Tuesday, 2 June 2015

പ്രണയം = പ്രകൃതി


മനസ്സിലെ മണിച്ചെപ്പില്‍
മലര്‍ത്തുണ്ടു പോലെയെന്‍റെ
മനക്കാമ്പില്‍
മയങ്ങുന്ന മലരിതളെ

മലരിലെ പലവര്‍ണ്ണ
മധുപനെപ്പോലെ നിന്‍റെ
മിഴിച്ചുണ്ടെന്‍
മനസ്സിനെ കവര്‍ന്നെടുത്തു

അരിമുല്ലചിരിയൂറും
അധരത്തിന്‍ കുസൃതിയില്‍
അണിയുന്നു
അമൃതമാം മധുരധാര

മഴത്തുണ്ടിനഴകുള്ള
മഴവില്ലില്‍ നീതൊടുത്ത
മിഴിയെന്നില്‍
മദനപ്പൂ മലര്‍ശരങ്ങള്‍

കുളിര്‍കൊള്ളുമുടലിലെ
കുഞ്ചിരോമക്കസവില്‍ നിന്‍
കുറുവിരല്‍
കുറിച്ചതെന്‍ മദനഗീതം

ജനനവും മരണവും
ജയിച്ചൊരാ പ്രണയത്തില്‍
ജ്വലിക്കുന്നു
ജനിയിതാ പ്രകൃതിയായി

No comments:

Post a Comment