Thursday, 4 June 2015

ഉണരൂ....

ഇരുളിന്‍ ചുരിക ചുഴറ്റിയെറിയുന്ന
പഥിതരേ ഞങ്ങളീ കാട്ടുപൂക്കള്‍
നിന്‍റെ വെറിപൂണ്ട വാളിനാലുരുളും
കബന്ധങ്ങളിനിയെന്തു പാടേണ്ടു നിന്‍റെയൊപ്പം
വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ തീര്‍ത്ത
കൊടികളിലെണ്ണിമരിച്ചവരെത്രപേരോ
അമ്മ മുലപ്പാല്‍ വലിച്ചുകുടിക്കുന്ന
കുഞ്ഞിനെച്ചീന്തുന്ന ദ്രംഷ്ടമേതോ
അമ്മതന്‍ മാറു കവര്‍ന്നെടുത്തിട്ടതില്‍
കാമം നുരപ്പിച്ച ജന്മമേതോ
ഞാനെന്നഹങ്കാരദ്യുതിയിലീപെണ്ണിന്‍റെ
ചേലയറുക്കുന്ന കൈകളേതോ
മതമെന്ന ഭ്രാന്തിന്‍റെ കച്ചയുടുത്തു നീ
മാറുപിളര്‍ക്കുന്നതാര്‍ക്കുവേണ്ടി
ഇനിവേണ്ടചിന്തകള്‍ മസ്തിഷ്കജ്വാലയില്‍
ഇരുളിന്‍റെ കണ്ണട മാറ്റിവയ്ക്കൂ
തെരുവിലനാഥരായ് തെണ്ടുന്ന കുഞ്ഞിനെ
മാറോട് ചേര്‍ത്തു നീ പുല്‍കിനിര്‍ത്തൂ
പശിയുള്ള ദൈവങ്ങള്‍ തെരുവിലായെത്തുമ്പോള്‍
മനസ്സിനെ മാലാഖയായ് ചമയ്ക്കൂ
കൊടികള്‍തന്‍വര്‍ണ്ണത്തിലമരാതെ നീ നിന്‍റെ
കഴിവിന്‍ മഹാമേരു വാര്‍ത്തെടുക്കൂ
പടചേര്‍ന്നു പ്രകൃതിതന്‍ നറുനിലാപൊയ്കയില്‍
ഉണരു നീ കാലത്തിന്‍ കൈവിളക്കായ്

No comments:

Post a Comment