Thursday 3 April 2014

മേഘത്തിലേക്കൊരു ദൂത്

തീമഴ കാച്ചിയ കാറ്റേ
കുളിരുമായെന്നിനിയെത്തും
എല്ലിച്ച തോട്ടിന്‍ കരയില്‍
ചുണ്ടുപിളര്‍ന്നെന്റെ പാടം

നീയൊരു ദൂതനായ്ച്ചെല്ലൂ
മേഘത്തിരുമുടി തന്നില്‍
സ്നേഹത്തലോടലായ് ചൊല്ലൂ
അമൃതുചുരത്തിപ്പരക്കാന്‍

പറവകള്‍ വീഴുന്നു താഴെ
ഇറ്റു ജലമില്ലാതലയുന്നു കൂട്ടം
തീയായ് പറക്കുന്നു കാടും
ചുടലക്കളത്തിന്റെ ഗന്ധം

വേരുപറിക്കുന്നു വേനല്‍
ശാഖിയഴിക്കുന്നു ചേല
മാനം മറന്നോരാ കുന്നും
മാറു പിളര്‍ത്തുന്നു ദൂരെ

സൂര്യന്‍തൊടുക്കും ശരങ്ങള്‍
ഏറ്റു പുളയുന്നെന്നമ്മ
കാവില് തീപ്പെട്ട തെയ്യം
വാനില്‍ പെരുമ്പറകൊട്ടേ

കാറ്റേ നീ കൂട്ടിനുപോക
തേവരാം മേഘം ചുരത്താന്‍
താഴെവരണ്ട നദിയില്‍
പുളകമായ് വന്നിങ്ങു ചേരാന്‍

തുള്ളി മുഴുത്ത മഴയില്‍
പാടം കിളിര്‍ത്തു ചിരിക്കേ
പ്രണയം തുളുമ്പി നീ പാടൂ
പാഴ്മുളം തണ്ടിലായ് മെല്ലേ

ഉഷ്ണം പിടിപ്പിച്ച കൈയ്യില്‍
കുളിരുമായി നീയിങ്ങുവന്നാല്‍
സ്നേഹച്ചരുവിലായ് നല്കാം
പിച്ചികള്‍ പൂത്തൊരാ കാട്

ചൂടിപ്പറന്നിങ്ങുവായോ
താളം പിടിപ്പിച്ച കൈയ്യില്‍
മൊട്ടുകള്‍ മുത്തിയ മഞ്ഞിന്‍
കുളിരുമായെന്നെത്തഴുകാന്‍.

No comments:

Post a Comment