Thursday, 29 May 2014

കടല്‍ക്കരയില്‍

ഒരുതിര പിന്നെയും ചുംബിച്ചു ചോദിച്ചു
നിന്‍റെ മനസ്സിലിന്നെന്താണു ചിന്തകള്‍
നീ വരൂ മാറിലായ് ഒന്നു നനയുവാന്‍
കണ്ണിണ തൂകുമാ കണ്ണീരു മായുവാന്‍
ഉള്ളിലെ നോവുകള്‍ ചാലിച്ചെടുത്തൊരു
പുഞ്ചിരിപോലവള്‍ എന്നെ നനയ്ക്കുന്നു

മനസ്സിന്‍റെ ഭാരമാ മണല്‍ത്തറപായയില്‍
അടയാളമിട്ടങ്ങു ചുമ്മാനടക്കവേ
കടലമ്മ നീയൊരു കള്ളിയാണെന്നു ഞാന്‍
ചുമ്മാതെ കോറിയിട്ടങ്ങു ചിരിക്കുന്നു

എന്‍റെയഴലിലെ ഇഴകളായ് ഓളങ്ങള്‍
തുള്ളിക്കളിച്ചൊരു പെരുംതിരതീര്‍ക്കവേ
സ്വപ്നമാം മണലിലെ കുഞ്ഞുകൊട്ടാരങ്ങള്‍
അമര്‍ന്നടിഞ്ഞെങ്ങോ മറഞ്ഞുപോയീടുന്നു

മരണമീ പകലിനും അവളുടെ മാറിലോ
നെഞ്ചുപൊള്ളിക്കുമാ സങ്കടം കണ്ടുഞാന്‍
കാണേണ്ടിനിയൊരു സങ്കടത്തുള്ളികള്‍
വാനം പുതപ്പിച്ചു കരിമ്പടച്ചേലകള്‍

ഒന്നു പുണരു നീ തിരകളാം കൈകളില്‍
ആഴത്തിലുള്ളയാ സ്നേഹം നുകരട്ടേ
ഞാന്‍ വന്ന കാല്പാടു മായ്ച്ചു കളഞ്ഞേക്കു
ഇനിയൊരു നോവുമെന്‍ പിന്നാലെ കൂടണ്ട

Thursday, 22 May 2014

തെരുവുഗായകന്‍

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

നോവുകള്‍ സ്വപ്നങ്ങള്‍ അന്ധകാരത്തിലായ്
ഇഴചേര്‍ന്നൊരല്‍മര ചോട്ടിലുറങ്ങവേ
തലചായച്ചുറങ്ങുമാ ഭാണ്ഡത്തിനുള്ളിലായ്
കൂട്ടിവയ്ക്കുന്നുഞാനെന്നുടെ ഭ്രാന്തുകള്‍

കാക്കയും കാകനും കൊത്തിവിഴുങ്ങുമാ
എച്ചിലിലയെന്‍റെ ജീവിതം കാക്കവേ
ഒന്നുണ്ടു സ്വപ്നമെന്‍ ഉള്ളിന്‍റെയുള്ളിലായ്
അമ്മയെക്കണ്ടന്‍റെ തേങ്ങലടക്കുവാന്‍

മഞ്ഞു നുകരുമീ ആലിലത്തുമ്പിലെന്‍
കണ്ണുനീര്‍ത്തുള്ളി കടംകൊണ്ടു നില്‍ക്കവേ
കെട്ടുപിണഞ്ഞൊരീ കൈവഴിക്കൂട്ടങ്ങള്‍
ചേര്‍ത്തു പിടിക്കുന്നു ഉള്ളിലായ്ത്തന്നവര്‍

ഉള്ളിലെ നൊമ്പരം മായാത്തൊരഗ്നിയായ്
ഊതിത്തെളിച്ചൊരു പാട്ടു ഞാന്‍ പാടവേ
അങ്ങകലത്തിലെന്‍ അമ്മ മനസ്സിലായ്
അര്‍പ്പിച്ചു ഞാനിതാ അക്ഷരപ്പൂവുകള്‍

