Tuesday 27 October 2015

ഒരു മരമാകണം

ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ 
കാത്തു വയ്ക്കേണം
കാല്പാദമൂന്നിയീ
ഭൂമിതന്‍ നാഭിയില്‍
വേരാഴ്ത്തണം
പിന്നെ തരുവാകണം
അമ്മ ചുരത്തും
മുലപ്പാലുകൊണ്ടന്‍റെ
ഇലകളെ ഹരിതമാം
സംഗീതമാക്കണം
കാറ്റേ നീ വന്നെന്‍റെ-
യുടലിനെ ചുറ്റുമ്പോള്‍
നീ തന്നതാണെന്‍റെ
പ്രാണനെന്നോര്‍ത്തു ഞാന്‍
എങ്കിലും നീയെന്നെ
മാടി വിളിക്കുമ്പോള്‍
ആവില്ല നിന്‍റൊപ്പം
കൂടി നടക്കുവാന്‍
വേരാഴ്ത്തി ഞാനെന്‍റെ
യുടലുകാക്കട്ടെ
തളരുന്ന പഥികര്‍ക്കു
തണലു പാകട്ടെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം
പറവകള്‍ നിങ്ങളെന്‍
ചില്ലയില്‍ കൂടുവച്ചൊ-
രുമയോടൊരുപാട്ടു
പാടുക കൂട്ടരെ
ഇലകളില്‍ ഞാനുമൊരു
ശ്രുതിചേര്‍ത്തു നിങ്ങളില്‍
ഒരുമതന്‍ പ്രിയമുള്ള
സ്നേഹമാകാം
മഴയല്ല കാര്‍മേഘ-
മെന്നില്‍ ചുരത്തുന്ന
കണ്ണുനീര്‍ തുള്ളിയീ
കൈവഴികള്‍
നദിയാണു കാലമെന്നൊ-
രുവരികുറിച്ചു നീ
സംസ്കാരമാകും
ചരിത്രമാകെ
പലതുണ്ടു കാഴ്ചകള്‍
പിന്മുറ കുറിക്കുന്ന
നിഘണ്ടുവില്‍ ഞാനുമീ
പഴയ വാക്ക്
നീയോ തലമുറ
എയ്യുന്നയമ്പിലെ
ക്രൗഞ്ചമിഥുനങ്ങളായിടുന്നു.
എങ്കിലും ഞാനുണ്ട്
നിന്‍ശിരോലിഖിതങ്ങള്‍
എഴുതിയ ഇലയുമായ്
ഈ വഴിയില്‍
അഴുകാത്ത നാരിലെന്‍
ഹൃദയധമനികള്‍
സൂക്ഷിച്ചു വയ്ക്കുന്ന
വിത്തുപോലെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം.

No comments:

Post a Comment