കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു
വേരു മെടഞ്ഞിട്ട പടികളും താണ്ടി
ഞാനും മഴകൊണ്ടൊരാല്‍ത്തറകെട്ടി
നാലു ശിലചേര്‍ത്ത വേദമുരുക്കി
നാവു പിഴുതൊരു ലിംഗമുണ്ടാക്കി
നാവുപിഴയാതെ മന്ത്രമൊന്നോതാന്‍
നാനാര്‍ത്ഥമുള്ളൊരു പേരുമുണ്ടാക്കി
കേട്ടവര്‍ കണ്ടവര്‍ കാണിക്കവച്ചു
ഞാനെന്ന കര്‍മ്മിയോ നാഥനുമായി
ആത്മപ്രകാശം ലഭിക്കേണ്ട മാളോര്‍
തറ്റുടുത്തെപ്പൊഴും പിന്നാലെ കൂടി
കൂട്ടം മുഴുത്തപ്പോള്‍ പിണിയാളര്‍കാട്ടും
കോട്ടയ്ക്കകത്തു ഞാന്‍ വിഗ്രഹമായി
കൂട്ടംപിരിഞ്ഞവര്‍ കോട്ടംകൂടാതെ
നോട്ടംകൊടുക്കാന്‍ ദക്ഷിണ വാങ്ങി
കൂട്ടിലടച്ചൊരു ഭ്രാന്തന്‍ കണക്കെ
കുമ്പിട്ട കൈകള്‍ക്കു ഭസ്മംവിതറി
കൃഷണശിലയുമാ ആല്‍മരക്കൊമ്പും
സ്വര്‍ണ്ണംപൊതിഞ്ഞൊരു കൂടാരമായി
ആല്‍ത്തറചുറ്റിലായ് കൂടിക്കിടന്ന
കാനനമൊക്കെയും കൊട്ടാരമായി
രാജ്യംഭരിപ്പവര്‍ കാണാനായെത്തി
ആണ്ടുത്സവത്തിന്നു രാജാവുമായി
എന്‍റെ പടയ്ക്കൊരു മതവുമുണ്ടായി
നിറമുള്ള കൊടിയിലെന്‍ തലയുമുണ്ടായി
മദംവിട്ട മാളോരു തമ്മിലടിച്ചു
കൈകാലുകെട്ടിയ ദൈവം ചിരിച്ചു.
കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു