Sunday, 27 April 2014

ഓര്‍മയിലേക്കൊരു മഴ

മാനത്തു ഞാന്‍ കണ്ട മാരിവില്‍ പെണ്ണിതാ
മഴനൂലുകോര്‍ത്തിങ്ങിറങ്ങിവന്നു
തോളത്തു കുന്തിച്ചു കുന്തിച്ചു പെയ്തവള്‍
കാതിലൊരു കൊഞ്ചലായ് ചാറിനിന്നു

പ്രണയം തുടിക്കും കുളിര്‍ത്തെന്നലായവള്‍
നെഞ്ചിലായ് ചേര്‍ന്നങ്ങു ചാഞ്ഞുറങ്ങി
മുത്തുപതിപ്പിച്ച മുത്തങ്ങള്‍ കൊണ്ടവള്‍
ചുണ്ടില്‍ നനവാര്‍ന്ന സ്നേഹമായി

വിങ്ങും മനസ്സിലെ നോവുകൂടീട്ടൊരു
കണ്ണുനീര്‍ത്തുള്ളി ഞാന്‍ പെയ്തുവീഴ്ത്തേ
ചുംബനത്തുള്ളികള്‍ കൊണ്ടൊരു സാന്ത്വനം
തന്നവള്‍ സ്നേഹപ്പെരുമഴയാല്‍

നെറ്റിയില്‍ വീണൊരാ കുഞ്ഞു മഴത്തുള്ളി
കാലപ്പടികടന്നോടിച്ചെല്ലേ
ചെമ്പകത്തറയിലെ കളിവീടിനുള്ളിലെന്‍
ബാല്യമിരിക്കുന്നു കൊഞ്ചലോടെ

കുപ്പിവളത്തുണ്ടാല്‍ സ്നേഹം പകുക്കുന്ന
ചങ്ങാതിയുണ്ടെന്‍റെ കൂടെയന്നും
പ്ലാവിലത്തൊപ്പിയില്‍ രാജാവുഞാനതാ
മുട്ടിന്‍തൊലിപോയി തേങ്ങിടുന്നു

ചാറിയവളെന്‍റെ കുഞ്ഞൊരു മാടത്തില്‍
സ്നേഹവിരുന്നിനായ് വന്നപോലെ
കണ്ണീരു മാഞ്ഞുഞാന്‍ തുള്ളികളിച്ചെന്‍റെ
ചിന്തകള്‍ ചാറും വഴിയിറമ്പില്‍

ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു
ഓര്‍മകള്‍ ചാറും മഴത്തുള്ളിയായവള്‍
പിന്നെയും വളകള്‍ കിലുക്കിടുന്നു

No comments:

Post a Comment