പൊട്ടിപ്പൊളിഞ്ഞ മനസ്സിന്‍റെ നോവുകള്‍
ഈണമായ് ചൊല്ലുന്ന പുല്ലാങ്കുഴലുപോല്‍
പാടുന്നു ഞാനിതാ തെരുവിലനാഥനായ്
തേങ്ങലൊതുക്കി നിന്‍ ചുംബനപ്പൂവിനായ്

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

Monday, 19 May 2014

കളിത്തോഴി

മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി

ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം

മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം

ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍

കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു

പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

Friday, 9 May 2014

വിട്ടയയ്ക്കുമോ കാട്ടിലേക്കൊന്നിനി

കൂട്ടംപിരിയാത്തിണകള്‍തന്‍ തോഴനായ്
പ്രേമം പകുത്തു നടന്നുവന്നീടുമ്പോള്‍
വാരിക്കുഴിതീര്‍ത്തു എന്‍റെയീ ജന്മത്തെ
ചങ്ങലക്കിട്ടതാണെങ്കിലും സത്യമേ
അലറിയ നാവുകള്‍ തോട്ടിമുനകളാല്‍
താഡിച്ചു ബന്ധിച്ചതെന്തിനാണിങ്ങനെ

കാനനച്ചോലകള്‍ തീര്‍ത്ത തടാകങ്ങള്‍
പ്രേമ സുരഭിലയോര്‍മ്മയുണര്‍ത്തവേ
മസ്തിഷ്കനാളികള്‍ കാമമുണര്‍ത്തിയെന്‍
സ്നേഹമനസ്സിനെ ഭ്രാന്തനാക്കീടുന്നു

കാലില്‍ക്കുരുക്കുന്ന ചങ്ങലച്ചുണ്ടുകള്‍
നോവിച്ചൊരു നീറ്റല്‍ കരളുപിളര്‍ക്കുന്നു
കണ്ണുകള്‍ തോരാതെ ഈറന്‍മനസ്സുമായ്
വീശിയൊതുക്കുന്നു കാതുകള്‍ വേദന

വേനല്‍പഴുത്തൊരീ റോഡുവക്കത്തെന്നെ
കെട്ടിയൊരുക്കി കുരുക്കി നിര്‍ത്തീടുമ്പോള്‍
കെട്ടിയിട്ടെന്നിലെ ഭംഗി കാണുന്നവര്‍
കാണില്ലൊരിക്കലും ഉള്ളിലെത്തീക്കനല്‍

എന്നെ വിട്ടേയ്ക്കുക കാട്ടിലേക്കൊന്നിനി
കൂട്ടം പിഴച്ചൊരു ഒറ്റയാനാകുവാന്‍
ഓടിത്തിമിര്‍ക്കട്ടെ കുളിര്‍മരഛായയില്‍
ബന്ധനമില്ലാതെന്‍റെ കാലിണ ചലിക്കട്ടെ

Thursday, 8 May 2014

ഓര്‍മകളിലെ ചില്ലക്ഷരങ്ങള്‍

ഇന്നീ കത്തുവിറച്ചെഴുതുമ്പോള്‍
എന്‍മണികുഞ്ഞിന്റെ നെഞ്ചുനോവല്ലേ
ദൈവമേ നീതുണഎന്‍കുഞ്ഞിനെന്നും
കാത്തുവച്ചീടുനീ എന്‍പ്രാണനായി

സ്വപ്നങ്ങള്‍പൂത്തൊരീ കൂരയിലൊട്ടും
പുത്തരിച്ചോറിന്റെ പൂമണമില്ല
കുന്തിച്ചിരുന്നൊരു പായാരംചൊല്ലാന്‍
അച്ഛനുമില്ലവന്‍തെക്കേത്തറയില്‍

നീണ്ടുനിവര്‍ന്നീ കിടക്കത്തലയ്ക്കല്‍
കൂട്ടിനുകൂട്ടരായ് ഗുളികത്തുടങ്ങള്‍
കണ്ണിനുകണ്ണായചില്ലുകൂട്ടങ്ങള്‍
നിന്നെത്തിരയുന്നു സ്വപ്നത്തിലെന്നും

