Tuesday, 23 June 2015

അഴലുറങ്ങട്ടെ

അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ
കണ്ണടച്ചീടുമ്പോൾ കൂടെയെത്തും
കണ്ണനാം കർപ്പൂര പൊൻതിരിയേ
എന്തകന്നീടുന്നെൻ ജീവനിൽ നീ
ഒന്നു ലയിക്കാതെ പോയിടുന്നോ?
ഉള്ളിലഴലാകും പുത്രദുഃഖം
കണ്ണറിയാതാര്‍ത്തുപെയ്തിടുമ്പോള്‍
കവിളിലൊരാര്‍ദ്രമാം മധുമഴയായ്
എന്നില്‍ നിറയക്കുമോ നിന്‍റെ മുത്തം
കുഞ്ഞുടുപ്പിൻറെയീ പൊൻതിളക്കം
കണ്ണുനനയ്ക്കുന്നെൻ കൺമണിയേ
കൊഞ്ചിവാ നീയെൻറെ മാറിടത്തിൽ
ഒന്നുചുരത്താം ഞാൻ പൊന്മകനേ
ചോരിവാ ചിന്തും മണിച്ചിരിയിൽ
വെള്ളിക്കൊലുസിൻ മണിയഴകിൽ
കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിൽക്കും
ചന്തംതികഞ്ഞയെൻ തൂമഴയെ
പാഴ്ശ്രുതി മീട്ടുന്നെന്‍ പാഴ്മനസ്സില്‍
ഒരുകുഞ്ഞിന്‍ വായ്മൊഴി നീതരുമോ
താരാട്ടാം നിന്നെയീ പൂമടിയില്‍
കണ്ണേയുറങ്ങുറങ്ങെന്നുപാടാം
പിച്ചനടക്കുമ്പോളെന്‍വിരലില്‍
തുമ്പാലൊരു കാവല്‍ ചേര്‍ത്തുവയ്ക്കാം
കണ്ണാ വരികയെന്‍ നെഞ്ചിനുള്ളില്‍
തങ്ങുമാ സ്നേഹം പകര്‍ന്നെടുക്കാന്‍
ചന്ദ്ര നിലാമഴ പെയ്തപോലെ
നിൻമുഖശ്രീകണ്ടു ഞാൻ കൊതിക്കേ
എൻവയർ കാണാതെ നീയകലും
എന്നഴൽ കാണാത്ത കണ്ണനായി
അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ

No comments:

Post a Comment