Wednesday, 22 January 2014

ഹൃദയത്തിനൊപ്പം

മധുരമായ്‍വീശുമീ കാറ്റിന്റെ പ്രണയത്തില്‍
ഞാനെന്റെ തേങ്ങല്‍ മറച്ചുവയ്ക്കാം
കണ്ണിമച്ചോലയില്‍ തങ്ങുമീയരുവിയില്‍
ഞാനെന്റെ നോവു പകുത്തുവയ്ക്കാം

ഹൃദയമേ നീ നിന്റെ വഴികളില്‍ക്കാണുമീ
സമരങ്ങളെന്തിനാണെന്നുചൊല്ലൂ
സിരകളില്‍ നോവിന്റെ പടലം പറിച്ചുനീ
ജീവിതവഴിയില്‍ മരിക്കയാണോ?

ഹൃദയപ്പകുതിയില്‍ ഞാന്‍ചേര്‍ത്തപ്രണയമീ
മനസ്സിന്നിടനാഴിപിന്നിടുമ്പോള്‍
വിധിയെന്നസൗമ്യപ്രഭാവനീചിന്തയില്‍
ശ്രുതിമീട്ടിമെല്ലെ ത്തുടിക്കണുണ്ടോ

ഓര്‍മതന്‍ചെപ്പിലെ കൈപിടിച്ചുണ്ടിലായ്
ഞാനെന്റെ ചുംബനം ചേര്‍ത്തുവയ്ക്കാം
ഹൃദയമേ നീനിന്റെ രക്തപ്രവാഹത്തില്‍
എന്റെയീ സ്വപ്നങ്ങള്‍കൂട്ടിവയ്ക്കൂ

മഞ്ചലില്‍പ്പേറുമീ പൂക്കള്‍ക്കുനടുവിലായ്
ഞാനെന്റെ ഹൃദയം പറിച്ചുവയ്ക്കേ
കനല്‍വഴിക്കാട്ടിലെ നാളമായെരിയുവാന്‍
ഞാനെന്റെ പ്രണയവും ചേര്‍ത്തുവയ്ക്കാം

ആകാശമേടയില്‍ തങ്ങുമാമേഘത്തില്‍
നീയാ പ്രണയത്തെ ചേര്‍ത്തുവച്ചാല്‍
കുളിര്‍മഴപെയ്യുമാ സന്ധ്യയിലവളെന്റെ
പ്രണയക്കുളിര്‍മഴചൂടിനില്‍ക്കും

മധുരമായ്‍വീശുമീ കാറ്റിന്റെ പ്രണയത്തില്‍
ഞാനെന്റെ തേങ്ങല്‍ മറച്ചുവയ്ക്കാം
കണ്ണിമച്ചോലയില്‍ തങ്ങുമീയരുവിയില്‍
ഞാനെന്റെ നോവു പകുത്തുവയ്ക്കാം

നോവ്

കനല്‍ക്കാറ്റു പതിഞ്ഞതീരമേ വിശ്രമിക്ക നീ
മഴക്കാറു വാനിലായ് വന്നണഞ്ഞീടുവാന്‍
വരണ്ടചുണ്ടുകള്‍ അമര്‍ത്തിക്കടിച്ചുനിന്‍
വിരഹവേദനയുള്ളില്‍ കടിച്ചമര്‍ത്തീടുക

മുളച്ചയീരില കടുത്തവേരിനാല്‍ നിന്റെ
പുറത്തെപാളിയെ തുളച്ചുതാഴ്‍ന്നീടുമ്പോള്‍
പ്രണയനോവുകള്‍ തകര്‍ത്തമേനിതന്‍
രുധിരബിന്ദുക്കള്‍ അടര്‍ന്നുപോകുമോ

