Sunday 20 April 2014

പ്രണയം

നോവും മനസ്സിന്റെ താങ്ങാണുപ്രണയം
വേനല്‍കൊതിക്കുന്ന മഴയാണു പ്രണയം
തെരുവില്‍ മരിക്കും വിശപ്പാണു പ്രണയം
മതഹുങ്കു പേറാത്ത നോവാണു പ്രണയം

ലിംഗങ്ങള്‍ പേറാത്ത രൂപങ്ങള്‍ പ്രണയം
കാഴ്ചകള്‍ കാണാത്ത കണ്ണാണു പ്രണയം
പൂവാടികള്‍ ചേര്‍ന്ന കാടാണു പ്രണയം
കളകളം പാടുന്ന പുഴയാണു പ്രണയം

ഇണചേര്‍ന്ന കിളിയുടെ കൊഞ്ചലീ പ്രണയം
രതി തീര്‍ത്ത ഭാവങ്ങള്‍ തേടുന്ന പ്രണയം
അക്ഷരക്കൂട്ടിന്റെ നേര്‍മ്മയീ പ്രണയം
മഞ്ചാടി ചോപ്പിന്റെ സന്ധ്യയീ പ്രണയം

കടലമ്മ പോറ്റുന്ന തിരയാണു പ്രണയം
കുളിര്‍തൂകി നില്‍ക്കുന്ന കാറ്റാണു പ്രണയം
മധുവുണ്ടു പാറുന്ന വണ്ടാണു പ്രണയം
ചിറകറ്റു വീഴുന്ന ശലഭങ്ങള്‍ പ്രണയം

എന്തിനോടെന്തിനോടിന്നെന്റെ പ്രണയം
മനസ്സു കടംകൊണ്ട വാക്കാണു പ്രണയം
അന്ധത തീര്‍ക്കുന്ന തിമിരമീ പ്രണയം
വാക്കിന്‍ വിശപ്പിന്‍ മതത്തിന്‍ പ്രണയം

ഇണകള്‍ ചുരത്തുന്ന പ്രേമമീ പ്രണയം
കടലാസു പക്ഷികള്‍ പാടുന്ന പ്രണയം
പനനീര്‍ ദളത്തില്‍ അടര്‍ത്തുന്ന പ്രണയം
ചോര പോടിക്കുമീ മുള്ളിന്റെ പ്രണയം

എന്താണു പ്രണയമിന്നെന്താണു പ്രണയം
പ്രകൃതി ലയിപ്പിച്ച മായയീ പ്രണയം
ഉള്ളിന്റെയുള്ളിലെ പ്രാണനോ പ്രണയം
ഞാനെന്ന മിഥ്യതന്‍ സത്യമോ പ്രണയം

No comments:

Post a Comment