്‍
പെയ്തുവീണ തുള്ളിയൊന്നും ഞാനറിഞ്ഞില്ല

മാമ്പഴത്തിന്‍ കുഞ്ഞുപൂക്കള്‍ കീടമില്ലാതെ
കാത്തുവയ്ക്കാന്‍ നീ തളിച്ച കാളകൂടങ്ങള്‍
ചാറിവന്ന തുള്ളിയായി വിഷം ചീറ്റി നിന്നപ്പോള്‍
ചത്തുപോയി മധുനുകരും വണ്ടു തേന്തുമ്പി

ശ്വാസമില്ലാതെന്റെ കുഞ്ഞോള്‍ തേങ്ങിനിന്നപ്പോള്‍
വിങ്ങിനിന്ന വിണ്ണുപോലും കണ്ണടയ്ക്കുന്നു
കുഞ്ഞുകാല്‍കള്‍ ചലനമറ്റ് തണുവറിഞ്ഞപ്പോള്‍
കണ്ണുനീരില്ലുറവയാകാന്‍ ഉള്‍മിഴിക്കുള്ളില്‍

ഒഴുകിവന്ന പുഴയൊരെണ്ണം തീര്‍ത്ത രാഗങ്ങള്‍
വിങ്ങിനിന്ന മേഘദൂത് കൊണ്ടുപോകുന്നു
പുഴയറിഞ്ഞു കൊണ്ടുപോകൂ എന്റെ താരാട്ടും
മാമ്പഴത്തിന്‍ രുചിമറന്ന കുഞ്ഞുകല്‍ക്കണ്ടം.

പ്രണയം

നോവും മനസ്സിന്റെ താങ്ങാണുപ്രണയം
വേനല്‍കൊതിക്കുന്ന മഴയാണു പ്രണയം
തെരുവില്‍ മരിക്കും വിശപ്പാണു പ്രണയം
മതഹുങ്കു പേറാത്ത നോവാണു പ്രണയം

ലിംഗങ്ങള്‍ പേറാത്ത രൂപങ്ങള്‍ പ്രണയം
കാഴ്ചകള്‍ കാണാത്ത കണ്ണാണു പ്രണയം
പൂവാടികള്‍ ചേര്‍ന്ന കാടാണു പ്രണയം
കളകളം പാടുന്ന പുഴയാണു പ്രണയം

ഇണചേര്‍ന്ന കിളിയുടെ കൊഞ്ചലീ പ്രണയം
രതി തീര്‍ത്ത ഭാവങ്ങള്‍ തേടുന്ന പ്രണയം
അക്ഷരക്കൂട്ടിന്റെ നേര്‍മ്മയീ പ്രണയം
മഞ്ചാടി ചോപ്പിന്റെ സന്ധ്യയീ പ്രണയം

കടലമ്മ പോറ്റുന്ന തിരയാണു പ്രണയം
കുളിര്‍തൂകി നില്‍ക്കുന്ന കാറ്റാണു പ്രണയം
മധുവുണ്ടു പാറുന്ന വണ്ടാണു പ്രണയം
ചിറകറ്റു വീഴുന്ന ശലഭങ്ങള്‍ പ്രണയം

എന്തിനോടെന്തിനോടിന്നെന്റെ പ്രണയം
മനസ്സു കടംകൊണ്ട വാക്കാണു പ്രണയം
അന്ധത തീര്‍ക്കുന്ന തിമിരമീ പ്രണയം
വാക്കിന്‍ വിശപ്പിന്‍ മതത്തിന്‍ പ്രണയം

ഇണകള്‍ ചുരത്തുന്ന പ്രേമമീ പ്രണയം
കടലാസു പക്ഷികള്‍ പാടുന്ന പ്രണയം
പനനീര്‍ ദളത്തില്‍ അടര്‍ത്തുന്ന പ്രണയം
ചോര പോടിക്കുമീ മുള്ളിന്റെ പ്രണയം

എന്താണു പ്രണയമിന്നെന്താണു പ്രണയം
പ്രകൃതി ലയിപ്പിച്ച മായയീ പ്രണയം
ഉള്ളിന്റെയുള്ളിലെ പ്രാണനോ പ്രണയം
ഞാനെന്ന മിഥ്യതന്‍ സത്യമോ പ്രണയം