തുമ്പമുളച്ചുപോല്‍ മുറ്റത്തുമേലേ
തുമ്പികള്‍പാറിപ്പറന്നുതുടങ്ങീ
ഓണത്തിനായുള്ളപൂവിളികേട്ടൂ
എന്നെകൊതിപ്പിച്ചാ കുഞ്ഞുങ്ങള്‍ദൂരെ

കുഞ്ഞിളംപല്ലിനാല്‍ നീതീര്‍ത്തനോവ്
ഹൃദയംകുളിര്‍പ്പിച്ച മാറിലെവേവ്.
നിര്‍ത്തുന്നുഞാനീ അക്ഷരത്തെറ്റ്
കണ്ണിണയീറനായിന്നുമെന്നുള്ളില്‍.

മനസ്സുകള്‍ വായിക്കപ്പെടുന്നത്

മധുരം തുളുമ്പുമാ സൗഹൃദചോലയില്‍
അറിയാതെ ഞാനൊന്നു ചേര്‍ന്നു നില്‍ക്കേ
പാഴ്മുളംതണ്ടില്‍ നിന്നുതിരുമാ മധുകണം
അമൃതായ് പൊഴിയുന്നു ഹൃത്തിനുള്ളില്‍

മഴമേഘ നൂലിനാല്‍ ഹൃദയം കവര്‍ന്നൊരു
സൗഹൃദവലയത്തിലിന്നു ഞാനും
പൊയ്മുഖമില്ലാതെ കാതങ്ങള്‍ക്കപ്പുറം
ചേരുന്നു മനസ്സുകള്‍ തമ്മിലൊന്നായ്

നോവുകള്‍ ചാലിച്ച അക്ഷരബിന്ദുക്കള്‍
സ്നേഹം പകുത്തു പകുത്തു നല്കേ
സാന്ത്വനരേണുക്കള്‍ പാറിപ്പറക്കുന്നു
വര്‍ണ്ണ ചിറകാര്‍ന്ന ശലഭംപോലെ

ഇനിയും പകരട്ടെ നറുനിലാ പുഞ്ചിരി
സ്നേഹത്തിന്‍ കടലല തീരമൊന്നില്‍
നുകരട്ടെ ഞാനുമാ മഞ്ഞണി ചിന്തുകള്‍
മനസ്സിന്റെയാഴത്തില്‍ ചേര്‍ത്തുവയ്ക്കാന്‍.

ഉടഞ്ഞുപോയ പുലരി

ഇന്നുമെന്‍ കണ്ണിണ കാണുമാപുലരിയെ
മൗനം വിതുമ്പുന്ന തേങ്ങലായി
ഉമ്മറക്കോണിലെ ചാരുപടിയിലെന്‍
അമ്മ നിശബ്ദയായ് ചാഞ്ഞിടുമ്പോള്‍
ഉള്ളിലെരിയുമാ കനലൊളിനാളത്തെ
കണ്ടടുത്തില്ലഞാന്‍ പമ്പരത്തില്‍

ഓലക്കുടുക്കിലെ ഈര്‍ക്കിലികൊണ്ടുഞാന്‍
അമ്മയ്ക്കൊരിത്തിരി കാറ്റുനല്കേ
വിതുമ്പിത്തുളുമ്പുമാ മിഴികള്‍ക്കു താഴെഞാന്‍
കണ്ണീര്‍ സ്ഫടികങ്ങള്‍ കണ്ടെടുത്തു

കണ്ണീര്‍ത്തടങ്ങളന്നിറ്റിച്ച പുഴകളെന്‍
ഉള്ളിന്റെയുള്ളിലായ് ചാലു തീര്‍ക്കേ
പടിയും കടന്നെന്റെ അച്ഛനിറങ്ങുന്നു
പെട്ടിയും കൈയ്യിലായ് തൂക്കിമെല്ലെ

ഓടിവന്നെത്തിഞാന്‍ അച്ഛന്റെ കൈകളില്‍
തൂങ്ങിയൊരു കൊഞ്ചലായി ചേര്‍ന്നുനില്‍ക്കേ
കൈതട്ടിമാറ്റിയെന്‍ അച്ഛന്‍ നടക്കുന്നു
ഉമ്മയീ ഉണ്ണിക്കു തന്നിടാതെ

സങ്കടംപേറിഞാന്‍ മുറിയിലേക്കോടവേ
കണ്ടുഞാന്‍ ചിതറിയ മഞ്ചാടിമുത്തിനെ
വീണ്ടെടുക്കില്ലിനി ഞാനാ മണികളെ
അച്ഛനുടച്ചിട്ടുപോയതാണത്രയും.

