Thursday 8 May 2014

സ്ഥിരോണര്‍ച്ചിയിലേക്ക്

മാരിവില്‍ചന്തത്തില്‍ മാനത്തുനിന്നൊരു
മാലാഖ വന്നെന്നെ കൊണ്ടുപോകും
പലചുംബനങ്ങളില്‍ ഉണരാതെ ഞാനിനി
മയങ്ങും സുഷുപ്തിതന്‍ നീലരാവില്‍

കാണാമറയത്തെ നക്ഷത്രപാത്തിയില്‍
അവളുടെ ചാരെ ഞാന്‍ വീണുറങ്ങും
പുഴകള്‍മരിക്കാത്ത മേഘമനസ്സില്‍ഞാന്‍
മിന്നൊളിത്തിങ്കളായ് വന്നുപോകും

നിഴലൊളിവീഴാതെ നറുനിലാപൊയ്കയില്‍
മിന്നാമിനുങ്ങിനെ കണ്ടുപോകും
തുമ്പികള്‍പാറുമാ ആകാശക്കൂട്ടില്‍ഞാന്‍
ചിറകില്ലാ പൈതലായ് പാറിനില്‍ക്കും

സ്വപ്നം കടംകൊണ്ട പൂവിലെ തേനുണ്ണാന്‍
പുലര്‍കാല മഞ്ഞായി ഞാനണയും
മഞ്ഞണിമുത്തിലെ സ്ഫടികക്കുടങ്ങളില്‍
സൂര്യനെ ഞാനും പകുത്തുവയ്ക്കും

ഓര്‍മകള്‍മൂടിയ ശവക്കുഴി മേലെഞാന്‍
ചെറിയൊരു മുല്ലയായ് പൂത്തുനില്‍ക്കേ
പാറിപ്പറന്നേറെ ശലഭങ്ങള്‍ സ്വപ്നമായ്
കണ്ണിണക്കോണിലൊളിച്ചിരിപ്പൂ

എങ്കിലും ഞാനെന്റെ അസ്ഥിമാടത്തിലെ
പൊന്നിന്‍ വിളക്കിലായെത്തുകില്ല
സന്ധ്യകള്‍ ചാലിച്ച നോവു വരമ്പില്‍ ഞാന്‍
കണ്ണുകള്‍പൂട്ടി കമഴ്ന്നിരിക്കും

ബാല്യം മറന്നൊരാ ഇടവഴിച്ചാലില്‍ ഞാന്‍
ചേമ്പില ചൂടി മഴനനയും
മോഹങ്ങളാകുമാ കടലാസുവഞ്ചി ഞാന്‍
ഒഴുകും മഴയിലൊളിച്ചുവയ്ക്കും.

എന്തിനായ് ഞാനിനി അലയണം ഉലകിലായ്
ഉടലില്ലാ പൈതലായ് അങ്ങുമിങ്ങും
പ്രണയംകടംകൊണ്ട പാരിലെ പൂക്കളില്‍
മധുകണംപോലൊന്നു തങ്ങിടാനോ?

No comments:

Post a Comment