Monday 18 May 2015

വിശ്വാസി


കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു
വേരു മെടഞ്ഞിട്ട പടികളും താണ്ടി
ഞാനും മഴകൊണ്ടൊരാല്‍ത്തറകെട്ടി
നാലു ശിലചേര്‍ത്ത വേദമുരുക്കി
നാവു പിഴുതൊരു ലിംഗമുണ്ടാക്കി
നാവുപിഴയാതെ മന്ത്രമൊന്നോതാന്‍
നാനാര്‍ത്ഥമുള്ളൊരു പേരുമുണ്ടാക്കി
കേട്ടവര്‍ കണ്ടവര്‍ കാണിക്കവച്ചു
ഞാനെന്ന കര്‍മ്മിയോ നാഥനുമായി
ആത്മപ്രകാശം ലഭിക്കേണ്ട മാളോര്‍
തറ്റുടുത്തെപ്പൊഴും പിന്നാലെ കൂടി
കൂട്ടം മുഴുത്തപ്പോള്‍ പിണിയാളര്‍കാട്ടും
കോട്ടയ്ക്കകത്തു ഞാന്‍ വിഗ്രഹമായി
കൂട്ടംപിരിഞ്ഞവര്‍ കോട്ടംകൂടാതെ
നോട്ടംകൊടുക്കാന്‍ ദക്ഷിണ വാങ്ങി
കൂട്ടിലടച്ചൊരു ഭ്രാന്തന്‍ കണക്കെ
കുമ്പിട്ട കൈകള്‍ക്കു ഭസ്മംവിതറി
കൃഷണശിലയുമാ ആല്‍മരക്കൊമ്പും
സ്വര്‍ണ്ണംപൊതിഞ്ഞൊരു കൂടാരമായി
ആല്‍ത്തറചുറ്റിലായ് കൂടിക്കിടന്ന
കാനനമൊക്കെയും കൊട്ടാരമായി
രാജ്യംഭരിപ്പവര്‍ കാണാനായെത്തി
ആണ്ടുത്സവത്തിന്നു രാജാവുമായി
എന്‍റെ പടയ്ക്കൊരു മതവുമുണ്ടായി
നിറമുള്ള കൊടിയിലെന്‍ തലയുമുണ്ടായി
മദംവിട്ട മാളോരു തമ്മിലടിച്ചു
കൈകാലുകെട്ടിയ ദൈവം ചിരിച്ചു.
കണ്ണീരുപോലും കരിഞ്ഞൊരു മണ്ണില്‍
കണ്ണീരുമായി മഴയിങ്ങു വന്നു

No comments:

Post a Comment