ഗര്‍ഭനാളിയില്‍ പൂത്ത ഹൃദയരേണുക്കള്‍
ചെറിയസ്പന്ദനം നിന്നില്‍ വിടര്‍ത്തിനില്‍ക്കവേ
മനസ്സിനുള്ളിലായ് കടുത്തപാളികള്‍ മെല്ലെ
ഉടച്ചുവാര്‍ക്കുവാന്‍ വെമ്പും ഹൃദയനോവുകള്‍

ഭ്രാന്തി

കണ്ണില്‍ ഭയത്തിന്‍ നിഴലുകള്‍ മീട്ടിയ
നീറും മനസ്സിന്റെ സങ്കടം കണ്ടുഞാന്‍
നോവുകള്‍ മാറാല കെട്ടിയ മുറിയിലായ്
അമ്മ വിതുമ്പിക്കരഞ്ഞതു കേട്ടുഞാന്‍

കണ്ണില്‍ കരടു പതിഞ്ഞതായ് ഭാവിച്ചു
കണ്ണിമ ചിമ്മിത്തുടച്ചു കളഞ്ഞുഞാന്‍
പിന്നിലെ കാതങ്ങള്‍ ജീവിതക്കോണുകള്‍
ചുമ്മാചികഞ്ഞുഞാന്‍ ഓര്‍ത്തുനിന്നീടവേ

ഭ്രാന്തിയാണായമ്മയെന്നു മൊഴിയുന്ന
കുഞ്ഞുങ്ങള്‍ ഗ്രാമത്തിലേറെയാണെങ്കിലും
കതകിന്‍ വിടവിലൂടവളോടുകൊഞ്ചുന്ന
ബാല്യങ്ങളേറെയാണന്നതും കൗതുകം

അമ്മമൊഴിയിലെ താരാട്ടിനീണങ്ങള്‍
ഗ്രാമത്തിന്‍ പൂഞ്ചാല മെല്ലെയൊഴുക്കവേ
മാറത്തൊതുക്കിയ തലപോയ പാവയെ
ചുമ്പിച്ചുറക്കുന്ന കോലത്തെക്കണ്ടുഞാന്‍

നോവും ഹൃദയത്തില്‍ ഞാനെന്റെയമ്മയെ
ഒന്നുതലോടി മടങ്ങിയെത്തീടവേ
ശകാരത്തിലെത്തുമൊരു കുഞ്ഞുമനസ്സിനെ
മുന്നിലായ് കണ്ടുഞാന്‍ ആയമ്മ തന്നിലും

പ്രാണന്‍ പിടയ്ക്കുമാ ചെയ്തികള്‍ കാണുമ്പോള്‍
ഞാനുമവരുടെ കുഞ്ഞായ് പിറക്കുന്നു
ചുറ്റിലും കാണുമാ മായപ്രപഞ്ചത്തില്‍
ഞാനുമീയമ്മയെ മാറോടണയ്ക്കുന്നു

Friday, 17 January 2014

ഉറവ

മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ
ഇന്നലെസന്ധ്യയില്‍ നീതീര്‍ത്ത മേഘമീ
പുഴയും കവര്‍ന്നങ്ങു ചോര്‍ന്നുപോയോ

മഴവില്ലുപോലെയെന്‍ അഴകുള്ള സ്വപ്നവും
ഉതിരുന്ന കണ്ണീരാല്‍ മായ്ച്ചിടുന്നോ?
ഹൃദയത്തില്‍ നോവുമീ മിന്നല്‍പിണരുകള്‍
സുഖമുള്ള പ്രണയത്തിന്‍ മധുരമാണോ?