ഊഞ്ഞാല്‍

മോഹത്തിന്‍ചരടിലെന്‍ ആത്മാവു ബന്ധിച്ച
ജീവിതക്കോലമെന്നൂഞ്ഞാലേ
മുന്നോട്ടുക്കുതിക്കുമ്പോള്‍ പിന്നോട്ടരാക്കമായ്
നീയെന്റെ വഴികളിലൂഞ്ഞാലേ

ഓര്‍മ്മകളാകാശച്ചുഴിയിലായെത്തുമ്പോള്‍
കുന്തിച്ചു ഞാന്‍നിന്റെയൊപ്പമെത്തും
ആരോഹണത്തിന്റെ നോവുപകര്‍ന്നുനീ
ആലോലമെന്നിലേക്കൂഞ്ഞാലേ

പിച്ചനടക്കുമെന്‍ ബാല്യത്തെപോലെ നീ
തെന്നല്‍ നിറയ്ക്കുമെന്നൂഞ്ഞാലേ
കൈവിട്ടുപോകാതെ അച്ഛനുമമ്മയും
നീട്ടും വിരലുപോല്‍ നിന്റെ പാശം

എത്രപറന്നാലും കൃത്യമാമകലത്തില്‍
അച്ചുതണ്ടൊന്നു നീ ചേര്‍ത്തുവച്ചു
അസ്ഥിത്വമാണതെന്‍ അച്ചുതണ്ടെങ്കിലും
വൃത്തത്തില്‍ ഞാന്‍ വീണ്ടും തൊന്നിവിട്ടു

ഭ്രമണപഥത്തിലെ മുഴിമിക്കായാത്രയായ്
പിന്നോട്ടൊരാക്കം ഞാന്‍ വന്നിടുമ്പോള്‍
അക്കം തികച്ചെന്റെ ഊഞ്ഞാല്‍ക്കയറുകള്‍
നിശ്ചലം ഭൂമിയെ പുല്‍കിനിന്നു

പടിവിട്ട പിണ്ഡമായ് പഞ്ചഭൂതങ്ങളില്‍
ബലിയിട്ടൊരു വറ്റു കാത്തുനിന്നു
അച്ചുതണ്ടിങ്ങനെ ഊഞ്ഞാല്‍ക്കയറുകള്‍
താഴ്ത്തുന്നു വീണ്ടുമാ താളമായി.

പ്രേമമോടെ

കണ്ണിണയെഴുതാതെ ചന്ദനപല്ലക്കില്‍
ചന്ദ്രനൊരു കണിവച്ചുതന്നു
പായാരംചൊല്ലാതെ കണ്മണിപ്പെണ്ണുമെന്‍
ഹൃദയത്തിലായൊരു നോവുതന്നു

തെറ്റികള്‍ പൂക്കുന്ന കയ്യാലത്തിട്ടയില്‍
കണ്ണിണ നോക്കി ഞാന്‍ പുല്‍കിനില്‍ക്കേ
തള്ളവിരലിനാല്‍ ചിത്രം വരച്ചവള്‍
കണിക്കൊന്ന പോലൊന്നു പുഞ്ചിരിച്ചു

നിശ്വാസഹര്‍ഷത്താല്‍ കൂമ്പിത്തുടിക്കുമാ
കാമശരങ്ങളാ നെഞ്ചകത്തില്‍
മാടിവിളിച്ചെന്നെ ചുംബന മലരിനാല്‍
തൊണ്ടിപ്പഴംച്ചേര്‍ത്ത ചുണ്ടിണകള്‍

പ്രേമസുരഭില ലാസ്യമായവളെന്നില്‍
മുല്ലപ്പൂ ഹാരംപോല്‍ ചേര്‍ന്നുനിന്നു
ഒഴുകുമീ കന്യക കാവ്യകല്ലോലിനി
എന്നിലെ നാദമൃണാളമായി.

