Tuesday 23 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

No comments:

Post a Comment