Wednesday, 10 June 2015

ദൈവം മനുഷ്യനോട്

ഹൃദയക്ഷേത്രത്തിലെ വിഗ്രഹമായി ഞാന്‍
നിന്നില്‍ കുടിയേറി നില്‍പതല്ലെ
പിന്നെന്തിനീ കൊട്ടാരമന്നെത്തളയ്ക്കുവാന്‍
എന്തിനീ മോഹമാം മന്ത്രങ്ങളും
അക്ഷരജാലത്തില്‍ നീ തീര്‍ത്തുവയ്ക്കുന്ന
മന്ത്രച്ചരടിലായ് ഞാനുറങ്ങേ
വീട്ടുതടങ്കലിലെന്നെത്തളച്ചു നീ
വാതില്‍ തഴുതിട്ടു പോയിടുന്നൂ
ആവാഹനത്തിന്‍റെ മന്ത്രങ്ങള്‍കൊണ്ടെന്നെ
വിഗ്രഹക്കൂട്ടിലുറക്കിടുമ്പോള്‍
ബന്ധിച്ചുനീയെന്‍റെ പാദങ്ങള്‍തന്നെയും
അഷ്ടബന്ധത്തിനുരുക്കിനാലെ
ഓട്ടുമണിയിലെ ശബ്ദങ്ങള്‍കൊണ്ടെന്നെ
കൊട്ടിയുണര്‍ത്തുവാന്‍ വന്നുനീയും
എന്നിട്ടും നിന്നിലെ പ്രാണനായ് നില്‍ക്കുന്ന
എന്നെ നീ തെല്ലും ഉണര്‍ത്തിയില്ല
ധാര കഴിഞ്ഞെന്‍റെ വിഗ്രഹക്കൂട്ടിലായ്
നീ ചേര്‍ത്തുവയ്ക്കും വരക്കുറികള്‍
എന്നുമനുഗ്രഹമാണെന്നു ചൊല്ലി നീ
പങ്കിട്ടു പങ്കിട്ടു നല്കിടുന്നു
കൊട്ടാരക്കെട്ടിലെ കുഞ്ഞുകുടുസ്സിലായ്
ആയിരം ദീപങ്ങള്‍ നീ തെളിക്കെ
ബന്ധനച്ചൂടിന്‍റെ മന്ത്രമായുരുകിഞാന്‍
പൂവിന്‍ പുതപ്പിലൊളിച്ചിടുന്നു.
ബന്ധനക്കൂട്ടിലെ കുഞ്ഞുകവാടത്തില്‍
നിന്നിലെ നന്മയൊളിച്ചിടുമ്പോള്‍
ഹൃദയമണികൊണ്ടു മെല്ലത്തുറക്കുക
നീ തന്നെ ഞാനെന്നറിഞ്ഞിടുക

No comments:

Post a Comment