വിഷുവിന്

അമ്മതന്നോമന പുഞ്ചിരിയാലൊരു
പൊന്‍കണി ഞാനങ്ങു കണ്ടുണരേ
അമ്മയെന്‍ കണ്ണിണ മെല്ലവേപൊത്തീട്ട്
കൊണ്ടുപോയെന്നെയാ മേടപ്പുലരിയില്‍

പീതാംബരന്‍ വേണുനാദമായ്‍ത്തീരുന്ന
മഞ്ഞ‍ണിക്കൊന്നതന്‍ താഴ്വരയില്‍
വെള്ളരിപ്പൂവുകള്‍ ചുംബിച്ചൊരാക്കണി
തന്നൊരു നോവുമെന്‍ ബാല്യത്തിലേക്കിതാ

കൈനീട്ടമായൊരു എട്ടണത്തുട്ടെന്‍റെ
കൈകളില്‍തന്നമ്മ ചേര്‍ത്തുപുണരവേ
ചെമ്പോത്തുമെല്ലയാ പ്ലാവിന്‍റെ ചില്ലയില്‍
തത്തിക്കളിച്ചൊരു പായാരം ചൊല്ലിയോ

വിത്തു നിറച്ചൊരു കുട്ടയും കൈക്കോട്ടും
പാടവരമ്പത്തു പൊന്‍കണിതീര്‍ക്കവേ
സ്വര്‍ണ്ണംത്തിളങ്ങും കതിരൊളി ചൂടുവാന്‍
പാടമൊരുങ്ങുന്നു ഋതുമതിയായിതാ

ഓര്‍മ്മകള്‍ കാലൊച്ചയില്ലാതെ പോകുന്നു
പ്രായപ്പടിയിലെന്‍ കണ്ണടച്ചില്ലുകള്‍
തളിരിട്ട കൊന്നകള്‍ ചൂടാതെ പോകുന്നു
മേടവിഷുവിന്‍റെ നൊമ്പരപ്പൂവുകള്‍

കണിവയ്ക്കാം ഞാനിനി ഓര്‍മ്മകള്‍കൊണ്ടൊരു
ദര്‍പ്പണം ഇന്നിന്‍റെ കാഴ്ചയായി
കത്തെട്ടെ നെയ്ത്തിരി ഉള്ളിന്‍റെയുള്ളിലെന്‍
സ്നേഹം പകരുന്നൊരോര്‍മ്മയായി.

ഊഞ്ഞാല്‍

മോഹത്തിന്‍ചരടിലെന്‍ ആത്മാവു ബന്ധിച്ച
ജീവിതക്കോലമെന്നൂഞ്ഞാലേ
മുന്നോട്ടുക്കുതിക്കുമ്പോള്‍ പിന്നോട്ടരാക്കമായ്
നീയെന്റെ വഴികളിലൂഞ്ഞാലേ

ഓര്‍മ്മകളാകാശച്ചുഴിയിലായെത്തുമ്പോള്‍
കുന്തിച്ചു ഞാന്‍നിന്റെയൊപ്പമെത്തും
ആരോഹണത്തിന്റെ നോവുപകര്‍ന്നുനീ
ആലോലമെന്നിലേക്കൂഞ്ഞാലേ

പിച്ചനടക്കുമെന്‍ ബാല്യത്തെപോലെ നീ
തെന്നല്‍ നിറയ്ക്കുമെന്നൂഞ്ഞാലേ
കൈവിട്ടുപോകാതെ അച്ഛനുമമ്മയും
നീട്ടും വിരലുപോല്‍ നിന്റെ പാശം

എത്രപറന്നാലും കൃത്യമാമകലത്തില്‍
അച്ചുതണ്ടൊന്നു നീ ചേര്‍ത്തുവച്ചു
അസ്ഥിത്വമാണതെന്‍ അച്ചുതണ്ടെങ്കിലും
വൃത്തത്തില്‍ ഞാന്‍ വീണ്ടും തൊന്നിവിട്ടു

ഭ്രമണപഥത്തിലെ മുഴിമിക്കായാത്രയായ്
പിന്നോട്ടൊരാക്കം ഞാന്‍ വന്നിടുമ്പോള്‍
അക്കം തികച്ചെന്റെ ഊഞ്ഞാല്‍ക്കയറുകള്‍
നിശ്ചലം ഭൂമിയെ പുല്‍കിനിന്നു

പടിവിട്ട പിണ്ഡമായ് പഞ്ചഭൂതങ്ങളില്‍
ബലിയിട്ടൊരു വറ്റു കാത്തുനിന്നു
അച്ചുതണ്ടിങ്ങനെ ഊഞ്ഞാല്‍ക്കയറുകള്‍
താഴ്ത്തുന്നു വീണ്ടുമാ താളമായി.