ഇന്നുമെന്റച്ഛന്റെ യാത്രയാണെന്നോര്‍മ്മ
പുലരിയായ് സൂര്യന്‍ ചുവന്നിടുമ്പോള്‍

സ്നേഹമഴത്തുള്ളി

മേഘമേ നീയെത്രയകലെയാണെങ്കിലും
പേറുകവന്നെന്റെ സ്വപ്നച്ചിറകുകള്‍
തെരുവിലനാഥനായ് പാറിനടക്കുമെന്‍
മോഹത്തിലേക്കുനീ പെയ്തിറങ്ങീടുമോ

ദൂരെയാകാശത്തിലമ്പിളി ചന്തത്തില്‍
നിന്നുടെ മാളിക കണ്ടുറങ്ങുന്നേരം
പിഞ്ചിയ ചാക്കിലെ മൂലയ്ക്കലിത്തിരി
സ്നേഹമഴത്തുള്ളി ഞാന്‍ കൊതിപ്പൂ

താരാട്ടുമൂളി പതുക്കെപതുക്കെയെന്‍
ചാരത്തുവന്നൊരാ കുഞ്ഞിളംകാറ്റിനെ
മാറോടടുക്കി ഞാന്‍ സ്നേഹവാത്സല്യമായ്
ചുമ്മാ നുകരട്ടെ അമ്മിഞ്ഞപോലവേ

കുന്നിമണികള്‍ വളപ്പൊട്ടുചേര്‍ത്തു ഞാന്‍
ചില്ലുകൂടൊന്നിലായ് കൂട്ടിവച്ചീടുന്നു
അമ്മ വരുമ്പോഴാക്കുഞ്ഞുസമ്മാനമായ്
നല്കുവാന്‍ ചേര്‍ത്തതാണിച്ചെറുമുത്തുകള്‍

ആകാശക്കോണിലായ് അമ്മചിരിക്കുന്നു
എന്നിലേക്കുറ്റൊരു കുഞ്ഞുനക്ഷത്രമായ്
കൂട്ടുമോ മേഘമേ അവളെയെന്‍ ചാരെയായ്
തേന്മഴത്തുള്ളി കിളിര്‍ക്കും ചിറകിലായ്

പെയ്യുക പിന്നെനീയിത്തിരിസ്നേഹമായ്
എന്നിലേക്കെന്റമ്മ തന്നൊരാപ്പൂമഴ
മഴയില്‍ നനഞ്ഞൊരാ കുളിരായ്ത്തുടിക്കുവാന്‍
തുഴയട്ടെ ഞാനെന്റെ കടലാസു വഞ്ചികള്‍

മാരിവില്‍ കൊണ്ടൊരു സ്വാഗതം തീര്‍ക്ക നീ
അമ്മ വഴിയിലാച്ചന്തം പകരുവാന്‍
പുസ്തകക്കൂട്ടിലെ പീലികള്‍കൊണ്ടുഞാന്‍
മെനയട്ടെ വിശറിയൊന്നമ്മയ്ക്കു നല്കുവാന്‍.

തേങ്ങലായ്ത്തീരല്ലേ മേഘമേ നീയിനി
അമ്മവരില്ലെന്റെ ചാരത്തൊരിക്കലും
സ്നേഹപ്പെരുമ്പറ കൊട്ടിനീയിത്തിരി
തുള്ളികളെന്നിലേയ്ക്കിറ്റിച്ചുവീഴ്ത്തുക.

അമ്മതന്‍ സങ്കടക്കണ്ണീരുപോലെ ഞാന്‍
ഉള്ളില്‍നിറയ്ക്കുമാ തുള്ളികളൊക്കെയും
ചുംബന നോവിന്റെ ഗദ്ഗദംകൊണ്ടുഞാന്‍
വിങ്ങട്ടെയിത്തിരി കരിനിഴല്‍ക്കൂട്ടിലായ്.

