Saturday, 16 May 2015

ഉള്‍മയക്കങ്ങള്‍

തേന്‍വരിക്ക തൂമണമായ് കാറ്റുവന്നപ്പോള്‍
നിന്‍റെ ചുണ്ടിന്‍ തേന്‍മധുരം കനവിലൂറുന്നു
പ്രണയനൂലാല്‍ നീ കൊരുത്തീ മഞ്ഞുനീര്‍ത്തുള്ളി
മധുപകര്‍ന്നെന്‍ ഹൃദയചാലില്‍ സ്നേഹ നീര്‍ത്തുള്ളി
ഒഴുകിവന്ന പുഴയിലെന്‍റെ കുഞ്ഞു ചങ്ങാടം
തുഴമറന്നീയൊഴുക്കിനൊപ്പം എങ്ങുചേരുന്നു
നാവുറങ്ങും മൗനരാഗം മീട്ടും സംഗീതം
നീ നടന്ന വഴികള്‍താണ്ടിയെങ്ങു പോകുന്നു
നിന്‍റെ ചേല ചുംബനത്താല്‍ ഈ മലര്‍ച്ചെണ്ടും
കണ്ണുകൂമ്പി ഉള്ളകത്തിന്‍ കുളിരു ചൂടുന്നു
നീയറിയാ നിന്‍റെയുള്ളം ചേര്‍ത്തെടുക്കുമ്പോള്‍
കനവിലേറി നീ ശയിക്കും എന്‍റെ തല്പത്തില്‍
കണ്ണുപൂട്ടും ചുംബനത്തിന്‍ ഇന്ദ്രജാലത്താല്‍
കൊണ്ടുപോകാം നിന്നെ ഞാനാ പൂമടിത്തട്ടില്‍
ചായുറങ്ങൂ എന്‍റെ പെണ്ണേ ഹൃദയമേലാപ്പില്‍
തുടിതുടിക്കും ഹൃദയതാളം ചേര്‍ത്തുവച്ചോട്ടെ
നിന്‍റെ ചുണ്ടിന്‍ കൊഞ്ചല്‍ തീര്‍ക്കും തൂമധുവുണ്ണാന്‍
ഒന്നു പാടൂ ഈ വരികള്‍ എന്‍റെ മൗനത്തില്‍
ഇതള്‍വിടര്‍ന്നു തേന്‍ചുരത്തും ഈ മലര്‍ത്തുണ്ടില്‍
തേന്‍നുകര്‍ന്ന് ശലഭമായി ഞാന്‍ പറന്നോട്ടെ
നീ മയങ്ങൂ പ്രണയനൂലാ തേന്‍ കിനിക്കുമ്പോള്‍
എന്‍റെ ചൂരാല്‍ കുളിരുകോരും ചെമ്പകത്തുണ്ടേ
നീ തൊടുക്കൂ ഹൃദയബാണ ചെമ്പുതാളങ്ങള്‍
നിന്‍റെ ശ്വാസ തുടിയില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ.

No comments:

Post a Comment