Friday, 4 April 2014

ഒരുകുളിരുപകരുമൊരു പുതിയമഴ

ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
മൊഴിയഴകിലൊഴുകുമൊരു ചെറിയപുഴ
പുഴവഴിയിലരികിലൊരു ചെറിയമരം

ചെറിയമരപൊത്തിലൊരു കുഞ്ഞുകൂട്
കുളിരലകള്‍തീര്‍ത്തൊരു കുഞ്ഞുനോവ്
നോവിനലയാഴിയൊരു കുഞ്ഞുതേങ്ങല്‍
പുഴയൊഴുക്കുതാണ്ടിയങ്ങൊഴുകി ദൂരെ

മറുമലകള്‍മറുമൊഴികള്‍ത്തേങ്ങലായി
നീര്‍മിഴികള്‍ മധുമണികള്‍ ചേര്‍ത്തുവച്ചു
പുഴയഴകിലലകള്‍തീര്‍ത്തഴകുമായി
മിഴിതുടച്ചഴലുമായ് പോയി കാറ്റും

കരളിലൊരു പുതുമഴക്കാറുമായി
പോയവഴിപിന്നെയും കാറ്റുവന്നു
പീലിയൊരു പൂവനാ താഴ്വരയില്‍
പാടുമൊരുപാട്ടതാ പ്രണയഗീതം

മിഴിവഴുതിവീഴാ പറന്നുകൊള്‍കാ
കുളിരരുവിതാഴെയാ താഴ്വരയില്‍
കൂട്ടിനായ് ചിറകുള്ള കുളിരുനല്കാം
പറപറന്നീവഴി വന്നുകൊള്‍ക

മിഴിയിണകള്‍മൊഴിയുമാ പരിഭവങ്ങള്‍
പ്രണയമണിത്തൂവലായ് പാറിവന്നു
കുളിരൊളികള്‍ ചൊരിയുമാ പുതിയകാറ്റില്‍
നീര്‍മണികള്‍ ചൊരിയുന്നു പുതിയമഴ

ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ

Thursday, 3 April 2014

മേഘത്തിലേക്കൊരു ദൂത്

തീമഴ കാച്ചിയ കാറ്റേ
കുളിരുമായെന്നിനിയെത്തും
എല്ലിച്ച തോട്ടിന്‍ കരയില്‍
ചുണ്ടുപിളര്‍ന്നെന്റെ പാടം

നീയൊരു ദൂതനായ്ച്ചെല്ലൂ
മേഘത്തിരുമുടി തന്നില്‍
സ്നേഹത്തലോടലായ് ചൊല്ലൂ
അമൃതുചുരത്തിപ്പരക്കാന്‍

പറവകള്‍ വീഴുന്നു താഴെ
ഇറ്റു ജലമില്ലാതലയുന്നു കൂട്ടം
തീയായ് പറക്കുന്നു കാടും
ചുടലക്കളത്തിന്റെ ഗന്ധം

വേരുപറിക്കുന്നു വേനല്‍
ശാഖിയഴിക്കുന്നു ചേല
മാനം മറന്നോരാ കുന്നും
മാറു പിളര്‍ത്തുന്നു ദൂരെ

സൂര്യന്‍തൊടുക്കും ശരങ്ങള്‍
ഏറ്റു പുളയുന്നെന്നമ്മ
കാവില് തീപ്പെട്ട തെയ്യം
വാനില്‍ പെരുമ്പറകൊട്ടേ

കാറ്റേ നീ കൂട്ടിനുപോക
തേവരാം മേഘം ചുരത്താന്‍
താഴെവരണ്ട നദിയില്‍
പുളകമായ് വന്നിങ്ങു ചേരാന്‍

തുള്ളി മുഴുത്ത മഴയില്‍
പാടം കിളിര്‍ത്തു ചിരിക്കേ
പ്രണയം തുളുമ്പി നീ പാടൂ
പാഴ്മുളം തണ്ടിലായ് മെല്ലേ

ഉഷ്ണം പിടിപ്പിച്ച കൈയ്യില്‍
കുളിരുമായി നീയിങ്ങുവന്നാല്‍
സ്നേഹച്ചരുവിലായ് നല്കാം
പിച്ചികള്‍ പൂത്തൊരാ കാട്

ചൂടിപ്പറന്നിങ്ങുവായോ
താളം പിടിപ്പിച്ച കൈയ്യില്‍
മൊട്ടുകള്‍ മുത്തിയ മഞ്ഞിന്‍
കുളിരുമായെന്നെത്തഴുകാന്‍.