ഇറ്റിറ്റുവീണൊരാ നീര്‍മണിമുത്തുകള്‍
സ്നേഹപെരുമ്പറകൊട്ടിടുമ്പോള്‍
നീര്‍വഴിച്ചാലിലായ് ഞാന്‍ തീര്‍ത്ത കുമിളയീ
നീര്‍ച്ചുഴിയ്ക്കുള്ളിലായ് മാഞ്ഞിടുന്നു

പുളകം വിടര്‍ത്തുമാ കുളിര്‍മഴകൈകളെന്‍
കുളിരാര്‍ന്ന ദേഹത്തെ പുല്‍കിനില്‍ക്കേ
പാടം കരിഞ്ഞവിശപ്പിന്റെ നേര്‍വഴി
ഉള്ളിലെ അഗ്നിയായ് കത്തിനിന്നു

ഉറവകള്‍തീര്‍ത്തഹൃദയത്തുടിപ്പുകള്‍
വേരറ്റശാഖികള്‍ക്കെന്തിനാണോ
അമൃ‍തം പകര്‍ന്നോരാ ഗര്‍ഭ ഞരമ്പുകള്‍
തേടേണ്ടതില്ലയാ പാനപാത്രം

പണത്തിനുറവകള്‍ തേടുമീയാത്രയില്‍
ജലത്തിന്നുറവ മറഞ്ഞുപോയോ
മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ

ഒരു വാക്ക്

മനസ്സില്‍ കടംകൊണ്ട കവിതചൊല്ലാന്‍
മൊഴികള്‍ തിരഞ്ഞെന്റെ മൗനമെത്തി
അലകള്‍തുഴഞ്ഞുഞാന്‍ നാവെടുക്കേ
വന്നില്ല ധ്വനികളാ പിന്‍വിളിക്കായ്

നാവുകുഴഞ്ഞെന്റെ കണ്ണിരുണ്ടു
ശ്വാസഗതിനീണ്ട പ്രാണശബ്ദം
നോവുകള്‍ താണ്ടുമാ ഹൃത്തുടുപ്പില്‍
നാവിന്‍ കുഴല്‍വിളി ചേര്‍ന്നതില്ല

ഇനിയെന്റെ മഞ്ചമൊരുക്കിടുക
പായട്ടെ ഞാനെന്റെ കനലിനുള്ളില്‍
കത്തുന്ന തീയിലൊരു മാംസരൂപം
പ്രളയംകടന്നൊരാ ജന്മരൂപം

പറയേണ്ടവാക്കീ മനസ്സിലെത്തേ
പറയുവാനിന്നിനി നാവുമില്ല
ജന്മങ്ങള്‍പേറുന്നകോലമെല്ലാം
നാവുകുഴയുന്ന ജന്മമത്രേ

ചങ്ങലകോര്‍ത്തൊരീ നാവിനുള്ളില്‍
ബന്ധങ്ങള്‍തീര്‍ത്ത കനത്തപൂട്ട്
ഇല്ലതുറക്കില്ല ഞാനിതൊന്നും
സുഖത്തിന്‍ മരിപ്പെനിക്കിഷ്ടമല്ല

Sunday, 12 January 2014

മഴയോട്

കരിങ്കാറുകൊള്ളും മനസ്സിലേക്കിത്തിരി
കുളിരുള്ള ചാറ്റലായെത്തിടുമോ?
‍കരിവളകിലുങ്ങുമാ മഴനൂലിന്‍ പന്തലില്‍
കുളിരുള്ളസ്വപ്നംഞാന്‍ കണ്ടിടട്ടേ

പ്രണയംപകുത്തുനീ മഴവില്ലുമെനയുമ്പോള്‍
ആടുംമനസ്സൊരുമൈലുപോലെ
നീതന്ന ചുംബനം കണ്ണീര്‍കടന്നെന്റെ
സിരകളില്‍പ്രാണനുതിര്‍ത്തുവിട്ട

ഭ്രൂണത്തില്‍ ഞാന്‍കൊണ്ട ബീജങ്ങളൊക്കെയും
കൂനിപ്പിടച്ചുജനിച്ചിടുന്നു
ദൂരയാകുന്നിന്‍നെറുകയില്‍മൊട്ടിട്ട
കിരണങ്ങളവയിലേക്കുറ്റുനോക്കും

