Tuesday, 23 June 2015

ബാല്യത്തിലേക്കിനി

മഷിയിട്ട വാൽക്കണ്ണിനഴകുമായിനിയെൻറെ
ബാല്യം തിരികെ വരുന്നുവെങ്കിൽ
കതിരിട്ടപാടവരമ്പിലീ തുമ്പിയെ
തേടുന്ന നിന്നെ ഞാൻ കണ്ണുപൊത്തും
ആറ്റിൽ പരൽമീൻ വഴുതുന്നമാതിരി
കുതറുന്ന ചന്തത്തെ ചേർത്തണയ്ക്കും
പമ്പരം കൊണ്ടൊന്നു വട്ടം കറങ്ങി നിൻ
ചുണ്ടിൻ ചിരിയൊന്നു കട്ടെടുക്കും
ചെമ്പകച്ചില്ല കുലുക്കിയാപ്പൂമഴ
ചിന്നിച്ചു ഞാൻ നിൻറെ തോഴനാകും
പാഴോലകൊണ്ടു മെടഞ്ഞൊരാ മാടത്തില്‍
ചാറ്റല്‍ നനയാതെ കൊണ്ടുപോകും
നാക്കിലത്തുമ്പിലാ മണ്ണിന്‍ പലഹാരം
പ്ലാവിലകോട്ടി വിളമ്പി നല്‍കും
മിന്നുന്ന പാവാടത്തുമ്പിലെ വര്‍ണ്ണങ്ങള്‍
മിന്നിച്ചുനിന്നെ ഞാന്‍ ഊയലാട്ടും
കണ്ണാരംപൊത്തിയാ ഈര്‍ക്കിലിപമ്പരം
ആരാരും കാണാതെ കൊണ്ടുവയ്ക്കും
മുത്തശ്ശിചൊന്ന കഥകയിലെ വിസ്മയ
ചെപ്പിലെ ഭൂതമായ് ഞാന്‍ ചിരിക്കും
കുപ്പിവളകള്‍ കിലുക്കി നീയെന്നോട്
ചുമ്മാ പിണങ്ങി കിണുങ്ങിടുമ്പോള്‍
മുറ്റത്തെ തൈമുല്ല മൊട്ടിനാല്‍ ഞാനൊരു
സ്നേഹത്തിന്‍ പൂത്തിരി ചേര്‍ത്തുവയ്ക്കും

No comments:

Post a Comment