Thursday, 20 June 2013

ഈ മരച്ചുവട്ടില്‍

ഞാനിന്നുകണ്ട മരത്തിന്‍ ചുവട്ടി-
ലൊരായിരം കുഞ്ഞുങ്ങള്‍വന്നിരുന്നു
മണ്ണപ്പം ചുട്ടുകളിച്ചിരുന്നു അവര്‍
അച്ഛന്‍റെ ഭാവം പകര്‍ന്നിരുന്നു
ചുള്ളിയില്‍ തീര്‍ത്തൊരാ മാടത്തി
നുള്ളിലൊരമ്മയെതന്നെഞാന്‍ കണ്ടിരുന്നു
സാറ്റിന്‍റെ എണ്ണലില്‍ കണ്ണുമറച്ചതും
ചക്കകളിയ്ക്കാനായ് മുള്ളുവരച്ചതും
തുപ്പല്‍ തെറിപ്പിച്ച് വണ്ടിയോടിച്ചതും
കൈവട്ടംചുറ്റിക്കറങ്ങിക്കളിച്ചതും
വെള്ളാരംകല്ലിനാല്‍ പാറകളിച്ചതും
വളപ്പൊട്ടുകൊണ്ടൊരുജാലങ്ങള്‍തീര്‍ത്തതും
പഴങ്കഥയ്ക്കുള്ളിലെയര്‍ത്ഥങ്ങള്‍കണ്ടതും
മുത്തശ്ശിചൊല്ലും കടങ്കഥകേട്ടതും
ഉന്തികളിച്ചുമറിഞ്ഞുവീഴുന്നതും
എല്ലാം മനസ്സിന്‍റെ തീരങ്ങളില്‍ തന്നെ
പിന്നോക്കമോടി ചിരിച്ചു രസിക്കുന്നു
ഇന്നുമീ കാറ്റിലായ്മാമ്പഴം വീണപ്പൊ
കുഞ്ഞുങ്ങള്‍ ഏറെയായ് വന്നിടുന്നു
വന്നവര്‍ മാവിന്‍റെയോരത്തിരുന്നില്ല
അണ്ണാറക്കണ്ണനെ തോണ്ടിവിളിച്ചില്ല
കഥകള്‍പറഞ്ഞില്ല, തുള്ളിക്കളിച്ചില്ല
പഴങ്കഥപാട്ടിന്‍റെ ഭാണ്ഡമഴിച്ചില്ല
എങ്കിലുമീമരംപൊഴിക്കുന്നവര്‍ക്കൊരു
കല്‍ക്കണ്ട തുണ്ടിന്‍ മധുരമാം മാമ്പഴം

No comments:

Post a Comment