Wednesday, 12 June 2013

തലമലര്‍ത്തി ചക്രശ്വാസമെടുക്കട്ടെ ഞാന്‍

കാല്‍ച്ചുവടിളക്കാതെ
തുടിപ്പറ്റ ശിഖരമായ്
വെള്ളക്കെട്ടിന്നുള്ളിലായെന്‍
ശ്വാസമടക്കി തൊലിയകന്ന്,
അസ്ഥികറുത്തിനിയെത്രനാള്‍

പച്ചകുപ്പായ
പുതപ്പിനടിയിലീ
മഴമേഘമുത്തൊലിപ്പിച്ച
ചെറുഞാത്താം
കിങ്ങിണിയരുവിയില്‍
കടംകൊണ്ടതീരമേറി
വിരിഞ്ഞമുകുളമായ്
ഞാന്‍ ജനിച്ചീടവേ

ചുറ്റിലും വസന്തം
മഞ്ഞുപെയ്യുമീശുഭ
സായാഹ്നവീചികളെ-
നിക്കൊരുന്മാദമായ്
പരന്നുവിലസവേ

ചിറകൊതുക്കി തന്നിളം
കൂട്ടിലെന്നിളംചെറു
ചില്ലയില്‍വന്നെത്തുമാ
കുരുവികുഞ്ഞുങ്ങളും

ഈ താഴ്വാരത്തിലൊരു
അരഞ്ഞാണുപോലൊഴുകി
തഴുകിയുണര്‍ത്തിയ
കളകളമൃദുമോഹവും

ഓര്‍മകളൊരു കാട്ടുപൂവായ്
മനസ്സിന്‍ ശവകുടീരങ്ങളില്‍
നിസ്വനമകന്ന് കണ്ണിമ
ചലനമറ്റുറങ്ങിക്കിടക്കുന്നു.

ഒരു കുളിരിന്‍
തലോടലായെന്നെയലിയിച്ച
പുതുമഴ, ഇന്നെന്‍
മോഹഭംഗങ്ങളില്‍
ശ്വാസഗതിയകറ്റി
തന്നുള്‍ചുഴിയില്‍
സൂര്യപ്രഭയറിയാതെ
വീര്‍പ്പുമുട്ടിക്കുന്നുവോ?

ഒരു വരള്‍ച്ച
സ്വപ്നമായെത്തുന്ന
നാളുകാത്തീഡാമിനടിത്തട്ടില്‍
അസ്ഥികോലമായ്
തലമലര്‍ത്തി
ചക്രശ്വാസമെടുക്കട്ടെ ഞാന്‍

തലമലര്‍ത്തി
ചക്രശ്വാസമെടുക്കട്ടെ ഞാന്‍...

No comments:

Post a Comment