ആവെളിച്ചത്തിന്റെ കൈകളില്‍തൂങ്ങിയ-
ങ്ങാകാശക്കോട്ടയില്‍ നിന്നെത്തേടും
നീചുരത്തുന്നൊരാ നീര്‍മണിമുത്തുകള്‍
പാല്‍മധുവായവര്‍ ഉണ്ടുതീര്‍ക്കും


എന്നിലുറയും നിന്‍ അഴലിന്റെ രേതസ്സ്
ഉറവായായ് എന്നും ഞാന്‍ കാത്തുവയ്ക്കും

വരള്‍ച

നുകപ്പാടുപഴുത്തനോവിനാല്‍ ചുണ്ടുകേഴുന്നു
പ്രാണനൊഴുക്കുക നീയീ കരിഞ്ഞ ദേഹത്തിലായ്
നീര്‍വഴിച്ചാലുകള്‍ വറ്റിവരണ്ടതില്‍
പൊള്ളുംവിപത്തിന്റെ കൃമികള്‍പരക്കുന്നു

വറ്ററിയാതെ വായടച്ചകന്ന ‍പത്തായവും
തൊണ്ടവറ്റിക്കരിഞ്ഞു വിശന്നു കേണുപോകുന്നു
നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

ചേറ്റുമണംമാറാക്കലപ്പയും നേര്‍ത്തകുയില്‍നാദവും
പുലര്‍വെട്ടമുണ്ടു തുടുത്തൊരാമഞ്ഞിന്‍ മരങ്ങളും
വിഴുങ്ങിപാത്തുപതുങ്ങിയാ ദുരമുടിക്കുന്നു സര്‍വ്വതും
നാവുകുഴയുന്നു, ഫണം മടക്കുനീ വ്രണിതവേനലേ

ആഴിമടങ്ങുന്നു പിന്നിലേക്കല്ലതിന്‍ ശ്വാസമെടുക്കട്ടേ, മുന്നിലേക്കൊന്നാഞ്ഞുപതിക്കുവാന്‍
തകര്‍ക്കുന്നുകോട്ടകള്‍ കെട്ടിയമിനാരങ്ങള്‍
പ്രാണനുരുക്കിപ്രതിഷ്ഠിച്ച കുഞ്ഞുനോവുകള്‍
മാഞ്ഞുപോകുന്നൂ ഉടമയും പ്രതിമയും
ജാതിക്കൊടുമ്പിരിക്കൂട്ടിയുരുക്കുമാ ശിലോലിഖിതങ്ങളും.

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു
ഒഴുകുന്നുകനലിലേക്കിനിയെത്രനിഴലുകള്‍
പാദംവെടിഞ്ഞവര്‍ ആത്മബലിവറ്റുകള്‍

നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു

നീര്‍ക്കുമിള

മഴയായിവന്നു
തളിരായ്കിളിര്‍ത്തു
കുളിരായിനൊന്തു
പ്രാണനായറിഞ്ഞു
ഇലയായ്കൊഴിഞ്ഞു
പ്രണയമേനീ...

മനസ്സ്

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്ക്കാം
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
അമ്മിഞ്ഞ‍നല്കീ ഉറക്കിടാംഞാന്‍

എന്നുമെന്നുള്ളിലെ സങ്കടത്തോണിയില്‍
അക്കരെപോയിടുന്നെന്‍റെസ്വപ്നം
നൊമ്പരംപേറുമാ തുഴകളലസമായ്
ചെമ്മേതുഴയുന്നു എന്‍റെമൗനം

കാര്‍മുകില്‍മൂടിയമാനസസീമയില്‍
അസ്തമിക്കുന്നതോ എന്‍റെസത്യം
ഏഴുനിറങ്ങളാല്‍ചാലിച്ചെടുത്തൊരാ
മഴവില്ലുതന്നെയോ എന്‍റെ സ്വപ്നം

