Sunday 20 April 2014

വിഷുവിന്

അമ്മതന്നോമന പുഞ്ചിരിയാലൊരു
പൊന്‍കണി ഞാനങ്ങു കണ്ടുണരേ
അമ്മയെന്‍ കണ്ണിണ മെല്ലവേപൊത്തീട്ട്
കൊണ്ടുപോയെന്നെയാ മേടപ്പുലരിയില്‍

പീതാംബരന്‍ വേണുനാദമായ്‍ത്തീരുന്ന
മഞ്ഞ‍ണിക്കൊന്നതന്‍ താഴ്വരയില്‍
വെള്ളരിപ്പൂവുകള്‍ ചുംബിച്ചൊരാക്കണി
തന്നൊരു നോവുമെന്‍ ബാല്യത്തിലേക്കിതാ

കൈനീട്ടമായൊരു എട്ടണത്തുട്ടെന്‍റെ
കൈകളില്‍തന്നമ്മ ചേര്‍ത്തുപുണരവേ
ചെമ്പോത്തുമെല്ലയാ പ്ലാവിന്‍റെ ചില്ലയില്‍
തത്തിക്കളിച്ചൊരു പായാരം ചൊല്ലിയോ

വിത്തു നിറച്ചൊരു കുട്ടയും കൈക്കോട്ടും
പാടവരമ്പത്തു പൊന്‍കണിതീര്‍ക്കവേ
സ്വര്‍ണ്ണംത്തിളങ്ങും കതിരൊളി ചൂടുവാന്‍
പാടമൊരുങ്ങുന്നു ഋതുമതിയായിതാ

ഓര്‍മ്മകള്‍ കാലൊച്ചയില്ലാതെ പോകുന്നു
പ്രായപ്പടിയിലെന്‍ കണ്ണടച്ചില്ലുകള്‍
തളിരിട്ട കൊന്നകള്‍ ചൂടാതെ പോകുന്നു
മേടവിഷുവിന്‍റെ നൊമ്പരപ്പൂവുകള്‍

കണിവയ്ക്കാം ഞാനിനി ഓര്‍മ്മകള്‍കൊണ്ടൊരു
ദര്‍പ്പണം ഇന്നിന്‍റെ കാഴ്ചയായി
കത്തെട്ടെ നെയ്ത്തിരി ഉള്ളിന്‍റെയുള്ളിലെന്‍
സ്നേഹം പകരുന്നൊരോര്‍മ്മയായി.

No comments:

Post a Comment