Monday 24 June 2013

ഉപേക്ഷിക്കപ്പെട്ടവന്‍

മരണത്തിലകലത്തില്‍ചില്ലുചിത്രങ്ങളായ്
അച്ഛനുമമ്മയുമോടിപ്പോകെ
തോളത്തുതട്ടിയ ആശ്വാസവാക്കുകള്‍
ദൂരത്തു ബന്ധുക്കളായി നിന്നു
പിന്നെ ദിവസങ്ങളെന്നെയുപേക്ഷിച്ചു
കാലക്കണക്കിലൊളിച്ചു നില്‍ക്കേ
തോഴിയായ് വന്നവള്‍ മക്കളെതന്നിട്ട്
തെക്കേതലയ്ക്കലായ് വിശ്രമിച്ചു
എന്‍റെ തണലിലെ വായ്മൊഴിപ്പാട്ടുകള്‍
കേട്ടുമടുത്തെന്‍റെ മക്കള്‍പോയി
മക്കളുപേക്ഷിച്ചുപോയരാനാളുകള്‍
കണ്ണുനീര്‍പാടങ്ങള്‍ ഉപ്പളങ്ങള്‍
വെണ്ണീറുചിന്തിയ തീക്കനല്‍കട്ടകള്‍
ഉള്ളിന്‍റെയുള്ളില്‍ഞാന്‍കാത്തുവച്ചു
മുറ്റത്തുപാടെയുപേക്ഷിച്ചയുരലുകള്‍
എത്രയോ പാടങ്ങള്‍ കുത്തിത്തീര്‍ത്തു
കണ്ണീര്‍മഴകളായുരലിന്‍റെ പള്ളയില്‍
ഗര്‍ഭവിരഹങ്ങള്‍ തീര്‍ത്തുവയ്ക്കേ
കൂത്താടികുഞ്ഞുങ്ങള്‍നേര്‍ത്തയുടലിലെ
നൃത്തവിരുന്നുകള്‍ കാഴ്ചവച്ചു
കൈയില്‍തലയില്‍ ചുമടുകള്‍താങ്ങിയാ
കല്ലുകള്‍ ഓരത്തു വിശ്രമിക്കേ
എത്രയോയാത്രയ്ക്കുകാവലായ്നിന്നവര്‍
വിയര്‍പ്പിന്‍കണങ്ങളറിഞ്ഞിരുന്നു
അരാലുപേക്ഷിച്ചതാണെന്ന തോന്നലെന്‍
മൗനത്തിലാകെ പരിഭ്രമിച്ചു

No comments:

Post a Comment