പാതവരമ്പിലായ് പിന്നാലെയോടുന്ന
നിഴലിവനാണോ ഇന്നെന്‍റെസത്വം
എന്നില്‍തുടിക്കുമാ കുഞ്ഞുകരങ്ങളെ
എന്തേ എനിക്കുനീ തന്നതില്ല

അമ്മയായ് ജീവനെ പേറിനടക്കുവാന്‍
എന്നുടെയുള്ളംകൊതിക്കണല്ലോ
കുഞ്ഞുടുപ്പൊന്നിനി തുന്നിയെടുക്കുവാന്‍
എന്നുടെവിരലിനോ യോഗമില്ലേ

വേണ്ടാത്തവര്‍ക്കൊക്കെ ചുമ്മാകനിയുന്ന
ദൈവമേ എന്തുനീ കണ്ണടച്ചൂ
പുരികംവരയ്ക്കുവാന്‍ പൊട്ടൊന്നുകുത്തുവാന്‍
എനിക്കൊരുപൊന്നിനെ തരികനീയും

ജീവിതമിരുളിലായ്‍ത്തീരുമീ യവനിക
താഴേയ്ക്കുതാഴേയ്ക്കു താഴ്ന്നിടുമ്പോള്‍
ചുറ്റും അനാഥമായി നില്‍ക്കും നഭസ്സിനെ
കണ്ണടച്ചിന്നുനീ മറച്ചിടുന്നോ

ഇനിയെന്റെ ജീവിതം ഈ വലക്കണ്ണിയില്‍
തേടുന്നു മക്കള്‍ക്കായി നാടുനീളെ
എന്നിലും നിന്നിലും നിറയുന്നപ്രാണനെ
പുഞ്ചിരിപോലെ ഞാന്‍ ചേര്‍ത്തുനിര്‍ത്തും

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്കും
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
സ്നേഹത്തിനമൃതുപകര്‍ന്നിടും ഞാന്‍.

കാളവണ്ടിക്കാരന്‍

ചാവടിക്കോണിലെ തട്ടുപടിയിലായ്
കുന്തിച്ചകോലം വിറച്ചിരിക്കുന്നിതാ
വെള്ളിനിറഞ്ഞപുരികക്കൊടികളും
മങ്ങിയകണ്ണിണപല്ലാങ്കുഴികളും

അറ്റംവെളുത്തുചുളിവുള്ളചുണ്ടും
രക്തക്കറുപ്പാര്‍ന്നമോണത്തടങ്ങളും
ശീലമായ് സൂക്ഷിച്ച ചുട്ടിമുണ്ടൊന്നില്‍
താക്കോലുകെട്ടിയാത്തോളിലുംതൂക്കി

ഇടികല്ലിനുള്ളിലെ മുറുക്കാനെടുത്ത്
പൊകലയുംകൂട്ടി ചവച്ചങ്ങിരിപ്പൂ
കാതങ്ങള്‍താണ്ടിയ കോലമാണിപ്പോള്‍
വടിയറ്റചാട്ടപോല്‍ കൂനിയിരിപ്പൂ
പണ്ടീനാട്ടിലെ ഏകവണ്ടിക്കാരന്‍
അഴകുള്ളകാളയ്ക്കതീശനായുള്ളോന്‍

ചക്രങ്ങള്‍ ചുവരിലായ് ചാരിയിരിപ്പൂ
പലരുണ്ട് മോടിക്കു വിലപറയുന്നോര്‍
കാളയെപ്പൂട്ടിയ തൊഴുത്തിനിടങ്ങള്‍
വെട്ടിപ്പൊളിച്ചതില്‍ കൂരയുംവച്ചു

ചക്രമുരുണ്ടോരാ നാട്ടുവഴികള്‍
ടാറിട്ടറോഡിനായ് ചത്തുമലച്ചു
ഗ്രാമതുരുത്തിന്റെ പച്ചയകന്നു
കോണ്‍ക്രീറ്റുസൗധങ്ങള്‍ കാഴ്ചമറച്ചു

