Sunday, 20 April 2014

ഊഞ്ഞാല്‍

മോഹത്തിന്‍ചരടിലെന്‍ ആത്മാവു ബന്ധിച്ച
ജീവിതക്കോലമെന്നൂഞ്ഞാലേ
മുന്നോട്ടുക്കുതിക്കുമ്പോള്‍ പിന്നോട്ടരാക്കമായ്
നീയെന്റെ വഴികളിലൂഞ്ഞാലേ

ഓര്‍മ്മകളാകാശച്ചുഴിയിലായെത്തുമ്പോള്‍
കുന്തിച്ചു ഞാന്‍നിന്റെയൊപ്പമെത്തും
ആരോഹണത്തിന്റെ നോവുപകര്‍ന്നുനീ
ആലോലമെന്നിലേക്കൂഞ്ഞാലേ

പിച്ചനടക്കുമെന്‍ ബാല്യത്തെപോലെ നീ
തെന്നല്‍ നിറയ്ക്കുമെന്നൂഞ്ഞാലേ
കൈവിട്ടുപോകാതെ അച്ഛനുമമ്മയും
നീട്ടും വിരലുപോല്‍ നിന്റെ പാശം

എത്രപറന്നാലും കൃത്യമാമകലത്തില്‍
അച്ചുതണ്ടൊന്നു നീ ചേര്‍ത്തുവച്ചു
അസ്ഥിത്വമാണതെന്‍ അച്ചുതണ്ടെങ്കിലും
വൃത്തത്തില്‍ ഞാന്‍ വീണ്ടും തൊന്നിവിട്ടു

ഭ്രമണപഥത്തിലെ മുഴിമിക്കായാത്രയായ്
പിന്നോട്ടൊരാക്കം ഞാന്‍ വന്നിടുമ്പോള്‍
അക്കം തികച്ചെന്റെ ഊഞ്ഞാല്‍ക്കയറുകള്‍
നിശ്ചലം ഭൂമിയെ പുല്‍കിനിന്നു

പടിവിട്ട പിണ്ഡമായ് പഞ്ചഭൂതങ്ങളില്‍
ബലിയിട്ടൊരു വറ്റു കാത്തുനിന്നു
അച്ചുതണ്ടിങ്ങനെ ഊഞ്ഞാല്‍ക്കയറുകള്‍
താഴ്ത്തുന്നു വീണ്ടുമാ താളമായി.

No comments:

Post a Comment