ഒരു പ്രണയക്കുറിപ്പ്

പാറിപ്പറക്കുമാ അപ്പുപ്പന്‍താടികള്‍
എന്‍മനക്കാമ്പിലെ സ്വപ്നമാണോ?
വെള്ളച്ചിറകുകള്‍ വീശിപ്പറന്നവര്‍
മാനത്തെ തേരിലായ് പോയിടുന്നോ?

മഴമേഘക്കൂട്ടിലായ് ഒളിപ്പിച്ചുവച്ചുവോ
പ്രണയമാംസംഗീത നറുനിലാവ്
തുള്ളിത്തുളുമ്പുമാ സ്നേഹസങ്കീര്‍ത്തനം
മഴയിലടര്‍ന്നെന്നില്‍ അലിഞ്ഞുചേര്‍ന്നോ

കുസുമങ്ങള്‍ വിരിഞ്ഞൊരീ നറുമണരാത്രിയില്‍
പ്രണയത്തിന്‍ പുഷ്പം ഞാന്‍ കോര്‍ത്തുവയ്ക്കേ
അരിമുല്ലപോലെന്റെ മുന്നില്‍ വിളങ്ങുന്നൂ
പ്രണയിനീ നീയൊരു പ്രേമശില്പം

തഴുകട്ടെ ഞാന്‍നിന്റെ കൊങ്കത്തടങ്ങളില്‍
സ്നേഹമൂറുന്നൊരു താലിയായി
കണ്ണിണച്ചുണ്ടാല്‍നീ എന്നെത്തഴുകുമോ
കാവ്യസുരഭിലേ എന്‍ പ്രിയേ നീ

നോവുകള്‍പേറുമീ ഹൃദയസരസ്സില്‍ നീ
മധുവൂറും സ്വപ്നമായലിഞ്ഞുചേരൂ

സ്ഥിരോണര്‍ച്ചിയിലേക്ക്

മാരിവില്‍ചന്തത്തില്‍ മാനത്തുനിന്നൊരു
മാലാഖ വന്നെന്നെ കൊണ്ടുപോകും
പലചുംബനങ്ങളില്‍ ഉണരാതെ ഞാനിനി
മയങ്ങും സുഷുപ്തിതന്‍ നീലരാവില്‍

കാണാമറയത്തെ നക്ഷത്രപാത്തിയില്‍
അവളുടെ ചാരെ ഞാന്‍ വീണുറങ്ങും
പുഴകള്‍മരിക്കാത്ത മേഘമനസ്സില്‍ഞാന്‍
മിന്നൊളിത്തിങ്കളായ് വന്നുപോകും

നിഴലൊളിവീഴാതെ നറുനിലാപൊയ്കയില്‍
മിന്നാമിനുങ്ങിനെ കണ്ടുപോകും
തുമ്പികള്‍പാറുമാ ആകാശക്കൂട്ടില്‍ഞാന്‍
ചിറകില്ലാ പൈതലായ് പാറിനില്‍ക്കും

സ്വപ്നം കടംകൊണ്ട പൂവിലെ തേനുണ്ണാന്‍
പുലര്‍കാല മഞ്ഞായി ഞാനണയും
മഞ്ഞണിമുത്തിലെ സ്ഫടികക്കുടങ്ങളില്‍
സൂര്യനെ ഞാനും പകുത്തുവയ്ക്കും

ഓര്‍മകള്‍മൂടിയ ശവക്കുഴി മേലെഞാന്‍
ചെറിയൊരു മുല്ലയായ് പൂത്തുനില്‍ക്കേ
പാറിപ്പറന്നേറെ ശലഭങ്ങള്‍ സ്വപ്നമായ്
കണ്ണിണക്കോണിലൊളിച്ചിരിപ്പൂ

എങ്കിലും ഞാനെന്റെ അസ്ഥിമാടത്തിലെ
പൊന്നിന്‍ വിളക്കിലായെത്തുകില്ല
സന്ധ്യകള്‍ ചാലിച്ച നോവു വരമ്പില്‍ ഞാന്‍
കണ്ണുകള്‍പൂട്ടി കമഴ്ന്നിരിക്കും

ബാല്യം മറന്നൊരാ ഇടവഴിച്ചാലില്‍ ഞാന്‍
ചേമ്പില ചൂടി മഴനനയും
മോഹങ്ങളാകുമാ കടലാസുവഞ്ചി ഞാന്‍
ഒഴുകും മഴയിലൊളിച്ചുവയ്ക്കും.

