Sunday 20 April 2014

പ്രേമമോടെ

കണ്ണിണയെഴുതാതെ ചന്ദനപല്ലക്കില്‍
ചന്ദ്രനൊരു കണിവച്ചുതന്നു
പായാരംചൊല്ലാതെ കണ്മണിപ്പെണ്ണുമെന്‍
ഹൃദയത്തിലായൊരു നോവുതന്നു

തെറ്റികള്‍ പൂക്കുന്ന കയ്യാലത്തിട്ടയില്‍
കണ്ണിണ നോക്കി ഞാന്‍ പുല്‍കിനില്‍ക്കേ
തള്ളവിരലിനാല്‍ ചിത്രം വരച്ചവള്‍
കണിക്കൊന്ന പോലൊന്നു പുഞ്ചിരിച്ചു

നിശ്വാസഹര്‍ഷത്താല്‍ കൂമ്പിത്തുടിക്കുമാ
കാമശരങ്ങളാ നെഞ്ചകത്തില്‍
മാടിവിളിച്ചെന്നെ ചുംബന മലരിനാല്‍
തൊണ്ടിപ്പഴംച്ചേര്‍ത്ത ചുണ്ടിണകള്‍

പ്രേമസുരഭില ലാസ്യമായവളെന്നില്‍
മുല്ലപ്പൂ ഹാരംപോല്‍ ചേര്‍ന്നുനിന്നു
ഒഴുകുമീ കന്യക കാവ്യകല്ലോലിനി
എന്നിലെ നാദമൃണാളമായി.

No comments:

Post a Comment