കാളകള്‍ നാട്ടില്‍നിന്നെങ്ങോ മറഞ്ഞു
നാടിന്റെ സംസ്കാരമൊപ്പമൊളിച്ചു
കുഞ്ഞുങ്ങള്‍ കാളയെ കണ്ടാലറിയും
തീന്‍മേശമേളിലെ തീറ്റയായ് മാത്രം

ഓര്‍മകള്‍ചാലിച്ച ചാവടിക്കോണില്‍
വണ്ടിവരുന്നകിനാവുകണ്ടപ്പോള്‍
കിങ്ങിണികെട്ടിയ കാളക്കുട്ടന്മാര്‍
വണ്ടിവലിച്ചങ്ങു മുറ്റത്തുവന്നു

മോണയിറുക്കിവെളുക്കെചിരിച്ച്
ഉക്കിയചാട്ടവാര്‍ കൈയ്യിലെടുത്ത്
വിറയ്ക്കുമുടലിനാല്‍ വണ്ടിയില്‍ക്കേറി
ചെറ്റൊന്ന് ചാട്ടചുഴറ്റിപ്പറഞ്ഞു
പോകുക കാളേ നീ ചെമ്മണ്‍തുരുത്തില്‍
ഈകോലായുമിന്നെനിക്കന്യമായ് തീര്‍ന്നു

സ്നേഹബാഷ്പം

ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം
ചക്രക്കസരേയിലെന്റെബാല്യം
തള്ളിനടന്നെന്റെയമ്മയെന്നും
എന്നുമനാഥരാണെന്റെചുറ്റും
ഈ ആലയത്തിന്റെയുള്ളിലായ്
പൂവുകള്‍പൂക്കുന്ന ചെടിയരികേ
പാറുന്നതെല്ലാം ശലഭമല്ലേ
ആരാണവര്‍ക്കുള്ള അമ്മയെന്നു്
തേടുന്നതെന്തൊരു കഷ്ടമാണ്
നോവുകള്‍പേറും വഴിയരുകില്‍
ജീവിതപാന്ഥനാകെട്ടഴിക്കേ
വേഷംപകര്‍ന്നോരോ ജീവിതങ്ങള്‍
മായതന്‍ചുടലയെത്തേടിടുന്നു
സ്വപ്നങ്ങള്‍ കൊട്ടാരചില്ലുമേട
ജീവിതം ചീട്ടിന്റെ ഗോപുരങ്ങള്‍
നാഴികയെന്നകണക്കിനുള്ളില്‍
പശിയെന്ന ദേവനെക്കുമ്പിടുമ്പോള്‍
ജാതിക്കതീതനീദേവനെന്നും
കീടംമനസിലീജാതിയെന്നും
ഓര്‍ത്തുഞാനിന്നീധരണിയിങ്കല്‍
ചക്രംതിരിയും കസേരതന്നില്‍
ചുടലയില്‍ വീണ്ടുമാ എള്ളുപൂത്തൂ
എന്നമ്മതന്‍ കണ്ണിണചന്തംപോലെ
ഉള്ളില്‍ നിറയുമാ സ്നേഹദീപം
ആത്മതത്വത്തിന്റെയുള്‍വെളിച്ചം
മിഴിനീരുകൊണ്ടുഞാന്‍ നല്കിയെന്നും
ആ മഹത്വത്തിനുസ്നേഹബാഷ്പം

സ്നേഹം

ഇന്നലെപെയ്ത മഴത്തുള്ളിമേലൊരു
സ്നേഹത്തിന്‍ നീര്‍പോള പൊന്തിവന്നു
ഞാനെന്റെ നെഞ്ചിലായ് കൂടുകൂട്ടീട്ടതിന്‍
കുളിരിനെ തഞ്ചത്തില്‍ ചേര്‍ത്തുവച്ചു