എന്തിനായ് ഞാനിനി അലയണം ഉലകിലായ്
ഉടലില്ലാ പൈതലായ് അങ്ങുമിങ്ങും
പ്രണയംകടംകൊണ്ട പാരിലെ പൂക്കളില്‍
മധുകണംപോലൊന്നു തങ്ങിടാനോ?

മഴവരുമ്പോള്‍

ഒഴികിത്തുടങ്ങുന്നു വഴികളില്‍ ചിലതതില്‍
പൊഴിയുന്നു മേഘങ്ങള്‍ ഓളങ്ങളായി
കവിയുന്നു മോഹവും ഒരു പ്രണയമായി
കേഴുന്നനാഥഞാന്‍ തെരുവിലെ സന്തതി

മഴവന്നനാളിനെന്‍ പ്രണയത്തുരുത്തിലെ
കുഞ്ഞണിമൊട്ടൊന്ന് നനയാതിരിക്കുവാന്‍
തുള്ളിവീഴാത്തൊരു കുഞ്ഞിടം കണ്ടില്ല
എല്ലിച്ചമാടത്തിനുള്ളിലായെങ്ങുമേ

താരാട്ടിനീണം പകര്‍ന്നുവച്ചവനെന്റെ
മാറുനുണ‍ഞ്ഞൊരു ശ്രുതിയായയുറങ്ങവേ
ശിരസ്സിലിറ്റിച്ചൊരു കണ്ണീര്‍ക്കണങ്ങളാല്‍
മഴയെന്റെ നോവിനെ തൊട്ടു തലോടിയോ?

മഴതീര്‍ന്നുമരങ്ങളാ പെയ്ത്തേറ്റു വാങ്ങവേ
തൊട്ടില്‍ത്തുണിയൊന്നിറ്റിച്ച രോദനം
കണ്ടൊരുസൂര്യനും ചുമ്മാമിഴിച്ചെന്റെ
കാലില്‍ച്ചെറുചൂടു് മെല്ലെ പകരവേ

മാരുതന്‍വന്നൊരു പീലിത്തഴുകലായ്
കണ്ണിണത്തുമ്പിലെത്തുള്ളി തുടച്ചുവോ
പെയ്തുവീഴുന്നൊരാ മോഹങ്ങള്‍ മേഘങ്ങള്‍
തുള്ളികള്‍ പാത്രത്തില്‍ ദാഹമകറ്റുമോ?

മഴയെന്റെ പ്രണയമാണെങ്കിലും സന്ധ്യ നീ
കൂരിരുള്‍ തീര്‍ക്കുമീ തെരുവിന്റെ മക്കളില്‍
വെയിലേറ്റുവാടിയാലില്ലൊരു ദുഃഖവും
പൊടിയേറ്റ ജീവിത പാടവരമ്പുകള്‍

Wednesday, 7 May 2014

എങ്ങുപോകും നീ

നൂലുപൊട്ടിച്ചൊരു പട്ടം കണക്കെന്‍റെ
ചിത്തം പറക്കുന്നിതാകാശമേടയില്‍
നോവിന്‍ ശലഭങ്ങള്‍ ഒപ്പം പറക്കുന്നു
ആയുസ്സൊടുങ്ങാത്ത വര്‍ണ്ണച്ചിറകുമായ്

സ്വപ്നങ്ങള്‍ ചാലിച്ച രാവിന്‍ നിറങ്ങളില്‍
നറുനിലാ പെരുമഴ നിഴലുകള്‍ വീഴ്ത്തുന്നു
മഞ്ഞിന്‍ മണികളാ തുമ്പക്കുടങ്ങളില്‍
ശങ്കിച്ചൊരു മുത്തം നല്കി മയങ്ങുന്നു

