Tuesday, 11 June 2013

കണ്ണുനീര്‍പാട്

ചിതയിലൊടുവിലൊരു
തീനാളമങ്ങനെ
ആര്‍ത്തിയോടിരച്ചു
പറന്നടുക്കുന്നേരം

മനസ്സിലൊരു
അലസഭാവമായി കാവലിന്‍
പടപ്പട്ടാളമായിഞാന്‍
നിവര്‍ന്നു‍നിന്നീടവേ

നിശബ്ദതയിലൊരുഭംഗമായ്
മനസ്സിലൊരുപിന്‍വിളി
ചിതാഗ്നിതന്നുപോയീടുന്നു.

അമ്മതന്നമ്മിഞ്ഞ
അകലത്തിലല്ലതിന്‍സാന്ത്വന-
മവള്‍തീര്‍ത്തസ്നേഹമതിലുകള്‍

അസ്ഥിത്വമറ്റകുടിലിന്‍
നടുവിലായ് അമ്മപണിയിച്ച
സ്വപ്നസുഖബന്ധനം.

എന്നിളംകൈ‍തട്ടി
അകലത്തിലൊരു നോവായ്
അച്ഛന്‍കടന്നുപൊയ്പോയനാളിലും

കൈകൊട്ടിയും
ചുണ്ടുപിളര്‍ത്തിയും
ഞാന്‍തീര്‍ത്തയുറവകള്‍
നേടിയതവള്‍ക്കുള്ള
മനോബലത്തിന്‍ ശക്തിമന്ത്രങ്ങളായ്

ഞാനുമെത്തുന്നുയിന്നീ
ജീവതവഴിത്താരയില്‍
കാലം കടിഞ്ഞാണിന്‍വേഗതകൂട്ടവേ

മറന്നുതുടങ്ങുന്നു
പിന്‍വഴിപ്പാതകള്‍
കാലുതെറ്റാതെന്നെ
നടത്തിച്ചനോവുകള്‍

പത്രംനിവര്‍ത്തി-
യിരുന്നുതിരക്കിലായ്
വേഗത്തിലായൊന്നോടിച്ചുനോക്കവേ

മങ്ങിയൊരോര്‍മ്മപോല്‍
ചരമക്കളത്തിലെന്‍
കൈതട്ടിമാറ്റാതച്ഛനിരിക്കവേ

ഓര്‍ത്തുഞാന്‍
വീണ്ടുമാവര്‍ഷകാലത്തിനെ
അമ്മമുഖത്തിലെ
കണ്ണുനീര്‍പാടിനെ.....

No comments:

Post a Comment