ജീവിതമെന്നയാ കുമിളകള്‍ക്കുള്ളിലായ്
നോവുകള്‍പേറും വസന്തമെത്തും
വേരറ്റകാഴ്ചകള്‍ കാണുവാനായിനി‌‌‌‌
കനമുള്ള കണ്ണട കോര്‍ത്തുവയ്ക്കാം

നിഴലുകള്‍വീണ വഴിത്താരയില്‍
ചെറുമേഘങ്ങള്‍തൂകും ജലകണങ്ങള്‍
പാറിപ്പറന്ന പൊടിപടലത്തിനെ
ചെറ്റൊന്നു ശാസിച്ചു ചേര്‍ത്തുനിര്‍ത്തി

മിന്നികള്‍ മിന്നിച്ച ചൂട്ടുവെളിച്ചത്തില്‍
മഞ്ഞണിമുത്തുകള്‍ മിന്നിനില്‍ക്കേ
ചന്ദ്രനാം തോണിയാ പാതിമയക്കത്തില്‍
താരങ്ങള്‍ വാനില്‍ വിതറിനിന്നു

കാതങ്ങള്‍ മുമ്പുള്ളൊരോര്‍മകള്‍ക്കപ്പുറം
നീളുന്ന ബാല്യത്തെ കണ്ടെടുക്കേ
പൊട്ടിച്ച മാമ്പഴച്ചുണ്ടിലെ പുളിയുമീ
ചിന്തകള്‍താണ്ടി നുരഞ്ഞുപൊന്തി

കണ്ണുകള്‍കൂമ്പി മനസ്സിലായ് കോര്‍ത്തിട്ട
ചെമ്പകമൊട്ടിന്‍ നറുസുഗന്ധം
കൂവളക്കണ്ണിലെ സ്നേഹമൊഴികളില്‍
തേടും മരുപ്പച്ച പ്രണയമായി

കേഴും മനസ്സിലീ കിഴവന്റെ ചിന്തകള്‍
ഊന്നുവടിയിലായ് കൂനിനിന്നു
അമ്മയാം ഭൂമിതന്‍ മാറുപിളര്‍ന്നെത്ര
മുകുളങ്ങള്‍ സൂര്യനെത്തേടിയെത്തും
അവരിലൊരുജനിയിലെ പുണ്യമായ്ത്തീരുവാന്‍
ഇനിയെന്റെ ജന്മത്തില്‍ ബാക്കിയുണ്ടോ?

ഒഴുകുമീ നദികളില്‍ പുളകമായ്ത്തീരുവാന്‍
ചിറകുള്ള മത്സ്യങ്ങള്‍ വെമ്പണുണ്ടോ?
ഫണമുള്ള കാളീയനിനിയുമീ നാവിലായ്
തേക്കും വിഷത്തിന്‍ മധുരഗീതം
ഞാന്‍കേട്ടപാട്ടിലും ഓര്‍ക്കുന്നചിന്തിലും
കാളകൂടത്തിന്‍ നറുസുഗന്ധം

ഇന്നിനിപെയ്യും മഴയിലായ്ക്കൂണുകള്‍
പൊന്തിച്ചമാടങ്ങളെന്തിനാണോ
പാടിത്തളര്‍ന്നൊരീ നാവുമായിന്നിനി
കൂനിപ്പിടിച്ചു നനഞ്ഞിരിക്കാം

കണ്ണുനീര്‍വറ്റിയ കണ്ണുകള്‍ക്കുള്ളിലായ്
മഴയേ എനിക്കൊരു തുള്ളിനല്കൂ
ചേര്‍ക്കട്ടെ ഞാനെന്റെ മിഴികളെത്തന്നെയും
നോവുമാ സ്നേഹത്തിന്‍ കയ്പുനീരാല്‍