കാറ്റൊരു ശീല്‍ക്കാര മന്ത്രമായ്ത്തീരുന്നു
ആലില ഞാത്തിന്‍ ഹരിത പുടങ്ങളില്‍
എങ്ങുമെത്താതെന്‍റെ ചിത്തം പറക്കുന്നു
കാലത്തിന്‍ കൈവഴിച്ചില്ല കുരുക്കവേ

എത്ര തുഴഞ്ഞാലും ഒപ്പമെത്താതെന്‍റെ
ദേഹം കിതയ്ക്കുന്നു വാര്‍ദ്ധക്യസന്ധ്യയില്‍
കിട്ടില്ലെനിക്കിനി ബാല്യമൊരിക്കലും
പിന്നിട്ട വഴിയില്‍ തിരിഞ്ഞു നടന്നാലും

ചിത്തമേ നീ നിന്‍റെ വഴികളില്‍ പായുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനിതാ ഭൂമിയില്‍
എങ്ങുപോമന്നു നീ ശങ്കവിടാതൊരു
പിണ്ഡമായ് ഞാനങ്ങു തുമ്പിലയേറുമ്പോള്‍.

മയക്കം

മയങ്ങട്ടെ, ഇനിയൊരു വിലാപമില്ലാതെ 
മാറിലൊതുങ്ങിച്ചുളുങ്ങിയമരട്ടെ ഞാന്‍
പ്രാണനുള്ളിലേക്കിരച്ചു രമിക്കാതിരിക്കട്ടെ
അമ്മേയമര്‍ത്തുക നെഞ്ചിലായെന്നെ നീ

മനുഷ്യന്‍, വിഷമൂതി വീര്‍പ്പിച്ചൊരാ മാരുതന്‍
ചുറ്റിത്തിരിയുന്നിതാ നിന്നിളം ചില്ലയില്‍
ഞെട്ടറുക്കല്ലെ നിന്‍ പൊക്കിളിന്‍ കൈവിരല്‍
പാലമൃതൂറുമാ സ്നേഹത്തിന്‍ നൂല്‍വഴി

ആവില്ലയമ്മേ ശോഷിച്ചുപോകുന്നിതാ ഞെട്ടുകള്‍
കൈവിരല്‍ വിടിവിച്ചിതാ സമയവുമകലുന്നു
ഞാന്‍ പതിക്കട്ടെ, ധരിത്രിതന്‍ മാറിലായ്
വീണുറങ്ങട്ടെ ഇനിയാ മഴയെന്നെ തേടിയെത്തുംവരെ

പുളയുന്നവേനലെന്‍ അരികത്തുവരാതെയാ
ചില്ലകള്‍ പൊഴിച്ചൊരു തടയണ തീര്‍ത്തു നീ
പുതപ്പിക്കൂ പ്രപഞ്ചമേ, മണ്ണിന്‍ മടിത്തട്ടിലായ്
വര്‍ണ്ണങ്ങള്‍ പൂക്കട്ടെയെന്‍ സ്വപ്നമാം ചില്ലയില്‍

എന്തിനുണരണം ഞാന്‍, എന്‍‍ ചില്ലയില്‍ പാര്‍ക്കുവാന്‍
ഇല്ലൊരു പക്ഷിയും നാളെ പ്രഭാതത്തില്‍
കാണില്ല തെല്ലൊരു മഞ്ഞിന്‍ കണംപോലും
പാരിലീ കനലുപഴുപ്പിച്ച വേനലാണെപ്പൊഴും

വരില്ലവള്‍ മഴയും പ്രകൃതിക്കുകൂട്ടായൊരുവേള
വന്നാലോ രൗദ്രമാം താണ്ഡവമെന്നപോല്‍
ആശിപ്പതില്ല ഞാനുണര്‍ന്നൊന്നെണീക്കുവാന്‍
അമര്‍ന്നുറങ്ങട്ടെ പ്രപഞ്ചമേ നീയുണര്‍ത്തല്ലേ മേലിലും.