Saturday 16 May 2015

ഉടല്‍

സ്വപ്നങ്ങള്‍പെയ്ത പെരുമഴച്ചാലുകള്‍
പൊട്ടിയൊലിച്ചെന്‍റെ കണ്ണിണക്കോണിലായ്
നരകൊണ്ടുതുന്നി പിടിപ്പിച്ച താടിയില്‍
ചിന്നിച്ചിതറുമെന്‍ സങ്കടമുത്തുകള്‍
എത്രതിരികളാല്‍ കത്തിച്ചതാണെന്‍റെ
മോഹത്തിന്‍ കല്‍വിളക്കീയിടനാഴിയില്‍
എത്രകത്തിച്ചിട്ടും കത്തിനില്‍ക്കുന്നില്ല
കെട്ടുപോകുന്നെന്‍റെ പ്രാണന്‍റെ ചിന്തുകള്‍
കുന്നിക്കുരുകൊണ്ടു പല്ലാങ്കുഴികളില്‍
എണ്ണംതികച്ചെന്‍റെ ബാല്യം ചിരിക്കവെ
മൂളുന്നൊരീണമായെന്‍കാതിലെത്തുമാ
കൊഞ്ചുംകൊലുസ്സെന്‍റെ പ്രാണനായ്ത്തീരുമോ
ഉള്‍ക്കണ്ണുതേടുമാ ബാല്യ നിനവുകള്‍
രാവില്‍ മരങ്ങള്‍ വരയ്ക്കും നിഴലുകള്‍
അഴലിന്നഗാധത തേടുന്ന സന്ധ്യയായ്
പൊട്ടുകുത്തുന്നെന്‍റെ രക്ത ഞരമ്പുകള്‍
ജീവിതപുസ്തക താളുപറിച്ചൊരു
കളിവഞ്ചി തീര്‍ക്കട്ടെ ഈ മഴച്ചാറ്റലില്‍
പാറ്റകള്‍ പാറും മഴച്ചില്ലുകോട്ടയില്‍
തെന്നിയകലട്ടെ ഈചെറുവഞ്ചിയും
മഷിപടരും കടലാസുതോണിയില്‍
ഞാനെന്‍റെ പ്രാണനൊളിച്ചുവച്ചീടവെ
കുഞ്ഞുതിരകളില്‍ പ്രളയമായ് വന്നെന്‍റെ
വഞ്ചി കവരുന്നു കാലത്തിന്‍ കൈവിരല്‍
അസ്തികള്‍ തീര്‍ത്തൊരീ ക്ഷേത്രത്തിനുള്ളിലെ
ഞാനെന്ന സത്യം തിരിച്ചറിഞ്ഞീടുമ്പോള്‍
ഇല്ലില്ല കോട്ടകള്‍ ഒന്നൊളിച്ചീടുവാന്‍
ബാല്യമൊളിപ്പിച്ച താഴ്വരയൊന്നിലും.

No comments:

Post a Comment