Monday, 10 June 2013

ഒരു നൊമ്പരം

കഷ്ടിവെളിച്ചത്തിന്‍
മുന്നിലിരുന്നൊരു
കൊച്ചുകവിത മനസ്സില്‍വയ്ക്കേ

ഓര്‍മ്മതന്‍ മാറാപ്പില്‍
വന്നുവിടര്‍ന്നവള്‍
രാഗമില്ലാത്തൊരു ഗാനംപോലെ

ആകെ വിരലില്‍
കടിച്ചുതൂങ്ങുന്നൊരാ
താളത്തിന്‍കട്ടകള്‍ ചേര്‍ത്തുതല്ലി

മാറാപ്പിലായൊരാ
കുഞ്ഞിനെമെല്ലവള്‍
അമ്മിഞ്ഞനല്കി ഉറക്കിവച്ചു

ആരുംമനസ്സില്‍
നിറച്ചുവയ്ക്കാത്തൊരു
താളത്തിന്‍ശബ്ദമെടുത്തുയര്‍ത്തേ

ഞെട്ടിയുണര്‍ന്നവര്‍
പുച്ഛരസത്തിന്‍റെ
കോട്ടുവാമെല്ലെയുയര്‍ത്തിവിട്ടു

യാത്രയൊരുക്ഷീണമായ്
സമയരഥത്തിലെ
ചക്രങ്ങള്‍ ദൂരെ പകച്ചുനിന്നു

ചില്ലികള്‍ കൊട്ടും
കരങ്ങളില്‍ മെല്ലവള്‍
നയനത്തിന്‍‍നന്ദി പറഞ്ഞുവച്ച്

ഓടിക്കിതയ്ക്കുമാ
റെയിലിലെ ചിന്തതന്‍
ഇട‍വഴി താണ്ടിയവള്‍മറഞ്ഞു

No comments:

Post a Comment