Wednesday 10 June 2015

നിഴലിടം

അരികിലായരികിലായ് മെല്ലെയമര്‍ന്നെന്‍റെ
ഹൃദയത്തിലൊരുനോവു നീ പകരെ
ചടുലമാം താളത്തിലൊരുതുള്ളിവീണ്ടുമെന്‍
ശിരസ്സിന്നുയിരേറ്റു പാടിടുന്നു
കടലമ്മ ചൊല്ലുന്ന കഥകേട്ടു ഞാനെന്‍റെ
പഴിമൊത്തം വിധിയിലായ് ചേര്‍ത്തിടുന്നു
ഒരു കാവലായ് വീണ്ടുമീ ചെറുനായ വന്നെന്‍റെ
കാല്‍ക്കല്ലിടംപാര്‍ത്തു നിന്നിടുന്നു
ഒരു തണല്‍ കാത്തുഞാനീമരച്ചോട്ടിലായ്
ദാഹക്കൊടുംചൂട് കൊണ്ടിരിക്കേ
എല്ലിച്ചചില്ല പഴുപ്പിച്ച പാതയില്‍
വിണ്ടകംപുക്കുന്നതെന്‍റെ നിഴലിതാ
ചോക്കുന്ന സന്ധ്യയായിപ്പകല്‍ മാറിയീ
മരണക്കരിമ്പടം ചാര്‍ത്തിടുമ്പോള്‍
ധമനികള്‍ പൂക്കുന്നിതീവഴിത്താരയില്‍
പ്രാണനാം ചന്ദ്രികത്തോപ്പിന്നിടങ്ങളില്‍
ചന്ദനമണംപേറും ശയ്യില്‍ വീണ്ടുമീ
മരണമേ നീയൊന്നൊളിച്ചിരിക്കൂ
എഴുതട്ടെ ഞാനൊരു പുതുമൊഴി കൂടിയീ
പ്രണയത്തിന്‍ ജാലം പകര്‍ന്നുവയ്ക്കാന്‍

No comments:

Post a Comment