Sunday 27 April 2014

നെല്ലി

ഒരു കയ്പ്പു കൂട്ടിന്‍റെയുള്ളിലൊന്നായി
ചേര്‍ത്തമധുരങ്ങളെത്രയെന്നോ
ചോലകള്‍തീര്‍ത്തൊരാ ശാഖിയൊന്നില്‍
ചേലേറുമാപക്ഷി പാടിനില്‍ക്കേ

മരണം വിതുമ്പി കരഞ്ഞതാവാം
ചെറു ചില്ലകള്‍തൂകിയ കുഞ്ഞിലകള്‍
ഞാനുമാ തേങ്ങലിങ്ങേറ്റുവാങ്ങേ
നോവുന്നു ഹൃദയമാ പെരുമഴയില്‍

കോലായിലെച്ചെറു തിണ്ണയൊന്നില്‍
ചാരിയിരുന്നോരാ സ്നേഹബിന്ദു
ചൊല്ലുന്ന മന്ത്രങ്ങളൊക്കെയിപ്പോള്‍
കയ്പ്പാം മധുരത്തിന്‍ കീര്‍ത്തനങ്ങള്‍

അനുഭവമെന്നൊരാ പുഞ്ചിരികള്‍
വെറ്റക്കറചേര്‍ന്നു പാടിടുമ്പോള്‍
മുന്നിലിരുന്നാ കഥ നുണയാന്‍
ഇന്നുമെന്‍ ബാല്യം ഞാന്‍ ചേര്‍ത്തുവയ്പൂ.

No comments:

Post a Comment