പൈതല്‍

കൊന്നതന്‍ മഞ്ഞണിമൊട്ടിനെ‍പോലൊരു
കുഞ്ഞിനെ ഞാനിന്നു കണ്ടെടുത്തു
കുപ്പകളയുവാന്‍ തൊട്ടിയിലേക്കൊരു
കണ്ണൊന്നുപായിച്ച നേരമൊന്നില്‍
കുഞ്ഞണി മോണതന്‍ കിങ്ങിണിതെന്നലില്‍
അമ്മണികുഞ്ഞിന്റെ തേങ്ങല്‍കേട്ടു
വാരിയെടുത്തുഞാന്‍ ഉമ്മവയ്ക്കുമ്പോഴും
അമ്പരപ്പൊന്നെന്റെയുള്ളറിഞ്ഞു
പെട്ടന്നടര്‍ത്തിയാ കുഞ്ഞുമുഖത്തിനെ
തെല്ലൊന്നു നോക്കി നിലവിളിച്ചു
വന്നവര്‍വന്നവരെല്ലാരുമെന്നോട്
ചൊല്ലുന്നവാക്കുകള്‍ കേട്ടിരിക്കേ
ഏതോ നിലാവിന്റെ കുളിര്‍മഴതെന്നലായ്
കുഞ്ഞെന്റെ മാറിലായ് ചേര്‍ന്നിരുന്നു
സ്ത്രീയുടെ പൂര്‍ണ്ണത വാരിപ്പുണരുന്ന
അമ്മയായ് ഞാനൊന്നു നിശ്വസിക്കേ
എന്നിലുണരാത്ത മാതൃത്വപ്പൂവുകള്‍
കണ്ണീരിന്‍മുത്തായടര്‍ന്നുവീണു.
ചുരത്തില്ലമുലകളീയുണ്ണിക്കുനല്കുവാന്‍
നൊമ്പരച്ചൂടിന്റെ തേങ്ങല്‍മാത്രം

നിനവ്

നിനവുകള്‍ പൂത്ത വഴിത്താരയില്‍
ചെറുനോവുകള്‍ പാറും പറവയായി
മധുവൂറും സ്വപ്നചിറകുകള്‍ തേടിയോ
വിരഹത്തിന്‍ നോവാം മധുകണങ്ങള്‍
എങ്കിലുമീമുറ്റത്തെത്തുമീ കാറ്റിന്
കളിത്തോഴിചുണ്ടിന്‍ മധുരയീണം
പ്രേമവിവശയാം കുളിര്‍മഴപ്പെണ്ണിന്
ധരണിതന്‍മാറില്‍ ചെറുവസന്തം

ജാലം

നിറമേഘസന്ധ്യതന്‍ തീരത്തു ഞാനൊരു
അരിമുല്ലപൂവിന്‍ മണംനുകര്‍ന്നു
സൗരഭ്യമേറുമാ ചെടികള്‍ക്കുചുറ്റിലും
അരിമുല്ലമൊട്ടിന്‍ പ്രണയതല്പം
മധുരമാം സംഗീതം പോലെയെന്‍മുന്നിലായ്
നിറമുള്ള ശലഭം പറന്നടുത്തു
ചിറകുകള്‍മോഹിച്ച സ്നേഹത്തിന്‍ചിന്തുകള്‍
പ്രകൃതിയില്‍ ജാലങ്ങള്‍തീര്‍ത്തുവച്ചു
ഒരു നിമിഷത്തിന്റെ ജീവിതപാതകള്‍
പാറിപ്പറന്നവള്‍ ചാഞ്ഞുറങ്ങേ
ഒരുപൂവുപോലുമില്ലവളുടെചാരത്ത്
ഇത്തിരിസ്നേഹത്തിന്‍ തേന്‍നുകരാന്‍
ചിത്രവര്‍ണ്ണത്തിന്‍ ചിറകുകള്‍ ചേര്‍ത്തവള്‍
സ്വര്‍ഗ്ഗത്തിന്‍ സ്വപ്നങ്ങള്‍കണ്ടുറങ്ങി